Connect with us

National

മെഹ്ബൂബ മുഫ്തിയെ തടങ്കലില്‍നിന്നും മോചിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം തടവിലായിരുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മെഹ്ബൂബയെ മോചിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായാണ് മെഹ്ബൂബയുള്‍പ്പെടെയുള്ള കശ്മീരിലെ നേതാക്കളെ തടവില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിലേറെ തടങ്കലില്‍ കഴിഞ്ഞ ശേഷമാണ് മോചനം.

മെഹ്ബൂബയെ എത്രനാള്‍ ഇങ്ങനെ കസ്റ്റഡിയില്‍ വയ്ക്കുമെന്ന് സെപ്റ്റംബറില്‍ സുപ്രീം കോടതി ചോദിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്കും മകനും തടങ്കലില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാമെന്ന് സുപ്രീം കോടതി തുടര്‍ന്ന് അറിയിച്ചു. മെഹ്ബൂബയ്‌ക്കെതിരായ നടപടിയെ ചോദ്യം ചെയ്ത് മകള്‍ ഇല്‍തിജ മുഫ്തി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു മോചനം.

മെഹ്ബൂബ മുഫ്തിയെ നിയമവിരുദ്ധമായി തടവില്‍വച്ചത് അവസാനിച്ചതായി മകള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ബുദ്ധിമുട്ടേറിയ സമയത്തു പിന്തുണയുമായി എത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഇല്‍തിജ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നതിനു മുന്നോടിയായിട്ടാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി കൂടിയായ മുഫ്തിയെ അറസ്റ്റ് ചെയ്തത്.

Latest