Connect with us

Covid19

ഇരവിപേരൂരിലെ പുനരധിവാസ കേന്ദ്രത്തിൽ 176 പേര്‍ക്ക് കൊവിഡ്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഇരവിപേരൂര്‍ പഞ്ചായത്തിലുള്ള ഗില്‍ഗാല്‍ പുനരധിവാസകേന്ദ്രത്തില്‍ കൊവിഡ് 19 പടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ അന്തേവാസികളും ജീവനക്കാരും ഉള്‍പ്പെടെ 176 പേര്‍ക്കാണ് കൊവിഡ് 19 സ്ഥീരീകരിച്ചത്. ഈ സ്ഥാപനം താത്കാലിക സി എഫ് എൽ ടി സി ആക്കി മാറ്റി.

അതിനിടെ ജില്ലയിൽ കൊവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം പതിനാലായിരം കടന്നു. ഇന്ന് പുറത്തു വന്ന കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഇതുവരെ 14,148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 10,942 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 79 പേര്‍ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

പത്തനംതിട്ടയില്‍ ഇന്ന് 303 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 252 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്. ജില്ലയില്‍ ഇന്ന് 180 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 11,380 ആണ്.

നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 2684 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2556 പേര്‍ ജില്ലയിലും 128 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 20,997 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ സര്‍ക്കാര്‍ ലാബുകളില്‍ 67 സാമ്പിളുകളും സ്വകാര്യ ലാബുകളില്‍ 486 സാമ്പിളുകളും  ശേഖരിച്ചിട്ടുണ്ട്. 311 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.05 ശതമാനവും മരണനിരക്ക് 0.56 ശതമാനവുമാണ്.