Connect with us

Articles

ഉദാത്തം, ഈ അധ്യാപനങ്ങൾ

മാനവിക സമൂഹം ഇന്ന് അതിസങ്കീര്‍ണമായ സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരി, രാജ്യാന്തര പോര്‍വിളികള്‍, ആഭ്യന്തര അരക്ഷിതത്വം തുടങ്ങി ദുരനുഭവങ്ങളുടെ വാര്‍ത്തകളാണ് എവിടെയും. വൈയക്തിക ജീവിതത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാണ്. ആത്മീയതക്ക് പകരം ഭൗതികാസക്തികള്‍ ജീവിതത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു.

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, അസഹിഷ്ണുതയില്‍ നിന്ന് സമഭാവനകളുടെ പ്രായോഗിക പരിസരത്തേക്ക് മാനവ ചരിത്രത്തെ പരിവര്‍ത്തിപ്പിച്ച തിരുനബി(സ)യുടെ അധ്യാപനങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകകളുണ്ട് തുടങ്ങിയ ഖുര്‍ആനിക വചനങ്ങളിലൂടെ അല്ലാഹു മനുഷ്യരോട് തിരുനബിയുടെ ആശയങ്ങളെ പിന്‍പറ്റാന്‍ ആഹ്വാനം ചെയ്യുന്നതും അതുകൊണ്ടാണ്.

ഐക്യരാഷ്ട്ര സഭ ആഗോള പട്ടിണി സൂചിക പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. വികസന സാങ്കേതിക രംഗങ്ങളില്‍ ശാസ്ത്രം വന്‍കുതിപ്പ് നടത്തുമ്പോഴും മനുഷ്യരില്‍ ഭൂരിഭാഗത്തിന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നില്ലെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുന്നതാണ് പ്രസ്തുത സൂചിക. എന്നാല്‍ തിരുനബി(സ) പടുത്തുയര്‍ത്തിയ സാമ്രാജ്യം പട്ടിണി രഹിതവും പാവങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതുമായിരുന്നു എന്ന വസ്തുത ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക.
“പാവപ്പെട്ടവന് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കാത്തവന്‍ മതത്തെ കളവാക്കുന്നവനാണ്”, “അനാഥരെ പരിപാലിക്കുന്നവന്റെ സ്ഥാനം സ്വര്‍ഗത്തില്‍ എന്നോടൊപ്പമാണ്”, “അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ല” തുടങ്ങിയ പ്രവാചക അധ്യാപനങ്ങള്‍ സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങള്‍ അനുപമമായിരുന്നു. ഭക്തിയാണ് മാനവിക മൂല്യങ്ങളില്‍ ഉന്നതമെന്ന് ഉദ്‌ഘോഷിച്ചവരാണ് തിരുനബി(സ). സ്വജനപക്ഷപാതികളോട് റസൂല്‍ മുഖം തിരിച്ചു.
ഒരിക്കല്‍ ഖുറൈശി ഗോത്രത്തിലെ പ്രമാണിമാരായ മഖ്സൂമികളില്‍പ്പെട്ട ഒരു സ്ത്രീ കളവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. തറവാട്ടു മഹിമയില്‍ മേനിനടിച്ചിരുന്ന മഖ്‌സൂമികള്‍ക്ക് അത് കനത്ത പ്രഹരമായി. പ്രതിക്ക് ശിക്ഷ ഇളവ് ചെയ്യണമെന്ന ആവശ്യവുമായി ഉസാമ(റ) മുഖേന അവര്‍ തിരുനബി(സ)യെ സമീപിച്ചു. “ഉന്നതര്‍ തെറ്റു ചെയ്താല്‍ മറച്ചു വെക്കുകയും അധമരെ പിടിച്ചു ശിക്ഷിക്കുകയും ചെയ്തിരുന്നത് കാരണമായാണ് മുന്‍ഗാമികളില്‍ പലരും നശിപ്പിക്കപ്പെട്ടത്, തീര്‍ച്ച. അല്ലാഹുവാണെ സത്യം, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷണം നടത്തുന്നതെങ്കില്‍ പോലും അവളുടെ കൈ ഞാന്‍ മുറിക്കും”. മേലാളരുടെ സംരക്ഷക വേഷം അണിയുന്ന, പ്രതികള്‍ക്ക് ജാമ്യം നില്‍ക്കുന്ന നാടുവാഴികളെയും ന്യായാധിപരെയും മാത്രം കണ്ടുപരിചയിച്ചിരുന്ന ഒരു ജനവിഭാഗത്തിന് മുന്നിലാണ് തിരുനബി(സ)യുടെ ഈ പ്രഖ്യാപനം.
സ്ത്രീകളോട് അവിടുന്ന് കാണിച്ച കാരുണ്യം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. കുഴിച്ചുമൂടപ്പെടാന്‍ വിധിക്കപ്പെട്ടിരുന്നവരെ ജീവിക്കാനും അനന്തര സ്വത്ത് സ്വീകരിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കി ആദരിച്ചു. സ്ത്രീപീഡകര്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ നടപ്പാക്കി. അതോടെ സ്ത്രീകളുടെ ആഭിജാത്യവും അന്തസ്സും വര്‍ധിച്ചു.

തിരുനബി(സ)യുടെ വ്യക്തിവിശേഷങ്ങളിലും നമുക്കീ മാതൃക ദര്‍ശിക്കാം. കേവലം ആശയങ്ങളുടെ വിളംബരങ്ങള്‍ മാത്രമായിരുന്നില്ല തിരു അധ്യാപനങ്ങള്‍. പറയുന്നതെല്ലാം നബി(സ) പ്രവര്‍ത്തിച്ചു കാണിച്ചു. ബദ്‌റിലേക്കുള്ള സഞ്ചാരവഴിയില്‍ അവിടുന്ന് സഹയാത്രികരെ മൃഗത്തിന് മുകളിലിരുത്തി കടിഞ്ഞാണ്‍ പിടിച്ച് നടന്നു. മറ്റൊരു യാത്രയില്‍ അനുചരര്‍ക്കൊപ്പം ഭക്ഷണം തയ്യാറാക്കാനുള്ള വിറക് ശേഖരിച്ചു. നിദ്രവെടിഞ്ഞ് രാത്രി നിസ്‌കാരങ്ങളില്‍ വ്യാപൃതരായി. ലാളിത്യത്തിന്റെ മകുടോദാഹരണമായിരുന്നു ഹബീബ്(സ). മറ്റുള്ളവരേക്കാള്‍ ഔന്നത്യം നടിക്കാന്‍ പ്രവാചകര്‍ മുതിര്‍ന്നില്ല. സന്തോഷങ്ങളിലും സന്താപങ്ങളിലും സ്വഹാബികളോടൊപ്പം നബി(സ) പങ്കുചേര്‍ന്നു.

തിരുനബി(സ)യെ സ്‌നേഹിക്കാനും ആ വിശുദ്ധ ജീവിതചര്യകള്‍ അടുത്തറിയാനുമുള്ള അസുലഭ മുഹൂര്‍ത്തമാണ് തിരുപ്പിറവി കൊണ്ടനുഗ്രഹീതമായ റബീഉല്‍ അവ്വല്‍. തിരുനബി(സ)യുടെ ദര്‍ശനങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനും സര്‍ഗാത്മകമായി മറ്റുള്ളവരിലേക്ക് എത്തിക്കാനും നാം പരിശ്രമിക്കണം. പ്രവാചകനിന്ദകളെ അതേ നാണയത്തിലോ അക്രമാസക്തമായോ അല്ല പ്രതിരോധിക്കേണ്ടത്. മറിച്ച്, ബുദ്ധിപൂര്‍വമായാണ്. വിഷമൂട്ടിയ വാളുമായി തന്നെ വധിക്കാനെത്തിയവര്‍ക്ക് മാപ്പ് നല്‍കിയവരാണ് നബി(സ).

കല്ലെറിഞ്ഞവരെ തിരികെ കല്ലെറിയാനായിരുന്നില്ല അവിടുത്തെ ആഹ്വാനം. വിവേകപൂര്‍ണമായി വെല്ലുവിളികളെ അഭിമുഖീകരിച്ചതോടെ സര്‍വരും ആ വ്യക്തിമാഹാത്മ്യം തിരിച്ചറിഞ്ഞു. ഉദാത്തമായ അത്തരം സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള അവസരമായി റബീഉല്‍ അവ്വലിനെ ഉപയോഗപ്പെടുത്തണം.

Latest