Connect with us

Kerala

പ്രേംനസീര്‍ സൗഹൃദ് സമിതി മാധ്യമ പുരസ്‌കാരം കെ ടി അബ്‌ദുല്‍ അനീസിന്

Published

|

Last Updated

തിരുവനന്തപുരം | പ്രേംനസീര്‍ സൗഹൃദ് സമിതിയുടെ മൂന്നാമത് ദൃശ്യ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പ്രേംനസീര്‍ പുരസ്‌കാരത്തിന് സിറാജ് സബ് എഡിറ്ററും കാര്‍ട്ടൂണിസ്റ്റുമായ കെ ടി അബ്ദുല്‍ അനീസ് അര്‍ഹനായി. വിവിധ ദൃശ്യ-മാധ്യമ മേഖലകളില്‍ കഴിവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകരെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് മനോരമ ന്യൂസിലെ ന്യൂസ് ഡയറക്ടര്‍ ജോണ ിലൂക്കോസ് അര്‍ഹനായി. ന്യൂസ് 18 മലയാളമാണ് മികച്ച വാര്‍ത്താ ചാനല്‍.

വിവിധ വിഭാഗങ്ങളിലായി 39 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. 2021 ജനുവരി 15,16 തിയതികളില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 16ന് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ബാലചന്ദ്ര മേനോനും സംഗീത സംവിധായകന്‍ വിദ്യാധരനും സമ്മാനിക്കും.

പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട ജൂറി ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര തിരക്കഥാകൃത്തുമായ പ്രവീണ്‍ ഇറവണ്‍കര, കലാമണ്ഡലം വിമലാ മേനോന്‍, മതമൈത്രി സംഗീതജ്ഞനും പത്രപ്രവര്‍ത്തകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബു ജൂറി അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. രാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ളവരെ ആനുകാലിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വളരെ മികവാര്‍ന്ന രീതിയില്‍ കാര്‍ട്ടൂണ്‍ രചിച്ച് വായനക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അബ്ദുല്‍ അനീസിന്റെ മികവ് കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ജൂറി വ്യക്തമാക്കി.

2016-17 ലെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, രാംദാസ് വൈദ്യര്‍ പുരസ്‌കാരം, 2017-18 ലെ ലളിതകലാ അക്കാദമി ഗ്രാന്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ അബ്ദുല്‍ അനീസ് കോഴിക്കോട് പെരുമണ്ണ പാറമ്മല്‍ പള്ളിക്കണ്ടി വീട്ടില്‍ കെ ടി മമ്മുവിന്റെയും സി കെ കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ ഇ മുബീന. ശദ, റിദ്‌വ മക്കളണ്.

ജൂറി ചെയര്‍മാന്‍ മുരുകന്‍ കാട്ടാക്കട, അംഗങ്ങളായ കലാമണ്ഡലം വിമലാ മേനോന്‍, വാഴമുട്ടം ചന്ദ്രബാബു, ബാദുഷ പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest