Connect with us

Kerala

എല്‍ ഡി എഫ് പ്രവേശനം: ജോസ് കെ മാണി ഇന്ന് നിലപാട് അറിയിച്ചേക്കും

Published

|

Last Updated

കോട്ടയം |  യു ഡി എഫ് പുറത്താക്കിയതിനെ തുടര്‍ന്ന് ഒറ്റക്ക് പ്രവര്‍ത്തിക്കുകയായിരുന്ന ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11ന് കോട്ടയത്ത് ജോസ് കെ മാണി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. എല്‍ ഡി എഫിലേക്ക് പാര്‍ട്ടി മാറുന്നത് സംബന്ധിച്ച് ഒരു വ്യക്തത ഇതില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കെ എം മാണിയുടെ മരണ ശേഷം പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ജോസഫ്, ജോസ് വടംവലിക്കിടയില്‍ ജോസ് മുന്നണിയില്‍ നിന്ന് പുറന്തള്ളപ്പെടുകയായിരുന്നു. ജോസിനെ വീണ്ടും മടക്കികൊണ്ടുവാരന്‍ യു ഡി എഫ് ആഗ്രഹിച്ചെങ്കിലും പുറത്താക്കിയിടത്തേക്ക് ഇനി പോകേണ്ടതില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയായിരുന്നു. എല്‍ ഡി എഫ് പ്രവേശനത്തിന് ജോസ് ആഗ്രഹിച്ചെങ്കിലും സി പി ഐയുടെ ഉടക്ക് ആദ്യഘട്ടത്തില്‍ തിരിച്ചടിയായി. എന്നാല്‍ സി പി എം വിഷയത്തില്‍ സ്വീകരിച്ച അനുകൂല സമീപനത്താല്‍ സി പി ഐക്ക് ഒടുവില്‍ നിലപാട് മാറ്റേണ്ടി വന്നു. യു ഡി എഫിന് രാഷ്ട്രീയമായി ഒരു തിരിച്ചടി നല്‍കുക എന്നതിനായിരുന്ന സി പി എം പ്രാമുഖ്യം നല്‍കിയത്. ജോസ് കെ മാണിയുമായി സി പി എം നേതാക്കള്‍ സീറ്റ് വിഭജനങ്ങളിലടക്കം അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പാല സീറ്റുമായി ബന്ധപ്പെട്ട് എന്‍ സി പി ഉടക്കുണ്ടെങ്കിലും അവരെ പിന്തിരിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സി പി എം. ഇക്കാര്യം ജോസിനെ അവര്‍ അറിയിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇനി പരസ്യ നിലപാട് പ്രഖ്യാപനത്തിലേക്ക് ജോസ് കടക്കുന്നത്.

തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ കേരള കോണ്‍ഗ്രസിന്റെ നിലപാട് പ്രഖ്യാപനത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. യു ഡി എഫ് കോട്ടകളായ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നതും നിര്‍ണായകമാണ്.

 

Latest