Connect with us

Articles

ദുരന്തകാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍...

Published

|

Last Updated

ഒരു സര്‍ക്കാര്‍ ഉദ്യോഗം എപ്പോഴെങ്കിലുമൊക്കെ മിക്കവാറും എല്ലാ മലയാളികളുടെയും സ്വപ്നവും ആഗ്രഹവും ആണെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പറ്റി സമൂഹത്തിന്റെ മൊത്തം അഭിപ്രായം പൊതുവെ നെഗറ്റീവ് ആണ്. ഏതൊരു ആവശ്യത്തിന് ചെന്നാലും അതിന് ഉടക്ക് വെക്കുന്നവര്‍, ചെറിയ കാര്യത്തിന് പോലും പല പ്രാവശ്യം നടത്തിക്കുന്നവര്‍, കൈക്കൂലി മേടിക്കുന്നവര്‍ എന്നിങ്ങനെ പരാതികള്‍ പലതുണ്ട് അവരുടെ പേരില്‍. എല്ലാ ഉദ്യോഗസ്ഥരും ഒരു പോലെ അല്ലെങ്കിലും ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കിട്ടാത്തവര്‍ കുറവാണ്, അതുകൊണ്ട് തന്നെ ഇത്തരം സ്റ്റീരിയോ ടൈപ്പുകള്‍ സമൂഹത്തില്‍ പതിഞ്ഞു കിടക്കുന്നു.

പക്ഷെ, ഒരു ദുരന്തം വരുമ്പോള്‍ കാര്യങ്ങള്‍ അടിമുടി മാറുകയാണ്. 2018 ലെ പ്രളയത്തിലും ഇപ്പോഴത്തെ കൊറോണയിലും നമ്മുടെ സിവില്‍ സര്‍വീസിന്റെ ഏറ്റവും നല്ല മുഖമാണ് പുറത്തു വരുന്നത്. ഔദ്യോഗികമായ കാര്യക്ഷമത വര്‍ദ്ധിക്കുന്നത് മാത്രമല്ല വ്യക്തിപരമായും കൂട്ടായും അവര്‍ കാണിക്കുന്ന മാനുഷിക മൂല്യങ്ങള്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നത് തന്നെയാണ്. ഇതിന് വലിയ ഉദ്യോഗമെന്നോ ചെറിയ ഉദ്യോഗമെന്നോ വ്യത്യാസമില്ല, വകുപ്പുകള്‍ തമ്മില്‍ ഭേദവുമില്ല. ഈ കൊറോണക്കാലത്ത് അത്തരം എത്രയോ അനുഭവങ്ങളാണ് നമ്മള്‍ കാണുന്നതും വായിക്കുന്നതും.

കൊറോണക്കാലത്തെ ഈ മുന്‍നിരപ്പോരാളികളില്‍ പ്രധാനികള്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന് പറയുമ്പോള്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ആണ് നമ്മുടെ ചിന്തയില്‍ ആദ്യം വരുന്നതും ഏറ്റവും മുന്‍ നിരയില്‍ കാണുന്നതും. പക്ഷെ അവിടെ തീരുന്നതല്ല ആരോഗ്യപ്രവര്‍ത്തകരുടെ നിര. ഫര്‍മസിസ്റ്റ്‌സ്, ലബോറട്ടറി സ്റ്റാഫ് എന്നിവര്‍ മുതല്‍ ആശുപത്രിയിലെ ക്‌ളീനിംഗ് സ്റ്റാഫും മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നവരും ഉള്‍പ്പെട്ട ഒരു സംഘമാണ് നമ്മുടെ കൊറോണ യുദ്ധം മുന്‍ നിരയില്‍ നിന്ന് നയിക്കുന്നത്. നമ്മളോട് വീട്ടിലിരിക്കാന്‍ പറഞ്ഞിട്ട് യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത് ഇവരാണ്.

നമ്മള്‍ അറിയാത്ത മറ്റൊരു സംഘം ആരോഗ്യ പ്രവര്‍ത്തകരും നമ്മുടെ ഇടയിലുണ്ട്. ആശുപ്രത്രിയില്‍ എത്തുന്ന രോഗികളുടെ ആരോഗ്യ സംരക്ഷണമല്ല, പൊതുജനാരോഗ്യ സംരക്ഷണമാണ് ഇവരുടെ തൊഴില്‍ മേഖല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുതല്‍ ആശാ വര്‍ക്കര്‍ വരെ. ആശുപത്രികള്‍ക്ക് പുറത്ത് സമൂഹത്തിലേക്കിറങ്ങി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് നമ്മള്‍ അധികം ശ്രദ്ധിക്കാറില്ല. പൊതുജനാരോഗ്യ സംരക്ഷണത്തിന് നമ്മുടെ ആരോഗ്യത്തിലുള്ള പങ്ക് നമ്മള്‍ അറിയാറുമില്ല. വാസ്തവത്തില്‍ ഞാന്‍ ഇന്ന് വരെ കേരളത്തിലെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഔദ്യോഗിക ജോലിക്കിടയില്‍ നേരിട്ട് കണ്ടിട്ടില്ല. മുനിസിപ്പാലിറ്റികളില്‍ പഴകിയ ഭക്ഷണം പിടിച്ചെടുക്കുമ്പോള്‍ വരുന്ന റിപ്പോര്‍ട്ടില്‍ മാത്രമാണ് അവരുടെ പേരുകള്‍ കാണാറുള്ളത്. പക്ഷെ ഈ കൊറോണക്കാലത്ത് എയര്‍പോര്‍ട്ടില്‍ വരുന്ന ആളുകളുടെ റിപ്പോര്‍ട്ട് എടുക്കുന്നത് മുതല്‍, ക്വാറന്റൈനിലുള്ള ആളുകളുടെ ലിസ്റ്റ് സൂക്ഷിക്കുക, അവരെ വിളിച്ച് ആരോഗ്യകാര്യങ്ങള്‍ അന്വേഷിക്കുക, കമ്മ്യൂണിറ്റി കിച്ചനിലെ ഭക്ഷണനിലവാരം ഉറപ്പുവരുത്തുക, ഇതര സംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്ന ക്യാമ്പുകളിലെ ശുചിത്വം ഉറപ്പു വരുത്തുക എന്നിങ്ങനെ എത്രയോ കാര്യങ്ങളിലാണ് അവര്‍ മുന്നിലുള്ളത്. നമ്മുടെ ആരോഗ്യ രംഗത്തെ “unsung heroes” ആണ് ഇവര്‍.

സാധാരണ ഗതിയില്‍ ആരോഗ്യ പ്രവര്‍ത്തനം പോലീസുകാരുടെ ജോലിയല്ല. പക്ഷെ ഈ കൊറോണ യുദ്ധം നമ്മള്‍ ഇപ്പോള്‍ ജയിച്ചു നില്‍ക്കുന്നതില്‍ നമ്മുടെ പോലീസ് സേനക്കുള്ള പങ്ക് എടുത്ത് പറയാതെ വയ്യ. പണ്ട് തന്നെ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരാണ് മിക്ക പോലീസുകാരും, ഇപ്പോള്‍ അത് പലപ്പോഴും പ്രതിനാറു മണിക്കൂറായി. ഉത്തരവാദിത്തമില്ലാതെ ലോക്ക് ഡൌണ്‍ ലംഘിച്ച് റോഡില്‍ ഇറങ്ങുന്നവരെ തടയുക, വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടവര്‍ അത് ലംഘിച്ചാല്‍ അവരെ പോയി പറഞ്ഞു മനസിലാക്കുക, ആവശ്യക്കാരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കുക, മരുന്നെത്തിക്കുക, ഭക്ഷണവും ഭക്ഷണ സാധനങ്ങളും എത്തിക്കുക, ഇതിനിടയില്‍ സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലാതിരിക്കുക, മറ്റുള്ളവരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്താല്‍ സ്വയം ക്വാറന്റൈനില്‍ പോകേണ്ടി വരിക എന്നിങ്ങനെ എത്രയോ ഉത്തരവാദിത്തങ്ങളും പ്രശ്‌നങ്ങളും അവര്‍നേരിടുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ യുദ്ധത്തിലെ രണ്ടാമത്തെ വ്യൂഹം ആണിവര്‍. പോലീസിന്റെ ഇടപെടലും സഹായവുമില്ലാതെ ആളുകളെ സ്വന്തം ഇഷ്ടത്തിന് പെരുമാറാന്‍ വിട്ടിരുന്നെങ്കില്‍ നമ്മുടെ കാര്യം കട്ടപ്പൊക ആയേനെ.

കേരളത്തില്‍ ദുരന്ത നിവാരണത്തിന്റെ ഔദ്യോഗിക ഉത്തരവാദിത്തം റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനാണ്. ദുരന്ത നിവാരണ അതോറിറ്റി മുതല്‍ വില്ലേജ് ഓഫീസുകള്‍ വരെയുള്ള റവന്യൂ വകുപ്പിന് കീഴിലുള്ള സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഈ യുദ്ധത്തില്‍ പങ്കാളികളായുണ്ട്. വളരെ പരിമിതമായ വിഭവങ്ങളാണ് അവര്‍ക്ക് ദുരന്ത നിവാരണത്തിന് ലഭിക്കുന്നത്, മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഉള്ളത് പോലെ വിസിബിലിറ്റി കിട്ടുന്നുമില്ല, അതിലവര്‍ക്ക് പരാതിയില്ല, യുദ്ധത്തിലെ വിജയമാണ് അവരുടെയും ലക്ഷ്യം.

കേരളം കൊറോണയെ ഇത്രയും നന്നായി നേരിടുന്നതിന് അടിസ്ഥാനമായ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പലരും ചൂണ്ടിക്കാണിക്കുന്നത് ത്രിതല സമ്പ്രദായത്തിലുള്ള നമ്മുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയും, കരുത്തും, മത്സരവുമാണ്. ഈ കൊറോണ യുദ്ധത്തില്‍ നമ്മുടെ ജനപ്രതിനിധികള്‍ വഹിക്കുന്ന പങ്കിനെ പറ്റി ഞാന്‍ പിന്നീടൊരിക്കല്‍ എഴുതുന്നുണ്ട്. പക്ഷെ ഇപ്പോള്‍ പറയേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കുറിച്ചാണ്. കമ്മ്യൂണിറ്റി കിച്ചണുകള്‍ കേരളത്തില്‍ സ്ഥാപിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അതിന് മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞ്, മണിക്കൂറുകള്‍ക്കകം ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചന്‍ പഞ്ചായത്തുകളില്‍ ഉണ്ടായിക്കഴിഞ്ഞു. 24 മണിക്കൂറിനകം 900 ന് മുകളില്‍, 48 മണിക്കൂര്‍ ആയപ്പോള്‍ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 1030 ലും കമ്മ്യൂണിറ്റി കിച്ചണുകളായി. കേരളം ലോകത്തിന് മാതൃകയാണെന്ന് എനിക്ക് പലപ്പോഴും പറയാനാകുന്നത് ഇത്തരം കാര്യക്ഷമത കാണുന്നതുകൊണ്ടാണ്.

പറയേണ്ട വകുപ്പുകള്‍ ഇനിയും ഉണ്ട്. മറുനാടന്‍ തൊഴിലാളികളുടെ കാര്യം നോക്കുന്ന തൊഴില്‍ വകുപ്പ്, ബിവറേജസ് അടച്ചിട്ടും മദ്യദുരന്തം ഉണ്ടാകാതെ കാക്കുന്ന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയ സിവില്‍ സപ്ലൈസ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, എന്നിങ്ങനെ പലതും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ തികച്ചും കസ്റ്റമര്‍ ഫ്രണ്ട്‌ലിയും കാര്യക്ഷമവും ആയി മാറിയ വൈദ്യതി വകുപ്പിനെ പറ്റി പ്രത്യേകം തന്നെ എഴുതാനുള്ളത് കൊണ്ട് ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല. ഈ കൊറോണക്കാലത്തും അവരുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു എന്ന് മാത്രം പറയാം. വിട്ടു പോയിട്ടുള്ള വകുപ്പുകള്‍ ആണ് കൂടുതലും, അവര്‍ പരാതി പറയുമെന്നും അറിയാം. അതുകൊണ്ട് നിങ്ങള്‍ക്കും ഈ വിഷയത്തില്‍ ഏതൊക്കെ വകുപ്പുകളെയാണ് അഭിനന്ദിക്കേണ്ടതെന്ന് പറയാം. ആരെയും മനഃപൂര്‍വം ഒഴിവാക്കിയതുമല്ല, അറുപത് വകുപ്പുകളെയും പറ്റി ഒരുമിച്ച് പറയാന്‍ സാധിക്കില്ലല്ലോ.

ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്കും നമ്മുടെ കൊറോണക്കാലത്തെ പ്രതിരോധത്തില്‍ വലിയ പങ്കുണ്ട്. അതും ഞാന്‍ അടുത്ത ദിവസം പറയാം. ലോകത്തില്‍ ഒരു സര്‍ക്കാരിനും ജനങ്ങളുടെ എല്ലാ ആവശ്യവും നിറവേറ്റാന്‍ പറ്റില്ല, സ്വകാര്യ മേഖലക്കും സഹകരണ മേഖലക്കും അതില്‍ വലിയ പങ്കുണ്ട്. ഈ കൊറോണക്കാലത്ത് നിന്നും നമുക്ക് ഇനിയും ഏറെ പഠിക്കാനുമുണ്ട്.

അവസാനമായി നമ്മുടെ യുവാക്കളായ കലക്ടര്‍മാരെപ്പറ്റിയും രണ്ടു വാക്ക്. കളക്ടര്‍മാര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ ഉണ്ടെന്നും അതൊക്കെ കുറക്കാന്‍ സമയമായി എന്നുമൊക്കെ വിശ്വസിക്കുന്ന ഒരാളായ ഞാന്‍, അതിനെ പറ്റി എഴുതിയിട്ടുമുണ്ട്. അതൊരു താത്വികമായ അവലോകനമാണ്. പക്ഷെ ഓരോ ദുരന്ത കാലത്തും എത്രമാത്രം കാര്യക്ഷമതയോടെയാണ് നമ്മുടെ യുവാക്കളായ കളക്ടര്‍മാര്‍ അതില്‍ ഇടപെടുന്നത് എന്നത് എന്നെ എപ്പോഴും അതിശയിപ്പിക്കുന്നു. ആരോഗ്യം മുതല്‍ ഭക്ഷണം വരെ എത്രയോ കാര്യങ്ങളാണ് അവര്‍ക്ക് കൈകാര്യം ചെയ്യാനുള്ളത്? അവര്‍ ദിവസം എത്ര മണിക്കൂര്‍ ഇപ്പോള്‍ ഉറങ്ങുന്നുണ്ടാകും? കേരളം മുഴുവന്‍ ലോക്ക് ഡൗണില്‍ ആയ ഈസമയത്ത് കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് ഒത്ത് അപ്രതീക്ഷിത സമയം പങ്കുവെക്കാനാകുമ്പോള്‍, ഇവരുടെ കുടുംബങ്ങളില്‍ കാര്യങ്ങള്‍ തിരിച്ചായിരിക്കില്ലേ?

എന്താണെങ്കിലും ഒരു കാര്യം ഉറപ്പായും പറയാം. ഓരോ ദുരന്തകാലവും നമ്മളോട് പറയുന്നത് ഇതാണ്. നമ്മുടെ സിവില്‍ സര്‍വീസ്, കളക്ടര്‍ മുതല്‍ ക്‌ളീനിങ്ങ് സ്റ്റാഫ് വരെ സിവില്‍ സര്‍വീസ് എന്നതിന്റെ അര്‍ഥം മനസ്സിലാക്കിയിട്ടുള്ളവര്‍ തന്നെയാണ്. ഒന്നിന് പുറകെ ഒന്നായി വരുന്ന വെല്ലുവിളികള്‍ ഓരോന്നിനും ഒപ്പം അവരുടെ സേവന നിലവാരവും ഉയരുന്നുണ്ട്. ഇവരൊക്കെയാണ് നാളെ നമ്മുടെ സിവില്‍ സംവിധാനത്തിലെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുന്നതെന്നത് നമുക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്താല്‍ മാത്രം മതി. ഈ കൊറോണക്കാലത്തു നിന്നും നമ്മള്‍ പഠിച്ച പാഠങ്ങള്‍ എങ്ങനെയാണ് സിവില്‍ സര്‍വീസിന്റെ സംസ്‌കാരത്തിന്റെ ഭാഗമാക്കുക എന്നതാണ് ഇനി ഭരണ നേതൃത്വം ചിന്തിക്കേണ്ടത്.

കൊറോണ യുദ്ധരംഗത്തും പ്രതിരോധ രംഗത്തുമുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആദരവോടെ, അഭിമാനത്തോടെ, അത്ഭുതത്തോടെ എന്റെ കൂപ്പു കൈ

Latest