Connect with us

Articles

റോം കത്തുന്നു; നീറോ വീണമീട്ടുന്നു

Published

|

Last Updated

കെ സി ബി സി, കെ പി സി സിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ഞങ്ങള്‍ ക്രിസ്തുമത പരിഷ്‌കരണ വാദികള്‍ ആദ്യമൊക്കെ ആരോപിച്ചിരുന്നത്. അത് മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നു. അവരിപ്പോള്‍ ആര്‍ എസ് എസിന്റെ അനുയായികളാകാന്‍ ശ്രമിക്കുകയാണ്. ഈയിടെ ചില ആര്‍ എസ് എസ് നേതാക്കള്‍ കാക്കനാട്ടെ ആര്‍ച്ച് ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കുകയും ഒപ്പം നിന്ന് സെല്‍ഫി എടുക്കുകയും ഒക്കെ ചെയ്തപ്പോള്‍ ഇത്രയും പോകുമെന്ന് കരുതിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യ വ്യാപകമായി വളര്‍ന്നു വരുന്ന പ്രക്ഷോഭ സമരങ്ങളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും കൈകോര്‍ക്കുന്നു. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. ആദ്യം ഇസ്‌ലാം, പിന്നെ ക്രിസ്ത്യാനികള്‍, പിന്നെ കമ്മ്യൂണിസ്റ്റുകാര്‍ ഇതായിരുന്നു ആര്‍ എസ് എസ് ലക്ഷ്യമിട്ടിരുന്നത്. തത്കാലം ക്രിസ്ത്യാനികളെ അവരില്‍ നിന്നടര്‍ത്തിമാറ്റി ഒപ്പം നിര്‍ത്തുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പോലും കുടിയേറ്റ കര്‍ഷകരായി എത്തിയ മലയാളി കത്തോലിക്കര്‍ അവിടെ ഭീതിയുടെ മുള്‍മുനയിലാണ്. കുടിയേറ്റ ക്രിസ്ത്യാനിയുടെ അടുക്കളയില്‍ എന്തു വേവിക്കുന്നു എന്നതിന്റെ മണം പിടിച്ച് അവിടുത്തെ ഹിന്ദുത്വ പൂച്ചകള്‍ തങ്ങളുടെ പുരക്കുചുറ്റും നടക്കുന്നു എന്നാണ് കുടിയേറ്റ കര്‍ഷകരുടെ ആക്ഷേപം. അവസരം അനുകൂലമായാല്‍ ഇത്തരം മണം പിടിക്കലും ആട്ടിപ്പുറത്താക്കലും കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ് സംഘ്പരിവാര്‍. മതന്യൂനപക്ഷങ്ങള്‍ യോജിച്ചു നിന്ന് സ്വന്തം അതിജീവനം ഉറപ്പുവരുത്തേണ്ട അപൂര്‍വഘട്ടം. ഇതിനിടയിലാണ് അനവസരത്തിലുള്ള ലൗ ജിഹാദ് ആരോപണം. ഉപോത്ബലകമായി എന്തു കണക്കാണ് ഇവരുടെ കൈവശമുള്ളതെന്ന് വ്യക്തമല്ല. അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ അത് പോലീസിന് കൈമാറുന്നതിന് മുമ്പ് മുസ്‌ലിം വിദ്വേഷം വിതക്കുന്നതിനുള്ള ഇടയ ലേഖനം അയച്ചത് അപഹാസ്യമായിപ്പോയി.

ഇടയ ലേഖനം കേട്ടപാട് മുട്ടുകുത്തി നിന്ന് കുരിശു വരച്ചിരുന്ന വിശ്വാസികളുടെ കാലം കഴിഞ്ഞുപോയി. ഇടയലേഖനത്തിന്റെ മുന്നോടിയായി കെ സി ബി സി വക്താവ് ഇത് സംബന്ധിച്ച് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ച പത്രം ജന്മഭൂമി. കേരളത്തിലെ കത്തോലിക്കാ വൈദികരുടെ ളോഹയില്‍ ആരെങ്കിലും അൽപ്പം ചെളി തെറിപ്പിച്ചാല്‍ പോലും പത്രത്താളുകളില്‍ വെണ്ടയ്ക്കാ തലക്കെട്ടില്‍ വാര്‍ത്തയാക്കുന്ന മുഖ്യധാരാ പത്രങ്ങളുള്ള നാടാണിത്. അത്തരം പത്രങ്ങളൊന്നും വസ്തുതാ വിരുദ്ധമായ ആ ലേഖനം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചപ്പോഴാണ് ലേഖനം ജന്മ ഭൂമിയില്‍ പ്രസിദ്ധീകരിച്ചതെന്ന് അനുമാനിക്കാം. വിവാദ വിഷയമായ ആ ലേഖനത്തിന്റെ അപകടം ചൂണ്ടിക്കാണിച്ച് എറണാകുളം അങ്കമാലി രൂപതാ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ അവരുടെ മുഖപത്രമായ സത്യദീപത്തില്‍ ലേഖനം എഴുതി. അതോടെയാണ് മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചു ചര്‍ച്ചക്ക് മുതിര്‍ന്നത്. ഇടയ ലേഖനം കെ സി ബി സി പ്രതീക്ഷിച്ചതു പോലെ എല്ലാ പള്ളികളിലും വായിക്കുക പോലും ഉണ്ടായില്ല.
മുസ്‌ലിംകളെ ആക്ഷേപിക്കാന്‍ സാമ്രാജ്യത്വ ശക്തികളും അവരെ അനുകൂലിക്കുന്ന ചില മാധ്യമങ്ങളും ചേര്‍ന്ന് മെനഞ്ഞെടുത്ത വാക്കുകളിലൊന്നാണ് ലൗ ജിഹാദ്. ചില ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്‌ലിം യുവാക്കളെ പ്രണയിച്ച് മതം മാറിയിട്ടുണ്ടെങ്കില്‍ തിരിച്ചും അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. എത്രയോ ക്രിസ്ത്യാനി പെണ്‍കുട്ടികളെ ഹിന്ദു യുവാക്കള്‍ പ്രണയിച്ചു വിവാഹം ചെയ്ത് ഹിന്ദുമതത്തില്‍ ചേര്‍ത്തിരിക്കുന്നു. അപ്പോള്‍ പിന്നെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്‌ലിംകളോട് മാത്രം അയിത്തം പാലിക്കണം എന്ന് മെത്രാന്മാര്‍ വാശിപിടിക്കുന്നതെന്തിന്?
മുസ്‌ലിം നാമധാരികളില്‍ വിരലിലെണ്ണാവുന്ന ഐ എസ് അനുകൂല തീവ്രവാദികളുണ്ടെന്ന് വന്നേക്കാം. അതുകൊണ്ട് എല്ലാവരും ഐ എസ് തീവ്രവാദികളോ അനുഭാവികളോ അല്ല. ബിഷപ്പ് ഫ്രാങ്കോ ലൈംഗികാതിക്രമത്തിന്റെ പേരില്‍ കുറ്റവിചാരണ നേരിടുന്നതു കൊണ്ട് എല്ലാ ബിഷപ്പന്മാരും ലൈംഗീകാതിക്രമക്കാരാണെന്ന് പറയാന്‍ കഴിയുമോ?
ഇപ്പോള്‍ ഇങ്ങനെ ഒരു വിഷയം പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് വലിച്ചെറിഞ്ഞ മെത്രാന്‍ സംഘത്തിന്റെ ലക്ഷ്യം- ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ജാഗ്രതയൊന്നും അല്ല. മറിച്ച് ഹിന്ദുത്വ ശക്തികളെ ഒരു കൈ സഹായിക്കുക, അത്രമാത്രം. കേരളത്തിലെ വൈദിക മേലധ്യക്ഷന്മാര്‍ ജനങ്ങളില്‍ നിന്ന് വളരെ അകന്നുപോയ ഒരു ചരിത്ര സന്ദര്‍ഭമാണിത്. ജനങ്ങളെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ അവര്‍ക്കു പഴയത് പോലെ കഴിയുന്നില്ല. അടിക്കുന്ന വഴിയെ പോയില്ലെങ്കില്‍ പോകുന്ന വഴിയെ അടിക്കുക. എന്തുതന്നെ സംഭവിച്ചാലും തങ്ങളുടെ ആസനങ്ങള്‍ ഭദ്രമായിരിക്കണം (ഭദ്രാസനം). രൂപതകള്‍ രൂപയുടെയും അതിരൂപതകള്‍ അധികം രൂപയുടെയും സംഭരണ കേന്ദ്രങ്ങളായിരിക്കണം. ഇത്തരം ബഹുവിധ തത്രപ്പാടുകള്‍ക്കിടയില്‍ പല മതാധ്യക്ഷന്മാരും അനേകം കേസുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. അതിനാല്‍ ഏക പ്രതീക്ഷ സുപ്രീം കോടതിയിലാണ്. കോടതി വിധി അനുകൂലമായാല്‍ തന്നെ അതു നടപ്പാക്കി കിട്ടണമെങ്കില്‍ ഭരിക്കുന്ന കക്ഷികളുടെ ഒത്താശ കൂടിയേ കഴിയൂ. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ മത വിരോധികളാണ്. ഇനി ആശ്രയം ബി ജെ പി മാത്രം. അല്ലെങ്കില്‍ തന്നെ നമ്മളും അവരും തമ്മില്‍ എന്തുവ്യത്യാസം.

മുസ്‌ലിംകളുടെ പേര് പറയാതെ തന്നെ മുസ്‌ലിംകള്‍ക്കെതിരെ രാജ്യവ്യാപകമായി ഹിന്ദു രാഷ്ട്രീയക്കാര്‍ ജ്വലിപ്പിക്കുന്ന സമരത്തീയില്‍ ക്രിസ്ത്യാനികളുടെ വകയായി കുറെ എണ്ണപകരുക. അതിനായി ഇതാ കുറെ ലൗ ജിഹാദ് കണക്ക്.
ബിഷപ്പന്മാര്‍ സന്യസ്ഥ വൈദീകരാണെന്നതൊക്കെ വെറും സങ്കല്‍പ്പം മാത്രം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തം പേരിലുള്ളത് അവര്‍ക്കാണ്. ഓരോ മെത്രാസന അരമനകളും അതി തീവ്രമായ കലഹങ്ങളുടെ വിളഭൂമി കൂടിയാണ്. കേരളത്തിലെ മേജറും മൈനറും ഒക്കെയായ മെത്രാന്മാര്‍ വാദിസ്ഥാനത്തോ പ്രതിസ്ഥാനത്തോ നിന്നു നടത്തുന്ന കേസുകളുടെ എണ്ണം പരിഗണിച്ചാല്‍ നിരോധിക്കപ്പെട്ട പ്രസ്ഥാനങ്ങളായ ഐ എസ് തീവ്രവാദികളുടെയോ മാവോയിസ്റ്റ് തീവ്രവാദികളുടെയോ പേരിലുള്ള കേസുകളുടെ എണ്ണത്തിന്റെ പതിന്മടങ്ങ് വരും. കേസുകളില്‍ നിന്ന് തലയൂരാന്‍ തത്കാലം ഉള്ള ഈ ഹിന്ദുത്വ ബാന്ധവം പ്രയോജനപ്പെടുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. പാവങ്ങള്‍! ആയിക്കോട്ടെ, അതിന് സ്വന്തം അധീനതയിലുള്ള മാധ്യമങ്ങള്‍ വഴിയും പള്ളി പ്രസംഗങ്ങള്‍ വഴിയും ഇസ്‌ലാമിനെ എന്തിന് ആക്രമിക്കണം.

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ഹിന്ദുത്വ ശക്തികളില്‍ നിന്നാണ്. ആതുര ശുശ്രൂഷക്ക് ജീവിതം സമര്‍പ്പിച്ചിവിടെയെത്തിയ സുവിശേഷ പ്രചാരകന്‍ ഗ്രഹാം സ്റ്റെയിനെയും കുടുംബത്തെയും പച്ചയോടെ കത്തിച്ചപ്പോഴോ ഉത്തരേന്ത്യയില്‍ കന്യാസ്ത്രീകളെ കൊല്ലുകയും മഠങ്ങളും ആശ്രമങ്ങളും ആക്രമിക്കപ്പെടുകയും എന്തിന് ഭരണഘടനാപരമായ മതപരിവര്‍ത്തന സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തുകയും ചെയ്തപ്പോഴൊന്നും കെ സി ബി സിയോ അനുബന്ധ സ്ഥാപനങ്ങളോ അവക്കെതിരെ ഒരക്ഷരം പോലും ഉരിയാടി കേട്ടിട്ടില്ല. അതുകൂടെ കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ മുസ്‌ലിം വിരോധത്തിന് പിന്നിലെ നിഗൂഢ ലക്ഷ്യങ്ങള്‍ വിചാരണാ വിധേയമാക്കുന്നത്. വിവാഹത്തോട് ബന്ധപ്പെട്ടാണെങ്കിലും അല്ലെങ്കിലും പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആണോ പെണ്ണോ ആകട്ടെ, ശരിയെന്ന് തോന്നുന്ന മതവിശ്വാസം സ്വീകരിക്കാനും ഏത് മതവിശ്വാസത്തെയും തിരസ്‌കരിക്കാനും ഒരു മതവിശ്വാസവും പിന്തുടരാതെ ജീവിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു തരുന്നുണ്ട്. ആ ഭരണഘടനയെ പടിപടിയായി അട്ടിമറിക്കാനും ഇന്ത്യയുടെ മതേതര നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനുമുള്ള പരിശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിച്ചില്ലെങ്കില്‍ വരും തലമുറയോട് നമ്മള്‍ ചെയ്യുന്ന ഒരു പാതകമായി അതുമാറും.

കെ സി വര്‍ഗ്ഗീസ്

Latest