Connect with us

Kerala

ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ ശ്രീറാം കോടതിയില്‍ ഹാജരായി

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം കോടതി മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നു. എന്നാൽ മൂന്ന് തവണയും ഇയാൾ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ തവണ കോടതി അന്ത്യശാസനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്)യില്‍ ശ്രീറാം ഹാജരായത്.

രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസും കോടതിയില്‍ ഹാജരായി. വഫ നേരത്തെ 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലും ജാമ്യമെടുത്തിരുന്നു. അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ പേരിലുള്ള വാഹനമാണ്.

കേസ്  സെഷൻസ് കോടതിയിലേക്ക് കൈമാറുന്നതിനുള്ള നടപടികളുടെ ഭാഗയി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യാ കുറ്റത്തിന്റെ വകുപ്പായ 304(2) ശ്രീറാമിനെതിരെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്നു കോടതി നിരീക്ഷിച്ചു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന കുറ്റമായതിനാല്‍ സെഷന്‍സ് കോടതിയിലാണ് തുടർവിചാരണ നടക്കേണ്ടത്.

2019 ഓഗസ്റ്റ് മൂന്നിനാണ് മദ്യപിച്ച് അമിതവേഗതയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്  കെ.എം.ബഷീർ കൊല്ലപ്പെട്ടത്.

Latest