Connect with us

Covid19

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സമിതി രൂപവത്കരിക്കാന്‍ കേന്ദ്ര നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക സമിതികള്‍ രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മറ്റു ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാത്ത വിധത്തില്‍ വാക്‌സിന്‍ വിതരണം സാധ്യമാക്കാനും ഏകോപിപ്പിക്കാനുമാണ് സമിതികള്‍ രൂപവത്കരിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി (എസ്.എസ്.സി), അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന കര്‍മസമിതി (എസ്.ടി.എഫ്), ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ കര്‍മസമിതി (ഡി.ടി.എഫ്.) എന്നിങ്ങനെയാണ് സമിതികള്‍ രൂപീകരിക്കുക. വാക്‌സിന്‍ വിതരണ പ്രക്രിയ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് ഘട്ടംഘട്ടമായി ആയിരിക്കും വാക്സിന്‍ നല്‍കുക.

വാക്‌സിന്‍ വിതരണ ശൃംഖലകള്‍ തയ്യാറാക്കുക, പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുക, ഓരോ സ്ഥലങ്ങളിലെയും ഭൂമിശാസ്ത്രപരവും യാത്രാബുദ്ധിമുട്ടുകളും അടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് പരിഹാരം കാണുക തുടങ്ങിയവയാണ് സമിതികളുടെ ഉത്തരവാദിത്തങ്ങള്‍.

---- facebook comment plugin here -----

Latest