Connect with us

Articles

അവധിയില്ലാതെ അവകാശപ്പോരാട്ടങ്ങള്‍

Published

|

Last Updated

കേരളം പല കാരണങ്ങളാല്‍ ലോകത്തുതന്നെ വേറിട്ടുനില്‍ക്കുന്ന തുരുത്താണ്. വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും “കേരള മോഡല്‍” തന്നെ വികസിപ്പിക്കാന്‍ നമുക്കായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കൊവിഡ് ബാധയുടെ കാലത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കേരളം നിവര്‍ന്നുനില്‍ക്കുന്നത് കാണുന്നില്ലേ? എങ്ങനെയാണ് നമ്മള്‍ ഇത് സാധിച്ചത്? കോളനി വാഴ്ചക്കാലത്ത് വലിയ അടിച്ചമര്‍ത്തലുകള്‍ക്കും പ്രതികാര നടപടികള്‍ക്കും വിധേയമായ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് കേരളം. ബ്രിട്ടീഷ് അതിക്രമത്തില്‍ മുതുകൊടിഞ്ഞു വീണിട്ടും അവിടെ നിന്ന് നമ്മള്‍ ഉയിര്‍ത്തെഴുന്നേറ്റു. എങ്ങനെ? മൂന്ന് ഉത്തരങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.
ഒന്ന്, രാഷ്ട്രീയ പ്രബുദ്ധത. രണ്ട്, ഗള്‍ഫ് കുടിയേറ്റം. മൂന്ന്, ഇത് രണ്ടിന്റെയും ഫലമായി ഉണ്ടായ വിദ്യാഭ്യാസ പുരോഗതി. അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, ചുമതലകളെക്കുറിച്ചും ബോധമുള്ള ജനതയാണ് മലയാളികള്‍. സമരവേലിയേറ്റങ്ങളുടെ നാട് എന്ന് പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് കേരളം. ഇവിടെ വിശ്വസിച്ച് നിക്ഷേപമിറക്കാനോ വ്യവസായങ്ങള്‍ ആരംഭിക്കാനോ കഴിയില്ലെന്ന അപഖ്യാതിയും ഉണ്ടായിട്ടുണ്ട്. അങ്ങനെ ആയിരിക്കുമ്പോഴും കേരളം ഇന്ന് കാണുന്ന പുരോഗതിയും പ്രബുദ്ധതയും കൈവരിച്ചത് അവകാശപ്പോരാട്ടങ്ങളുടെ കൂടി പിന്‍ബലത്തിലാണ് എന്നത് മറന്നുകൂടാ. ജനാധിപത്യത്തില്‍ സമരവും പ്രതിഷേധവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. എല്ലാ സമരങ്ങളെയും ഒരേ ത്രാസിലിട്ട് തൂക്കി കൊള്ളരുതാത്തത് എന്ന് വിധിക്കാനാകില്ല. എങ്കിലും സമരം വഴിതെറ്റിപ്പോയ ഒരു കാലം കേരളത്തിന് ഓര്‍ക്കാനുണ്ട്. എഴുപതുകള്‍ എന്ന് നമ്മള്‍ വിളിക്കുന്ന, സാഹിത്യത്തിലും സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും അങ്ങനെത്തന്നെ അടയാളപ്പെട്ട കാലം. തീവ്ര ഇടതുപക്ഷ ചിന്തകളുടെയും തീവ്രമായ ആവിഷ്‌കാരങ്ങളുടെയും കാലം. മാവോ ചിന്തകള്‍ക്ക് വേരോട്ടമുണ്ടായ കാലം. വിദ്യാര്‍ഥികള്‍ പലരും പഠനമുപേക്ഷിച്ച് തെരുവിലേക്കും സമരത്തിലേക്കുമിറങ്ങിയ കാലം. അന്ന് നടന്നതെല്ലാം തെറ്റാണ് എന്ന് വിലയിരുത്തുന്നത് ചരിത്രത്തോടുള്ള നിഷേധമാകും. ഒട്ടനവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് കേരളത്തില്‍ നടന്നിട്ടുണ്ട്. ചെറുമാസികകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, കവിയരങ്ങുകള്‍.. അങ്ങനെ പലതുമുണ്ടായിട്ടുണ്ട്. അതേസമയം, അധികാരികളുടെയും അവരുടെ സ്വന്തക്കാരുടെയും അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ ഉന്മൂലനം മാത്രമാണ് പരിഹാരമെന്ന അപകടകരവും ജനാധിപത്യവിരുദ്ധവുമായ ചിന്താഗതി അക്കാലത്ത് ശക്തിപ്പെടുകയും പോലീസ് സ്റ്റേഷന്‍ ആക്രമണവും ജന്മിമാരുടെ തലവെട്ടുന്നതുമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയില്‍ ഹിംസ വന്നുചേരുന്ന സന്ദര്‍ഭവും ഇത് തന്നെയാണ്.

അക്കാലത്ത് പ്രത്യക്ഷമായി രാഷ്ട്രീയം പറയാതെ, കക്ഷി രാഷ്ട്രീയത്തിന് പുറത്ത് ഒരു സംഘാടനം എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും വിദ്യാര്‍ഥികളിലേക്കിറങ്ങുന്ന ഒരു സംഘടനക്ക് വേര് പിടിപ്പിക്കാനും വെളിച്ചം കണ്ടെത്താനും സാധ്യമാകുന്ന അന്തരീക്ഷം സമുദായത്തില്‍ പോലുമുണ്ടായിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളോട് പൊരുതിനില്‍ക്കാന്‍ അപാരമായ ഇച്ഛാശക്തിയും വ്യക്തമായ ലക്ഷ്യബോധവും വേണ്ടിയിരുന്നു. അത് രണ്ടും കൈമുതലായുണ്ടായിരുന്നു എന്നതാണ് എസ് എസ് എഫ് എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അതിജീവനം സാധ്യമാക്കിയത്. മുളയിലേ നുള്ളാനും കൂമ്പൊടിച്ചു കളയാനുമുള്ള ശ്രമങ്ങളെ അക്കാലത്തെ സംഘടനാ നേതൃത്വമെങ്ങനെ കൈകാര്യം ചെയ്തുവെന്ന് ചരിത്രത്തിലുണ്ട്. തന്നിഷ്ടം പ്രവര്‍ത്തിക്കുകയായിരുന്നില്ല അവര്‍. കേരളത്തിലെ സമുന്നതരായ മഹാപണ്ഡിതന്മാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊത്ത് ചലിക്കുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശീര്‍വാദവും മേല്‍നോട്ടവും തന്നെയാണ് എസ് എസ് എഫിന്റെ വഴിയിലെ എന്നത്തേയും വെളിച്ചം.
രണ്ട് ലക്ഷ്യങ്ങളിലേക്കാണ് എസ് എസ് എഫ് തുഴയെറിഞ്ഞത്. ഒന്ന്, സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുക. രണ്ട്, യഥാര്‍ഥ രാഷ്ട്രീയബോധത്തിലേക്ക് വിദ്യാര്‍ഥികളെ വഴിതിരിച്ചുവിടുക. രണ്ടും ശ്രമകരമായിരുന്നു. കൊളോണിയല്‍ അധികാര പ്രയോഗങ്ങളുടെ പീഡാനുഭവങ്ങളില്‍ നിന്ന് മാനസികമായും സാമൂഹികമായും മുക്തമായിട്ടില്ലായിരുന്നു സമുദായം. രാഷ്ട്രീയമായ തീരുമാനങ്ങളിലൂടെ ഈ പതിതാവസ്ഥക്ക് പ്രതിവിധി കാണേണ്ടിയിരുന്നവര്‍ വോട്ടുബേങ്കിന്റെ കള്ളികള്‍ക്ക് പുറത്തേക്ക് മലയാളി മുസ്‌ലിംകള്‍ തെറിച്ചുപോകാതിരിക്കാനുള്ള പരിപാടികളില്‍ ആശ്വാസം കണ്ടെത്തി. അവര്‍ക്ക് അതൊക്കെ മതി എന്ന മനോഗതം. മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലബാറിലെ ഗ്രാമീണ മുസ്‌ലിം ജീവിതം അങ്ങേയറ്റം പരിക്ഷീണമായിരുന്നു. അതിനെ മറികടക്കാന്‍ മണലാരണ്യത്തിലേക്ക് കണ്ണും നട്ടിരിപ്പായിരുന്നു ചെറുപ്പക്കാര്‍. അവരോടാണ് എസ് എസ് എഫ് വിദ്യാഭ്യാസത്തെയും അവസരങ്ങളെയും കുറിച്ച് സംസാരിച്ചത്. അതൊരു സാഹസമായിരുന്നു. കേള്‍വിക്കാര്‍ കൂടുമ്പോഴും ഉള്‍ക്കൊള്ളുന്ന മനസ്സുകള്‍ കുറവായിരുന്നു. എന്നിട്ടും എസ് എസ് എഫ് പരിശ്രമം അവസാനിപ്പിച്ചില്ല. പതിയെപ്പതിയെ മാറ്റങ്ങളുണ്ടായി. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പഠനത്തിന് വേണ്ടി കുടിയേറുന്ന വിദ്യാര്‍ഥികളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചു. അതിപ്പോള്‍ മഹാമുന്നേറ്റമായിരിക്കുന്നു. വിപ്ലവകരമായ ആ മാറ്റം എസ് എസ് എഫിന്റെ കൂടി ശ്രമഫലമെന്ന് വിനയത്തോടെ ഞങ്ങള്‍ തിരിച്ചറിയുന്നു.

ഹിംസയുടെയും ശത്രുതയുടെയും രാഷ്ട്രീയത്തില്‍ നിന്ന് സര്‍ഗാത്മകതയുടെയും സേവനത്തിന്റെയും രാഷ്ട്രീയവഴികളിലേക്ക് വിദ്യാര്‍ഥികളെ വഴി നടത്തിയത് എസ് എസ് എഫ് ആണ്. ഒരു പാര്‍ട്ടിയുടെയും കൊടി പിടിച്ചില്ലെങ്കിലും രാഷ്ട്രീയം സംസാരിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും റദ്ദ് ചെയ്യപ്പെടുന്നില്ലെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് എടുത്തുപറയേണ്ട കാര്യം. ചൂടുള്ള മുദ്രാവാക്യങ്ങള്‍ ചുട്ടെടുക്കുന്നതിലല്ല, സമൂഹത്തിന് വേണ്ടി നമ്മളെന്തു ചെയ്യുന്നു എന്നിടത്താണ് നമ്മുടെ ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് എന്ന നിലപാടുതറയില്‍ നിന്നുകൊണ്ടാണ് എസ് എസ് എഫിന്റെ സമീപനങ്ങളും സമരങ്ങളും രൂപപ്പെട്ടത്. ചുറ്റിലും തിന്മ പെയ്യുമ്പോള്‍ മൂടിപ്പുതച്ചുറങ്ങാന്‍ സാധിക്കാത്ത വിധം വിദ്യാര്‍ഥിത്വത്തെ സമരസജ്ജമാക്കി എസ് എസ് എഫ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ക്യാമ്പസിന്റെ ശബ്ദമായി ഈ സംഘം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലിക്കറ്റ് വാഴ്സിറ്റി ക്യാമ്പസില്‍ എസ് എസ് എഫ് ഒരുക്കിയ, പത്ത് ദിനം നീണ്ട ആസാദി ക്യാമ്പസ് അക്കാര്യം അടിവരയിട്ടു. രാഷ്ട്രീയമായ വിധേയത്വത്തിന്റെ പേരില്‍ ഒരു തെറ്റിന് നേരെയും കണ്ണടക്കേണ്ടി വന്നിട്ടില്ല ഇന്നോളം. ഉജ്വലമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് എസ് എസ് എഫ്. അതിന്റെ പേരില്‍ ഒരു ക്രമസമാധാന പ്രശ്നമോ പൊതുമുതല്‍ നഷ്ടമോ ഉണ്ടായതായി ആര്‍ക്കും ആരോപിക്കാന്‍ പോലും കഴിയില്ല! ഒരു വിദ്യാര്‍ഥി സംഘടനക്ക് അഭിമാനിക്കാന്‍ ഇതില്‍പരം മറ്റെന്തുവേണം? എസ് എസ് എഫ് കേരളത്തിന് പുതിയ സമര സംസ്‌കാരം പരിചയപ്പെടുത്തി എന്ന് കാലം അതിന്റെ നാള്‍വഴി പുസ്തകത്തില്‍ കുറിച്ചിടാതിരിക്കില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പുതിയ കാലത്തേക്ക് ചുവടുവെക്കുമ്പോള്‍ സംഘടനക്ക് കരുത്താകുന്നതും ആ ആത്മവിശ്വാസം തന്നെ.

ഭാവിയില്‍ വൈജ്ഞാനിക വര്‍ധനവ് ലക്ഷ്യമിടണമെന്നാണ് എസ് എസ് എഫ് ആവശ്യപ്പെടുന്നത്. പഠനം, പരീക്ഷാ കേന്ദ്രിതമായി ചുരുങ്ങാതെ വൈജ്ഞാനിക വികാസത്തിലേക്ക് ലക്ഷ്യം പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പൊതുബോധവും ആ തലത്തിലേക്ക് മാറ്റപ്പെടേണ്ടതുണ്ട്. നമുക്കിനി വേണ്ടത് മികച്ച അക്കാദമീഷ്യന്മാരെയും തല പുകക്കുന്ന ഗവേഷകന്മാരെയുമാണ്. അതിന് വിദ്യാര്‍ഥികളുടെ സന്നദ്ധത മാത്രം പോരാ, ഭരണകൂടത്തിന്റെ മുന്‍കൈ ആവശ്യമാണ്.

കൊവിഡാനന്തര കാലത്ത് മാനുഷിക രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുന്നത് പ്രതീക്ഷയാണ്. സാമൂഹികമായ വിശാല താത്പര്യങ്ങള്‍ മുന്നോട്ടുവെക്കുന്ന, അവഗണിക്കപ്പെട്ടവരുടെ ആശങ്കകള്‍ക്ക് ചെവിയോര്‍ക്കുന്ന ഈ കാലം വലിയ മാറ്റങ്ങള്‍ സാധ്യമാക്കുമെന്ന് തീര്‍ച്ചയാണ്. അതിന്റെ മുന്‍നിരയില്‍ വിദ്യാര്‍ഥിത്വത്തെ അണിനിരത്താനുള്ള ശ്രമങ്ങളിലേക്ക് എസ് എസ് എഫ് ചുവടുവെച്ചു കഴിഞ്ഞു. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ സങ്കല്‍പ്പങ്ങളെ ഇനിയും കൂടുതല്‍ തിളക്കത്തോടെ എസ് എസ് എഫ് പ്രകാശിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ പൊളിറ്റിക്കല്‍ സ്‌കൂളിംഗ് വ്യാപകമാക്കും. വരും തലമുറക്ക് കാമ്പുള്ള രാഷ്ട്രീയം നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള ഇടപെടലുകളുണ്ടാകും. ഡിജിറ്റല്‍ ലോകത്ത് ഒതുങ്ങിപ്പോകാതെ ചുറ്റുപാടും കാണാനും ഇടപെടാനുമുള്ള കാഴ്ചപ്പാട് പരിപോഷിപ്പിക്കും. ഡിജിറ്റല്‍ ലോകത്തും പുറത്തും അവര്‍ നന്മയുടെ വാഹകരാകും. ഡല്‍ഹിയില്‍ സി എ എ വിരുദ്ധ സമരം നയിച്ച വിദ്യാര്‍ഥികളെ ഭരണകൂടം യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാക്കളോട് എസ് എസ് എഫ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. കൊടുംവെയിലില്‍ ഉരുകിയും സമരമുഖങ്ങളില്‍ പതറാത്ത സാന്നിധ്യമായി എസ് എസ് എഫ് നിറഞ്ഞുനില്‍ക്കും. ഈ സ്ഥാപകദിനം ആ പ്രതിജ്ഞയെടുക്കാന്‍ കൂടിയുള്ള അവസരമായി ഞങ്ങള്‍ കാണുന്നു. ധാര്‍മിക വിപ്ലവം സിന്ദാബാദ്.

ജന. സെക്രട്ടറി, എസ് എസ് എഫ് കേരള

Latest