Connect with us

Articles

ഓണ്‍ലൈന്‍ പഠനത്തിന്റെ നൂറ് ദിനങ്ങള്‍

Published

|

Last Updated

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പഠനം 100 ദിനങ്ങള്‍ പിന്നിട്ടു. ഓണ്‍ലൈന്‍ പഠനത്തിലേക്ക് കാലുവെച്ച ആദ്യ തലമുറയാണ് ഇന്നത്തെ ജനറേഷന്‍. കൊറോണക്ക് മുമ്പ് ലോകത്തെവിടെയെങ്കിലും സ്‌കൂള്‍ പഠനം ഓണ്‍ലൈന്‍ സിസ്റ്റത്തിലേക്ക് മാറ്റിയതായി അറിവില്ല. ഓണ്‍ലൈന്‍ പഠനം എന്തെന്നും എങ്ങനെയെന്നും അറിയാന്‍ കഴിഞ്ഞ, ജീവിതത്തിലെ അപൂര്‍വമായൊരു അവസരം അനുഭവിച്ചറിഞ്ഞ ആദ്യ തലമുറ കൂടിയാണിത്.

വീടിന്റെ സുരക്ഷിതത്വത്തിലാണ് ഓണ്‍ലൈന്‍ പഠനം നടക്കുന്നത്. പഠനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായി സമയം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ധാരാളം സമയം ലഭിക്കും. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഏതറിവും സ്വന്തമാക്കാനുള്ള അതിവിശാലമായ ലോകം കൈവെള്ളയിലുണ്ട്. സ്‌കൂളിന്റെ ചുമരുകള്‍ക്കും പാഠപുസ്തകത്തിലെ ഉള്ളടക്കത്തിനുമപ്പുറം വികസിക്കാനുള്ള സാധ്യതകളും ഓണ്‍ലൈന്‍ പഠനം ഒരുക്കുന്നുണ്ട്.

കൂട്ടിയും കുറച്ചും നോക്കിയാല്‍ ഇരുത്തംവന്നൊരു പഠിതാവിന് ഓണ്‍ലൈന്‍ പഠനം ലാഭക്കച്ചവടമാണ്. പക്ഷേ, സ്‌കൂള്‍ വിദ്യാഭ്യാസം കൊണ്ട് നേടുന്ന പലതും ലഭിക്കില്ലെന്ന് മാത്രം. കുട്ടിയുടെ വ്യക്തിത്വം രൂപപ്പെട്ട് വികാസം പ്രാപിക്കുന്നത് ചുറ്റുപാടുകളുമായും ഇടപഴകുന്ന ആളുകളുമായും ബന്ധപ്പെട്ടാണ്. ഇടുങ്ങിയ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരില്‍ സ്വീകാര്യമായ വ്യക്തിത്വം രൂപപ്പെടില്ല. അധ്യാപകരും സഹപാഠികളുമടക്കം അനേകമാളുകളുമായി ഇടപഴകുന്നതിലൂടെയുണ്ടാകുന്ന അനുഭവ വൈവിധ്യമാണ് ജീവിത വിജയത്തിന് വഴികാട്ടിയാകുന്നത്. സ്‌കൂള്‍ പഠനത്തില്‍ പാഠപുസ്തകങ്ങളുടെ പഠനത്തോളം മുഖ്യമാണ് ക്ലാസ് മുറിക്ക് അകത്തും പുറത്തും അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങളും അവയില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ചിന്തകളും വിചാരങ്ങളും. തീക്ഷ്ണമായ അനുഭവങ്ങളുടെ ആ സാഗരത്തില്‍ നിന്ന് തുഴഞ്ഞുനീന്തിയാണ് ഓരോ വിദ്യാര്‍ഥിയും കരപറ്റേണ്ടത്. കളിതമാശകള്‍, പിണക്കങ്ങള്‍, വിജയങ്ങള്‍, തോല്‍വികള്‍, അധ്യാപകരില്‍ നിന്നുണ്ടാകുന്ന ശകാരങ്ങള്‍, അനുമോദനങ്ങള്‍ തുടങ്ങി എല്ലാ അനുഭവങ്ങളും ചെറുതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഭാവിയിലേക്കുള്ള പാഠങ്ങളാണ്.

വിജയവും തോല്‍വിയും നേരിടേണ്ടിവരുന്ന, വില്ലനും ഹീറോയുമായി പ്രത്യക്ഷപ്പെടുന്ന കുട്ടിക്കാലം തന്നെയാണ് ഭാവി ജീവിതത്തിന്റെ പരിശീലനക്കളരി. എല്ലാ അഭ്യാസങ്ങളെയും പോലെ ജീവിതാഭ്യാസവും പരിശീലിച്ച് നേടണം. ഓണ്‍ലൈന്‍ പഠനത്തിന്റെ ആരോഗ്യപരവും സാമൂഹികവുമായ പരിണിതഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. യന്ത്രങ്ങള്‍ക്ക് മുമ്പില്‍ തലകുനിച്ചു പോയ തലമുറയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കപ്പെടാതിരിക്കാന്‍ വയ്യ. മുഴുസമയം യന്ത്രങ്ങള്‍ക്ക് മുന്നിലിരിക്കുന്ന ഏതൊരാൾക്കും തോന്നാകുന്ന അസഹ്യത നമ്മുടെ കുട്ടികള്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു.

എല്ലാം മനുഷ്യന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയ, വിഷാദങ്ങളും വൈരസ്യങ്ങളുമില്ലാത്ത, രോഗങ്ങളെ കീഴടക്കിയ, എവിടെയാകുന്നതും ഒരു പോലെ ആയതിനാല്‍ ലോകത്ത് മറ്റൊരിടത്തേക്കും യാത്ര ചെയ്യേണ്ടതില്ലാത്ത, കാലമേതെന്നറിയാത്ത കാലത്തില്‍ എത്തിപ്പെടുന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സ്റ്റീഫന്‍ ലീകോക്ക്. ഒന്നും അനുഭവിക്കാനില്ലാത്തതും വരണ്ടതും വിരസവുമായ ആ കാലത്തില്‍ നിന്ന് പുച്ഛത്തോടെ ഇറങ്ങിപ്പോരുന്നുണ്ട് ആ കഥാപാത്രം. ഈ അനുഭവങ്ങളൊന്നുമില്ലെങ്കില്‍ മനുഷ്യ ജീവിതമെന്താണെന്നയാള്‍ ചോദിക്കുന്നുണ്ട്. ആ ചോദ്യം ഓണ്‍ലൈന്‍ പഠനത്തിന്റെ ഊരാക്കുടുക്കിലകപ്പെട്ട വിദ്യാര്‍ഥികളും ഇപ്പോള്‍ ചോദിച്ചു കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ വൈകാതെ അവര്‍ ചോദിക്കും.

Latest