Connect with us

Ongoing News

പഞ്ചാബിനെ പൂട്ടി രാജസ്ഥാന്‍; വിജയം ഏഴു വിക്കറ്റിന്

Published

|

Last Updated

അബൂദബി | ഐ പി എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഇന്നു നടന്ന അങ്കത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണിത്. ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പഞ്ചാബ് മുന്നോട്ടുവച്ച 185 റണ്‍സ് 15 പന്തുകള്‍ ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു. തോറ്റാല്‍ പുറത്ത് എന്നിടത്തു നിന്നാണ് റോയല്‍സ് അതിജീവനം നേടിയത്. രാജസ്ഥാനു വേണ്ടി ബെന്‍ സ്‌റ്റോക്‌സ് അര്‍ധ ശതകം നേടി. 26 പന്തിലാണ് സ്റ്റോക്‌സ് 50ല്‍ എത്തിയത്. മലയാളി താരം സഞ്ജു സാംസണ്‍ 25 പന്ത് നേരിട്ട് 48 റണ്‍സ് അടിച്ചെടുത്തു. സ്റ്റീവ് സ്മിത്ത് (20ല്‍ 31), റോബിന്‍ ഉത്തപ്പ (30), ജോസ് ബട്‌ലര്‍ (22) എന്നിവരും തെറ്റില്ലാത്ത പ്രകടനം കാഴ്ചവച്ചു.

ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ ഉത്തപ്പയും സ്റ്റോക്‌സും ചേര്‍ത്ത 60 റണ്‍സ് ആണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. പിന്നീട് സഞ്ജുവുമായി ചേര്‍ന്ന് ഉത്തപ്പ 51 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.
നാലാം വിക്കറ്റില്‍ സ്മിത്തും ബട്ലറും 41 റണ്‍സ് നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. ഇരുവരും പുറത്താകാതെ നിന്നു.

പഞ്ചാബിനു വേണ്ടി ക്രിസ് ഗെയില്‍ മിന്നുന്ന ബാറ്റിംഗാണ് നടത്തിയത്. ഒരു റണ്‍ മാത്രം അകലെയാണ് ഗെയിലിന് സെഞ്ച്വറി നഷ്ടമായത്. 63 പന്തില്‍ നിന്നാണ് ഗെയില്‍ 99 റണ്‍സ് സ്വന്തമാക്കിയത്. എട്ട് സിക്‌സും ആറ് ഫോറും ഈ മനോഹര ഇന്നിംഗ്‌സില്‍ പിറന്നു. ഇതോടെ ഐ പി എല്ലില്‍ ആയിരം സിക്‌സുകള്‍ അടിച്ചുകൂട്ടുന്ന ആദ്യ താരമെന്ന ബഹുമതിയും ഗെയില്‍ നേടി. നായകന്‍ കെ എല്‍ രാഹുല്‍ 46 ഉം നിക്കോളസ് പൂരാന്‍ 22 ഉം റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്‌സും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
.