Sports
ബയേണോ പി എസ് ജിയോ; നിമിഷങ്ങൾ എണ്ണി ഫുട്ബോൾ ആരാധകർ

ലിസ്ബന്‍| കൊവിഡ് കാരണം ഉപേക്ഷിക്കപ്പെടേണ്ടിവരുമോ എന്ന ഘട്ടത്തിൽ നിന്ന് ലീഗിന്റെ പതിവ് ഫോർമേഷനിൽ തന്നെ മാറ്റം വരുത്തി ചാമ്പ്യൻസ് ലീഗ് അതിന്റെ ഫൈനൽ വരെ എത്തി നിൽക്കുകയാണ്. വലിയ ഇടവേളകളില്ലാതെ, ഹോം മത്സരമെന്നോ എവേ മത്സരമെന്നോ വ്യത്യാസമില്ലാതെ, ഗ്യാലറിയിൽ തിങ്ങിനിറഞ്ഞ കാണികളില്ലാതിരുന്നിട്ടും പ്രീക്വാർട്ടറിലെ അവസാന രണ്ട് മത്സരങ്ങൾ മുതൽ ഒരു രാജ്യാന്തര ലോകകപ്പ് മത്സരങ്ങൾ പോലെയാണ് ഇത്തവണത്തെ ഫൈനൽ വരെയുള്ള പോരാട്ടങ്ങൾ ഫുട്ബോൾ ആരാധകർ ആസ്വദിച്ചുപോന്നത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് പ്രവേശനം ലഭിച്ച ഫ്രഞ്ച് പടയാളികളായ പാരിസ് സെന്റ് ജെർമന് ഒരുപാട് കാലം ആഗ്രഹിച്ചിരുന്ന വിശ്വ കിരീടം ചൂടാനുള്ള സുവർണാവസരമാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും തിരിച്ചു വരാൻ കഴിയുന്ന ഒരുപിടി യുവ താരങ്ങളാണ് ഈ ഫ്രഞ്ച് ടീമിന്റെ കരുത്ത്.
[irp]
ആറാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ക്വാർട്ടറിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ 8-2 ന് തോൽപ്പിച്ചതിൽ തുടങ്ങി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചാണ് ബയേൺ ഫൈനൽ വരെ എത്തിയത്. പഴയ പാരമ്പര്യങ്ങളും കണക്കുകളൊക്കെ മാറ്റി നിർത്തി സമീപ പ്രകടനങ്ങളെ വിലയിരുത്തുമ്പോൾ തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ലിസ്ബണിലെ എസ്‌റ്റാഡിയോ ഡാ ലൂസ് സ്റ്റേഡിയത്തിൽ കാണാൻ കഴിയുക.
ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30നാണ് കലാശപ്പോര്. കേവലം ലവന്റോസ്കി യോ നെയ്മറോ, തോമസ് മുള്ളറോ കൈലിയൻ എംബാപയോ തമ്മിലുള്ള ഏറ്റുമുട്ടലിന് പകരം തുല്യ ശക്തരായ രണ്ട് ടീമുകൾ വാശിയേറിയ ഒരു മത്സരം കാണാൻ നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ഓരോ ഫുട്ബോൾ പ്രേമിയും.