Connect with us

Editorial

‘കാപ്പ’ പോലീസിനെ ഏല്‍പ്പിക്കുമ്പോള്‍

Published

|

Last Updated

കുറ്റവാളികള്‍ക്കെതിരെ കാപ്പ (സാമൂഹിക വിരുദ്ധ നിയമം) ചുമത്തുന്നതിനുള്ള അധികാരം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുന്നു ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ സമിതി. നിലവില്‍ പോലീസിന്റെ ശിപാര്‍ശയിന്മേല്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍മാര്‍ക്കാണ് കാപ്പ ചുമത്താനുള്ള അധികാരം. കലക്ടര്‍മാരുടെ ജോലിഭാരം കൂടിയ സാഹചര്യത്തില്‍ ഇപ്പോള്‍ കാപ്പ ചുമത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. ഇത് കണക്കിലെടുത്ത് ഡി ഐ ജി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ അധികാരം നല്‍കണമെന്നാണ് സമിതിയുടെ നിര്‍ദേശം. പോലീസ് ചട്ടങ്ങള്‍ അടിയന്തരമായി പരിഷ്‌കരിക്കണമെന്നും പോലീസ്, ജയില്‍ നവീകരണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മുന്‍ ജയില്‍ മേധാവി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. പി വിനോദ് ഭട്ടതിരിപ്പാട് എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 2007ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ. പൊതുസുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുന്നതിന് ഗുണ്ടകള്‍ക്കും റൗഡികള്‍ക്കുമെതിരെ പ്രയോഗിക്കാനുള്ളതാണ് നിയമം. ഇതടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരെ ഒരു വര്‍ഷം വരെ കരുതല്‍ തടവില്‍ വെക്കാവുന്നതാണ്. ആവശ്യമെങ്കില്‍ അറിയപ്പെടുന്ന ഗുണ്ടകളെയും റൗഡികളെയും ഏതെങ്കിലും സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് ഒരു വര്‍ഷം തടയാനും ഏതെങ്കിലും പ്രദേശം പ്രശ്‌നബാധിതമെന്ന് ഉത്തരവിടാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അനധികൃത മദ്യക്കച്ചവടക്കാര്‍, മദ്യക്കടത്തുകാര്‍, വില്‍പ്പനക്കാര്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍, വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സി ഡി നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഹവാല ഇടപാടിലൂടെ പണം കടത്തുന്നവര്‍, പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവര്‍, അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, പലിശക്ക് പണം നല്‍കി ഭീഷണിപ്പെടുത്തിയും അക്രമിച്ചും തിരിച്ചുപിടിക്കുന്നവര്‍, സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസര്‍വ് ബേങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാട് നടത്തുന്നവര്‍, അന്യന്റെയോ സര്‍ക്കാറിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവര്‍, ഈ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അടുത്ത ബന്ധുക്കള്‍ തുടങ്ങിയവരെല്ലാം കാപ്പ നിയമത്തിന്റെ പരിധിയില്‍ വരുന്നു. മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കും കാപ്പ നിയമം ചുമത്താവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. നിയമങ്ങളില്‍ അതിനാവശ്യമായ ചട്ടങ്ങളും കാലത്തിനനുസരിച്ചുള്ള നിയമ ഭേദഗതികളും വേണ്ടി വരും. സംസ്ഥാനത്ത് ഗുണ്ടായിസവും ക്വട്ടേഷന്‍ സംഘങ്ങളും പൂര്‍വോപരി ശക്തിപ്പെട്ട സാഹചര്യത്തില്‍ വിശേഷിച്ചും. അതേസമയം, ഇത്തരം നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്. നിയമത്തിന്റെ വകുപ്പുകളെ മാത്രമല്ല, കൈകാര്യം ചെയ്യുന്നവരുടെ മാനസികാവസ്ഥയെ കൂടി ആശ്രയിച്ചിരിക്കും അതിന്റെ പ്രയോഗം. നിയമത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ശരിയായ രീതിയില്‍ പ്രയോഗിക്കും. അല്ലെങ്കില്‍ ദുരുപയോഗപ്പെടുത്തിയേക്കും. സദുദ്ദേശ്യത്തോടെയാണ് പല നിയമങ്ങളും വിഭാവനം ചെയ്യപ്പെട്ടതെങ്കിലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകും. പോലീസ് നിലവില്‍ തന്നെ ലഭ്യമായ അധികാരങ്ങള്‍ ദുരുപയോഗപ്പെടുത്തുകയും പലപ്പോഴും അമിതാധികാരം പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. 1976ല്‍ എന്‍ജിനീയര്‍ വിദ്യാര്‍ഥി രാജന്റേത് മുതല്‍ 2019ല്‍ ഇടുക്കി കോലാഹലമേട് രാജ്കുമാര്‍ വരെയുള്ള ഒരു ഡസന്‍ കസ്റ്റഡി മരണങ്ങള്‍ പോലീസിന്റെ നിയമ ദുരുപയോഗത്തിനുള്ള സാക്ഷ്യങ്ങളാണ്. തെറ്റായ പോലീസ് നടപടികളുടെ പേരില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി വരെ നിരവധി പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാപ്പ ചുമത്താനുള്ള അധികാരം പോലീസിന് നല്‍കിയാല്‍ എന്താകും അവസ്ഥ?

അസാധാരണ പരിതസ്ഥിതിയില്‍ സൂക്ഷിച്ചു മാത്രം പ്രയോഗിക്കേണ്ട നിയമമാണ് കാപ്പ. നിലവില്‍ തന്നെ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കാനും ജനകീയ സമരങ്ങളെ യുദ്ധസമാനമായി നേരിടാനും അടിച്ചമര്‍ത്താനും ഇതിനെ ഉപയോഗപ്പെടുത്തുന്നതായും പരാതിയുണ്ട്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് കാപ്പ നിയമം ഉപയോഗിച്ച് ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തുന്നതായി സി പി എം പരാതിപ്പെടുകയും ഇതുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയതും മറക്കാറായിട്ടില്ല. ടാഡയും പോട്ടയും പോലുള്ള നിയമങ്ങള്‍ക്കെതിരെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതും അവയുടെ ദുരുപയോഗം മൂലമാണ്. സ്വതന്ത്ര ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണമാകുന്ന ഒരു സ്ഥിതിവിശേഷമാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുന്നത്.

കലക്ടര്‍മാര്‍ക്കുള്ള അധികാരം പോലീസിന് നല്‍കുമ്പോള്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയ ഘട്ടത്തില്‍ ഭരണകക്ഷിയായ സി പി ഐ തന്നെ ചൂണ്ടിക്കാട്ടിയതും പ്രസ്തുത തീരുമാനം പുനഃപരിശോധിക്കണമെന്ന് സി പി ഐ നിയമസഭാ കക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതുമാണ്. മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലൊക്കെ ഈ അധികാരം പോലീസ് വ്യാപകമായി ദുരുപയോഗം ചെയ്ത കാര്യം സി പി ഐ നേതാവ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. കാപ്പ ചുമത്താനുള്ള അധികാരം പോലീസിന് നല്‍കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കാനിരിക്കുന്നത്. കാപ്പ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി ഉപയോഗിച്ചാല്‍ അതില്‍ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയെ നിയമത്തില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ സമിതി ഏട്ടിലെ പശുവാണെന്നതാണ് അനുഭവം.

Latest