Connect with us

Kerala

ജോസ് വിഭാഗം നേതാക്കളെ അടർത്താൻ യു ഡി എഫ്; ആശങ്ക പങ്കുവെച്ച് ഘടക കക്ഷികള്‍

Published

|

Last Updated

തിരുവനന്തപുരം | കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റം വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലുള്‍പ്പെടെ മുന്നണിക്ക് തിരിച്ചടിയാകില്ലെന്ന പി ജെ ജോസഫിന്റെ ഉറപ്പില്‍ ജോസ് കെ മാണിയെ അവഗണിച്ച് മുന്നോട്ടുപോകാന്‍ യു ഡി എഫ്. ജോസ് പക്ഷത്തിന്റെ മുന്നണി മാറ്റം ഐക്യ ജനാധിപത്യ മുന്നണിക്ക് തിരിച്ചടിയുണ്ടാക്കില്ലെന്ന് പി ജെ ജോസഫ് യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പി ജെ ജോസഫിന്റെ ഉറപ്പിനെ മുന്നണി വിശ്വാസത്തിലെടുക്കുമ്പോഴും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും മുന്നണിയിലെ ചില ഘടക കക്ഷികളും ജോസിന്റെ അസാന്നിധ്യമുണ്ടാക്കുന്ന വിടവ് സംബന്ധിച്ച് ആശങ്കപങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ജോസിന്റെ മുന്നണിമാറ്റം മധ്യതിരുവിതാംകൂറില്‍ കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് വാദിച്ച ജോസഫ്, ജോസ് കെ മാണിയുടെ സാന്നിധ്യം എല്‍ ഡി എഫിന് ഗുണം ചെയ്യില്ലെന്നും സമര്‍ഥിച്ചു. മുന്നണി മാറാനുള്ള ജോസ് പക്ഷത്തിന്റെ തീരുമാനം അണികള്‍ അംഗീകരിക്കില്ലെന്ന വാദമാണ് ഇതിന് കാരണമായി ജോസഫ് മുന്നണി യോഗത്തില്‍ ഉന്നയിച്ചത്. നേരത്തേ കേരള കോണ്‍ഗ്രസ് യു ഡി എഫ് വിട്ടപ്പോള്‍ അണികളും നേതാക്കളും ഒപ്പം നിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് യോജിക്കാനാകില്ലെന്നാണ് അന്ന് നിലപാടെടുത്തത്. ഇത് അംഗീകരിച്ചാണ് കെ എം മാണി യു ഡി എഫിലേക്ക് തന്നെ തിരിച്ചെത്തിയത്. മുന്നണിയില്‍ നിന്ന് മാറിനില്‍ക്കാമെങ്കിലും എല്‍ ഡി എഫിലേക്ക് പോകുന്നതിനോട് താത്പര്യമില്ലെന്നും അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നുമായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും അന്നത്തെ നിലപാട്.

ജോസിനൊപ്പമുള്ള കൂടുതല്‍ നേതാക്കള്‍ വൈകാതെ തന്റെ പാര്‍ട്ടിയിലേക്ക് വരുമെന്നും ജോസഫ് യോഗത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജോസഫ് എം പുതുശ്ശേരി ഉള്‍പ്പെടെ നിരവധി ജോസ് പക്ഷ നേതാക്കളെ തിരിച്ചെത്തിക്കാനാകുമെന്ന ഉറപ്പാണ് ജോസഫ് നല്‍കിയത്. വരുംനാളുകളില്‍ കൂടുതല്‍ പേര്‍ പുറത്തുവരുമെന്നും പി ജെ ജോസഫ് അവകാശപ്പെട്ടു. ഇതോടൊപ്പം അവസരം മുതലെടുക്കുന്നതിന് നീക്കം നടത്താന്‍ യു ഡി എഫില്‍ ധാരണയായിട്ടുണ്ട്. ഇടതുപക്ഷത്തേക്ക് പോകാന്‍ താത്പര്യമില്ലാത്തവരെ വാഗ്ദാനങ്ങള്‍ നല്‍കി ജോസ് വിഭാഗത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ക്ക് മുന്നണി പിന്തുണ നല്‍കും. ജോസ് വിഭാഗം വിട്ട് യു ഡി എഫില്‍ നില്‍ക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനാണ് മുന്നണിയിലെ ധാരണ.

ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാന്‍ കഴിയാത്ത നിലവിലെ സാഹചര്യത്തില്‍ ഇതുമായി പൊരുത്തപ്പെട്ടു പോകുന്ന തരത്തിലുള്ള തീരുമാനമാണ് യു ഡി എഫ് കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി യു ഡി എഫ് ജില്ലാ കമ്മിറ്റികള്‍ ഉടന്‍ പുനഃസംഘടിപ്പിക്കും. ഇതോടൊപ്പം മുന്നണി മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഈ മാസം 23ന് എറണാകുളത്ത് യോഗം ചേരാനും യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest