Connect with us

Uae

ഓഫീസുകളുടെ പ്രവർത്തനം നൂറ് ശതമാനം: ജീവനക്കാർക്ക് ഡി എച്ച് എയുടെ ആരോഗ്യ സുരക്ഷാ നിർദേശം

Published

|

Last Updated

ദുബൈ | സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നൂറ് ശതമാനം പുനസ്ഥാപിച്ചതിനെ തുടർന്ന് ജീവനക്കാർ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ദുബൈ ഹെൽത് അതോറിറ്റി (ഡി എച്ച് എ) അറിയിച്ചു. കൊവിഡ്-19 വ്യാപനം തടയാനുള്ള മാർഗനിർദേശങ്ങൾ ജീവനക്കാർക്ക് അധികൃതർ നൽകി.

സ്വയം സുരക്ഷിതരായിരിക്കുന്നതോടൊപ്പം സഹപ്രവർത്തകർക്കും രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ ജീവനക്കാർ എടുക്കണമെന്ന് ഡി എച്ച് എ പൊതുജനാരോഗ്യ സംരക്ഷണ വിഭാഗം ഡയറക്ടർ ഡോ. ബദ്‌രിയ അൽ ഹർമി പറഞ്ഞു.
◊ മാസ്ക് നിർബന്ധമായും ധരിക്കണം.
◊ മാസ്‌ക് ധരിക്കുന്നതിന് മുമ്പ് കൈകൾ കഴുകണം.
◊ ശരിയായ രീതിയിലാണോ മാസ്‌ക് ധരിച്ചതെന്ന് ഉറപ്പുവരുത്തണം.
◊ ഉപയോഗിക്കാനുള്ള മാസ്‌കുകൾ ബാഗിനുള്ളിൽ സൂക്ഷിക്കണം.
◊ കൈകൾ സോപ്പുപയോഗിച്ച് ചുരുങ്ങിയത് 20 സെക്കൻഡ് കഴുകണം.
◊ മറ്റുള്ളവരിൽ നിന്ന് എപ്പോഴും ചുരുങ്ങിയത് ഒരു മീറ്റർ ശാരീരിക അകലം പാലിക്കണം. താമസ സ്ഥലത്തും ഓഫീസിലും വ്യാപാര കേന്ദ്രങ്ങളിലും നിർബന്ധമായും ഇത് പാലിക്കണം.
◊ ജീവനക്കാർ എപ്പോഴും ഹാൻഡ് സാനിറ്റൈസർ കരുതണം.
◊ വ്യക്തിഗത വസ്തുക്കൾ ഒരിക്കലും കൈമാറരുത്.
◊ ഓഫീസിലാണെങ്കിൽ അവരവർക്ക് നൽകിയ ഫോൺ മാത്രം ഉപയോഗിക്കുക. ഫോൺ കൈമാറേണ്ട സാഹചര്യത്തിൽ അണുനശീകരണം നടത്തണം.
◊ ധരിച്ചിരിക്കുന്ന ഗ്ലൗസ് ഇടവിട്ട് സാനിറ്റൈസ് ചെയ്യണം.
◊ ഗ്ലൗസ് ധരിച്ച കൈ ഉപയോഗിച്ച് മുഖത്തും കണ്ണിലും മൂക്കിലും സ്പർശിക്കരുത്.
◊ ജോലിസ്ഥലത്ത് സഹപ്രവർത്തകർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. സംഘം ചേരുകയും അരുത്.
◊ തീവ്രതയില്ലാത്ത പനിയാണെങ്കിലും ശ്വാസ തടസമുണ്ടെങ്കിലും ഫ്‌ളു ലക്ഷണങ്ങളുണ്ടെങ്കിലും, കൊവിഡ്-19 പോസിറ്റീവ് ആയവരുമായി അടുത്ത് ഇടപഴകിയവരും ജോലിക്ക് പോകരുത്.
◊ ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ഓഫീസിൽ വിവരം അറിയിക്കുകയും, തൊഴിലിടങ്ങളിൽ എല്ലാവിധ ആരോഗ്യ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുകയും വേണം.
◊ കൂടിക്കാഴ്ചകളും യോഗങ്ങളും ഇലക്‌ട്രോണിക് രീതിയിലേക്ക് മാറ്റണം. സാധിക്കില്ലെങ്കിൽ ശക്തമായ സുരക്ഷാ മുൻകരുതലുകളോടെ ശാരീരിക അകലം പാലിച്ച് നടത്തണം. അത്യാവശ്യമുള്ളവരെ മാത്രം പങ്കെടുപ്പിക്കുക.
◊ മീറ്റിംഗ് റൂമിൽ സാനിറ്റൈസർ, ടിഷ്യൂ, ഡസ്റ്റ് ബിൻ നിർബന്ധം.
◊ ഇരിപ്പിടങ്ങൾ തമ്മിൽ ഓരോ മീറ്റർ അകലം വേണം.
◊ പുറത്തുനിന്ന് ഓഫീസിലേക്കോ താമസ സ്ഥലത്തേക്കോ വരികയാണെങ്കിൽ വീട്ടിലേക്ക് കയറും മുമ്പ്, മാസ്‌ക്, ഗ്ലൗസ് ഉപേക്ഷിക്കുക, പാദരക്ഷ വാതിൽ പടിക്ക് പുറത്തുവെക്കുക, ഫോൺ, വാഹനത്തിന്റെ താക്കോൽ, വാലെറ്റ് എന്നിവ അണുമുക്തമാക്കുക, കൈകൾ രണ്ടും വൃത്തിയായി കഴുകുക, വസ്ത്രം മാറുക.
വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടേണ്ടത് ഔദ്യോഗിക സ്രോതസുകളിലൂടെയായിരിക്കണമെന്നും ഡോ. ബദ്‌രിയ അൽ ഹർമി ഉണർത്തി.

---- facebook comment plugin here -----

Latest