Connect with us

National

ഗാല്‍വന്‍ വാലിയിലെ ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ല: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ഗാല്‍വന്‍ വാലിയിലെ ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മളെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപനമുണ്ടാക്കിയാല്‍ അതിന് ഏത് തരത്തില്‍ മറുപടി നല്‍കാനും രാജ്യത്തിന് കരുത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങും മുമ്പ് വീരമൃത്യു വരിച്ച ജവാന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ അദ്ദേഹം രണ്ട് മിനുട്ട് മൗനപ്രാര്‍ഥനയും നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വൈകീട്ട് അഞ്ചിന് ചേരുന്ന യോഗത്തില്‍ വിവിധ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ പങ്കെടുക്കും.

ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വന്‍ താഴ്‌വരയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ചൈനക്കും കനത്ത നാശം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഉപഗ്രഹ ചിത്രങ്ങളുടേയും മറ്റും അടിസ്ഥാനത്തിലാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. 43 ചൈനീസ് സൈനികര്‍ക്ക് മരണമോ, പരുക്കോ സംഭവിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാര്യമായ തിരിച്ചടി ഇന്ത്യന്‍ സൈന്യം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ 20 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

Latest