Connect with us

Kerala

മുല്ലപ്പള്ളിയെ തള്ളി ലീഗ്; പേരിന് പിന്തുണച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; പാര്‍ട്ടിക്കുളളിലും അമര്‍ഷം ശക്തം

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യുഡിഎഫില്‍ ഒറ്റപ്പെടുന്നു. മുല്ലപ്പള്ളിയുടെ പ്രസ്താവനെ പരസ്യമായി തള്ളി മുസ്ലിം ലീഗ് രംഗത്ത് വന്നു. പരാമര്‍ശത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്നും അത് യുഡിഎഫിന്റെ നിലപാടല്ലെന്നുമാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തുറന്നടിച്ചത്. ഇതിനിടയില്‍ മാധ്യമങ്ങളെ കണ്ട മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയെ പിന്തുണക്കാന്‍ വൈമനസ്യം കാണിച്ചതും ശ്രദ്ധേയമായി. എന്നാല്‍ സമ്മര്‍ദത്തിന് ഒടുവില്‍ പാര്‍ട്ടി അധ്യക്ഷനെ പിന്തുണച്ചെന്നു വരുത്തിതീര്‍ത്ത് വാര്‍ത്താകുറിപ്പിറക്കി ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നു. ഇതിന് പിന്നാലെ രമേശ് ചെന്നിത്തല പത്രസമ്മേളനം വിളിച്ച് മുല്ലപ്പള്ളിക്ക് വേണ്ടി ശബ്ദമുയര്‍ത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ മുല്ലപ്പളിക്ക് എതിരെ വന്‍ വിമര്‍ശനമുണ്ടെന്നാണ് സൂചനകള്‍.

ആരോഗ്യമന്ത്രി കെ കെ ശൈലലജയെ കൊവിഡ് റാണി, നിപാ രാജകുമാരി എന്നിങ്ങനെ വിശേഷിപ്പിച്ച് മുല്ലപ്പള്ളി നടത്തിയ പ്രസ്താവനയാണ് രാഷ്ട്രീയ യുദ്ധത്തിന് വഴിയൊരുക്കിയത്. ആരോഗ്യമന്ത്രിക്ക് എതിരായ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നും വ്യക്തിപരമായ പരാമര്‍ശം ശരിയല്ലെന്നും കെ പി എ മജീദ് പറഞ്ഞു. എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് മുല്ലപ്പള്ളിയാണ്. പ്രസ്താവന പിന്‍വലിക്കണോ വേണ്ടയോ എന്ന നിലപാടെടുക്കേണ്ടതും അദ്ദേഹം തന്നെ. എന്നാല്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന ആയുധമാക്കി യു ഡി എഫിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അപലപനീയമാണെന്നും മജീദ് വ്യക്തമാക്കി.

രാവിലെ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് മുല്ലപ്പള്ളി വിഷയിത്തില്‍ തണുപ്പന്‍ പ്രതികരണം നടത്തി ഉമ്മന്‍ചാണ്ടി തടിയൂരാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹം ശക്തമായി പിന്തുണക്കുന്ന രീതിയില്‍ വാര്‍ത്താകുറിപ്പിറക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റിനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താമെന്ന് സര്‍ക്കാറും സിപിഎമ്മും കരുതേണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന.

ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രി മുമ്പ് നടത്തിയ ചില പദപ്രയോഗങ്ങളെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് അധിക്ഷേപിക്കാനും അപമാനിക്കാനും അനുവദിക്കില്ലെന്നും വ്യക്തമാക്കി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ പരനാറിയെന്നു വിശേഷിപ്പിച്ചും ടിപി വധക്കേസ് സമയത്ത് കുലംകുത്തിയെന്ന് ആപേക്ഷപിച്ചും ചെറ്റ, ചെറ്റത്തരം തുടങ്ങിയ പ്രയോഗങ്ങള്‍ നിരന്തരം പ്രയോഗിച്ചും പരിചയമുള്ളയാളാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വിമര്‍ശിച്ചു. മന്ത്രിമാര്‍ സ്ത്രീകളെ പൂതനയെന്നും പറയാന്‍ കൊള്ളാത്ത വാക്കുകള്‍ ഉപയോഗിച്ചും വിമരശിച്ചപ്പൊള്‍ മുഖ്യമന്ത്രി മൗനം പാലിച്ചു. കായംകുളം എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്ന വ്യക്തിത്വമാണ് മുല്ലപ്പള്ളിയുടെത്. അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും അധിക്ഷേപിക്കാനും കേരളത്തിലെ കോണ്‍ഗ്രസുമാര്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ വിവിധ ഗ്രൂപ്പുകള്‍ മുല്ലപ്പള്ളിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതായാണ് വിവരം. പലപ്പോഴും വിവാദ പ്രസ്താവനകള്‍ നടത്തുന്ന മുല്ലപ്പള്ളിക്കെതിരായ അവസരം പരമാവധി ഉപയോഗപ്പടുത്താന്‍ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്. പരസ്യമായി അദ്ദേഹത്തെ പിന്തുണക്കുമ്പോഴും അണിയറയില്‍ പാരവെപ്പ് നടത്താന്‍ നേതാക്കള്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Latest