Connect with us

Kerala

യു ഡി എഫിനെ തള്ളുകയും എല്‍ ഡി എഫാണ് ശരിയെന്ന് പറയുകയും ചെയ്യുന്നവരെ എതിര്‍ക്കേണ്ടതില്ല; നിലപാട് വ്യക്തമാക്കി കാനം

Published

|

Last Updated

തിരുവനന്തപുരം | ജോസ് കെ മാണി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു ഡി എഫിനെ തള്ളിപ്പറയുകയും എല്‍ ഡി എഫാണ് ശരിയെന്ന് നിലപാടെടുക്കുകയും ചെയ്യുന്ന ജോസ് കെ മാണിയെയും കൂട്ടരെയും എതിര്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്ന് കാനം വ്യക്തമാക്കി. എന്നാല്‍, ഭാവി നടപടികള്‍ എന്തായിരിക്കണമെന്ന് സംബന്ധിച്ച് എല്‍ ഡി എഫില്‍ കൂട്ടായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി യു ഡി എഫിലായിരുന്നപ്പോള്‍ അവരുടെ നിലപാടുകളെ ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ യു ഡി എഫിനെ തള്ളി എല്‍ ഡി എഫാണ് ശരിയെന്ന് പറയുമ്പോള്‍ എന്തിനാണ് എതിര്‍ക്കുന്നത്.

ബാര്‍ കോഴ കേസ് സംബന്ധിച്ചൊരു വിലയിരുത്തല്‍ ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടുകളും സമരങ്ങളുമായി മുന്നണി മുന്നോട്ടുപോകും. യു ഡി എഫില്‍ നില്‍ക്കുകയും അവരുമായി വിലപേശാനുള്ള ഉപകരണമായി എല്‍ ഡി എഫിനെ ഉപയോഗിക്കരുതെന്നാണ് താന്‍ മുമ്പ് പറഞ്ഞിരുന്നതെന്നും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും കാനം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നിലവില്‍ നടക്കുന്നില്ല. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പാണ് ആദ്യം നടക്കാനുള്ളത് എന്നതിനാല്‍ അതു സംബന്ധിച്ച ചര്‍ച്ചകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.