Connect with us

Pathanamthitta

അടൂര്‍ താലൂക്കില്‍ പന്തളം കടക്കാട് കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ അടൂര്‍ താലൂക്കില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. താലൂക്കിലെ വിവിധ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് രോഗ വ്യാപനം തുടരുന്നതായാണ് കണക്കുകള്‍ വ്യക്്തമാക്കുന്നത്. ഇതിനിടയിലാണ് ഇന്നലെ പന്തളം കടയ്ക്കാട് കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപം കൊണ്ടു. കഴിഞ്ഞ ദിവസം കടയ്ക്കാട് മല്‍സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ 19 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥീരീകരിച്ചു.

കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും അഞ്ച് പേര്‍ക്കും കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും മുന്നു പേര്‍ക്കും രോഗം പകര്‍ന്നു. രണ്ട് പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഇന്നലെ ജില്ലയില്‍ 93 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 63 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തക ഓമല്ലൂര്‍ സ്വദേശിനി(23), മൈലപ്ര സ്വദേശിനി (23) എന്നിവരും ഉള്‍പ്പെടുന്നു. തട്ട സ്വദേശി (32) മില്‍മയില്‍ ജീവനക്കാരനാണ്. എറണ്ണാകുളത്തെ സ്വകാര്യ ബാങ്ക് ജീവനക്കാരനും മല്ലപ്പള്ളി കൊറ്റനാട് ടൂവീല്‍ വര്‍ക്ക്ഷോപ്പിലെ രണ്ട് ജീവനക്കാര്‍ക്കും സമ്പര്‍ക്കം വഴി രോഗം പകര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.

ജില്ലയില്‍ ഇതുവരെ 2701 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1510 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്നലെ 41 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2032 ആണ്. പത്തനംതിട്ട ജില്ലക്കാരായ 655 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 633 പേര്‍ ജില്ലയിലും, 22 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 710 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 137 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 13292 പേര്‍ നിരീക്ഷണത്തിലാണ്. 1708 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്19 മൂലമുളള മരണനിരക്ക് 0.44 ശതമാനമാണ്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.12 ശതമാനമാണ്.

Latest