Connect with us

Covid19

കൊറോണ വൈറസ് വ്യാപനം; ഡൽഹിക്ക് പുതിയ പദ്ധതിയുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ കൊറോണ വൈറസ് വ്യാപനം കൂടുന്നതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തി.

ചര്‍ച്ചയില്‍ വൈറസിനെ ഏങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തുവെന്നും വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈകൊണ്ടെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ പരിശോധന ഇരട്ടിയാക്കും. ആറ് ദിവസത്തിനുള്ളില്‍ ഇത് മൂന്നിരട്ടിയാക്കുമെന്നും അമിത് ഷാ പറഞ്ഞു. ചര്‍ച്ചയില്‍ ഡല്‍ഹി ലഫ്.ജനറല്‍ അനില്‍ ബെയ്ജാള്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍, എ ഐ ഐ എം എസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുല്ലേറിയ പങ്കെടുത്തു.

പരിശോധന വര്‍ധിപ്പിക്കുന്നതിന് പുറമെ ഒരു പ്രദേശം കണ്ടെയിന്‍മെന്റ് സോണാക്കും. ഇവിടെ പോളിംഗ് ബുത്തുകള്‍ തിരിച്ച് അടുത്ത ആഴ്ച പരിശോധന ആരംഭിക്കും. കൂടതല്‍ അപകടകരമായ പ്രദേശങ്ങളില്‍ വീടുകള്‍തോറും ബോധവത്കരണം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് ഒരോ ആഴ്ചയും സമര്‍പ്പിക്കണം. കണ്ടെയിന്‍മെന്റ് സോണിലുള്ള എല്ലാവരും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്നും അമിത് ഷാ പറഞ്ഞു.

കൊറോണ രോഗികള്‍ക്കായി 500 റെയില്‍വേ കോച്ചുകളിലായി 8000 കിടക്കകള്‍ നല്‍കും. കൂടാതെ തലസ്ഥാന നഗരിയില്‍ ആരോഗ്യരംഗം മികച്ചതാക്കും. ആവശ്യമായ എല്ലാ വിഭവങ്ങളും ഇവയില്‍ ഉള്‍പ്പെടുത്തും. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി വെന്റിലേറ്റര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ തുടങ്ങിയവെല്ലാം ഡല്‍ഹി സര്‍ക്കാറിന് കേന്ദ്രം നല്‍കും. കൂടാതെ സ്വകാര്യ ആശുപത്രികളിലെ കിടക്കകള്‍ 60 ശതമാനം നിരക്കില്‍ ലഭ്യമാക്കുമെന്നും ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ പരിശോധനാ ചാര്‍ജും ചികിത്സാ നിരക്കും സംബന്ധിച്ച റിപപോര്‍ട്ട് ഡോ. വി കെ പോളിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തിങ്കളാഴ്ച സമര്‍പ്പിക്കും.

ആരോഗ്യപ്രതിസന്ധി നേരിടുന്നതില്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു. രോഗികള്‍ക്ക് ആശുപത്രിയില്‍ കിടക്കകള്‍ കിട്ടുന്നല്ലെന്നും ലാബുകളില്‍ പരിശോധന നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും നിരവധി പരാതി ഉയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗികളെ പിന്തുടരുന്നതില്‍ ഡല്‍ഹി പിന്നിലാണെന്നും ഷാ പറഞ്ഞു.
പ്രതിസന്ധി നേരിടുന്നതിനായി അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സേവനം ഡല്‍ഹി സര്‍ക്കാറിന് കേന്ദ്രം നല്‍കി.

ഡല്‍ഹിയില്‍ വൈറസ് വ്യാപനമുണ്ടാകാതെയിരിക്കാന്‍ ഏകികൃത പോരാട്ടം നടത്താന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. വൈറസ് വ്യാപനം തടയാന്‍ ഈ തീരുമാനങ്ങള്‍ നിര്‍ണായകമാണെന്ന് അരവിന്ദ് കെജരിവാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Latest