Connect with us

Articles

ന്യൂസ്‌റൂമുകള്‍ സൃഷ്ടിക്കുന്ന ദേശവിരുദ്ധര്‍

Published

|

Last Updated

കഴിഞ്ഞ രണ്ടാഴ്ച ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര പോയി. പുറപ്പെടുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും കേരളത്തിലുടനീളം ശക്തിപ്പെട്ടു കഴിഞ്ഞിരുന്നു. ഡല്‍ഹി, മധ്യപ്രദേശ്, ബിഹാര്‍, യു പി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടകയിലും വിവിധ സംഘടനകളുടെ പ്രതിഷേധ പരിപാടികള്‍ കണ്ടു. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട അതിശക്തമായ സമരങ്ങള്‍. ഈ സമരങ്ങളുടെ ചൂടും ചൂരുമൊന്നും പക്ഷേ, ഈ സംസ്ഥാനങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലോ പത്രങ്ങളിലോ കാര്യമായി കണ്ടില്ല. ഇതെന്നെ അത്ഭുതപ്പെടുത്തിയില്ല. 2014ന് ശേഷം രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളിലുണ്ടായ രാഷ്ട്രീയ, കോര്‍പറേറ്റ് ചങ്ങാത്തം ശ്രദ്ധിക്കുന്ന ഏതൊരാളുടെയും അഭിപ്രായം അങ്ങനെയായിരിക്കും. പക്ഷേ, ഞെട്ടിച്ചത് സമരങ്ങള്‍ കവര്‍ ചെയ്ത മിക്ക ഹിന്ദി ചാനലുകളും ചില ഇംഗ്ലീഷ് പത്രങ്ങളും പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ ദേശദ്രോഹികളായി മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ്. കേരളത്തിന്റെ ചെറിയ ഭൂപരിധിയിലെ മാധ്യമാനുഭവങ്ങള്‍ മുന്‍നിര്‍ത്തി മാത്രം രാജ്യത്തുടനീളം അത്തരമൊരു സമരാവേശം ചാനലുകളിലും പത്രങ്ങളിലും ഉണ്ടെന്ന് ധരിക്കുന്നത് ശരിയല്ല എന്ന ബോധ്യത്തിലേക്കാണ് ഇതെന്നെ കൊണ്ടെത്തിച്ചത്.

[irp]

ജനുവരി അഞ്ച് ഞായറാഴ്ച രാത്രി ജെ എന്‍ യു പ്രക്ഷുബ്ധമായിരുന്നു. പോലീസിന്റെ സഹകരണത്തോടെ പുറമേ നിന്നുള്ള ഗുണ്ടകള്‍ മാരകായുധങ്ങളുമായാണ് ജെ എന്‍ യു ക്യാമ്പസില്‍ കടന്നത്. സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് ഈ ആക്രമണത്തില്‍ മാരകമായി പരുക്കേറ്റു. വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ചായിരുന്നു ഗുണ്ടകളുടെ വിളയാട്ടം. ഇത്രമേല്‍ ഭയാനകരമായ ആക്രമണം സ്വതന്ത്ര ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നേരത്തേ ഉണ്ടായിട്ടില്ല. പത്തിലധികം അധ്യാപകര്‍ക്കും ഈ ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കേസ് ചുമത്തിയത്. ഈ സംഭവം ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആജ് തക്, എ ബി പി ന്യൂസ്, റിപ്പബ്ലിക് ഭാരത് ഉള്‍പ്പെടെയുള്ള ഹിന്ദി ചാനലുകളില്‍ ചര്‍ച്ചയായത് കേന്ദ്ര സര്‍ക്കാറിന്റെയും ബി ജെ പിയുടെയും എ ബി വി പിയുടെയും വ്യാഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. സ്വാഭാവികമായും സമരം ചെയ്ത വിദ്യാര്‍ഥികള്‍ പ്രതികളും ദേശവിരുദ്ധരുമായി ഈ ചാനലുകളില്‍.

താന്‍ ജെ എന്‍ യു വിദ്യാര്‍ഥി ആയിരുന്ന സമയത്ത് ഇതുപോലുള്ള തുക്‌ഡേ-തുക്‌ഡേ ഗ്യാംഗുകള്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നില്ല എന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചത് ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ അനുകൂല വാര്‍ത്താ ചാനലുകള്‍ പരിഹാസത്തോടെ വിളിക്കുന്ന പേരാണ് തുക്‌ഡേ-തുക്‌ഡേ ഗ്യാംഗ്. റിപ്പബ്ലിക് ടി വിയുടെ അര്‍ണബ് ഗോസ്വാമിയാണ് ഇത്തരമൊരു പദപ്രയോഗം തന്റെ ന്യൂസ് റൂമിലിരുന്ന് ആദ്യമായി നടത്തിയത്. സ്വാഭാവികമായും ചാനല്‍ ചര്‍ച്ചകളില്‍ സമരക്കാരും പ്രതിഷേധക്കാരും വീരനായകരോ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരോ അല്ല. അവര്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ്. തലയും കൈയും പൊട്ടിയൊലിക്കുന്ന ഐഷി ഘോഷിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്ന ഹിന്ദി വാര്‍ത്താ ചാനലുകളിലും റിപ്പബ്ലിക്, ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് ന്യൂസ് ചാനലുകളിലും രാജ്യവിരുദ്ധ താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഉള്ളടക്കമാണ്. ഏറ്റവും ചുരുങ്ങിയത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വലിയൊരു ശതമാനം ടി വി പ്രേക്ഷകരും ഇങ്ങനെ തന്നെയാണ് ഇത്തരം കവറേജുകളെ ഉള്‍ക്കൊള്ളുന്നത്. വീരപരിവേഷത്തിന് പകരം ഈ അടിയൊക്കെ ഇവര്‍ക്ക് കിട്ടേണ്ടതു തന്നെയാണ് എന്ന പൊതുജനാഭിപ്രായ രൂപവത്കരണത്തിലേക്ക് സീ ന്യൂസിലെ സുധീര്‍ ചൗധരിയും റിപ്പബ്ലിക്കിലെ അര്‍ണബ് ഗോസ്വാമിയും കൊണ്ടെത്തിക്കും.

[irp]

ചര്‍ച്ചകള്‍ക്കായി നേരത്തേ ആസൂത്രണം ചെയ്ത് ന്യൂസ് റൂമിലെത്തുന്ന മിക്കവരും ഇതാവര്‍ത്തിക്കും. ചുരുക്കത്തില്‍ ആക്രമണത്തിന് നേതൃത്വം കൊടുത്തവരെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലാതെ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ മുന്നോട്ട് പോകുന്നു. ഇതാണ് ജെ എന്‍ യു വിഷയത്തിലും സംഭവിച്ചത്. വളരെ ചുരുക്കം ചില പത്രങ്ങളെയും ചാനലുകളെയും മാറ്റിനിര്‍ത്തിയാല്‍ മിക്ക മുഴുസമയ വാര്‍ത്താ ചാനലുകളും പത്രങ്ങളും വാര്‍ത്തകളുടെ വിന്യാസത്തില്‍ ഇതേ പാറ്റേണ്‍ പിന്തുടരുന്നതും യാദൃച്ഛികമല്ല. എഴുപതുകളില്‍ ജെ എന്‍ യു ക്യാമ്പസില്‍ വിദ്യാര്‍ഥിയായിരുന്ന ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് തുക്‌ഡേ-തുക്‌ഡേ ഗ്യാംഗുകളെ കാണിച്ചുകൊടുക്കാന്‍ അര്‍ണബ് ഗോസ്വാമിയും അഞ്ജന ഓം കശ്യാപും ന്യൂസ് റൂമുകളില്‍ ഉണ്ടായിരുന്നില്ലല്ലോ. അന്ന് ആകെയുണ്ടായിരുന്ന ദൂരദര്‍ശന്‍ അത്യാവശ്യം വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യുന്ന ചാനലുമായിരുന്നു. കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പിയെയും സംരക്ഷിക്കാനും ന്യായീകരിക്കാനുമുള്ള ഭീകരമായ അച്ചടക്കത്തിലേക്ക് മാധ്യമ സ്ഥാപനങ്ങള്‍ എത്തിച്ചേരുന്നതും വ്യാജനിര്‍മിതികളുടെ മുകളില്‍ ഒരേ സ്വഭാവവും ഭാഷയുമുള്ള ന്യൂസുകള്‍ നിരന്തരം സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് മുന്നിലെത്തുന്നതും ഒട്ടുമേ യാദൃച്ഛികമല്ല എന്ന് ചുരുക്കം.

ഈ വസ്തുത ശരിയാണെന്ന് തെളിയിക്കുന്ന ഒരു സംഭവമുണ്ട്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ആര്‍ട്ട് ഫാക്കല്‍റ്റിയാണ് വേദി. 2008 നവംബറിലാണ് സംഭവം നടക്കുന്നത്. അടുത്തിടെ വിടപറഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ എസ് എ ആര്‍ ഗീലാനിയുടെ നേതൃത്വത്തില്‍ ഡി യു വിദ്യാര്‍ഥികള്‍ Communism, fasicm, Democracy Rhetoric and Reality എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വേദിയില്‍ ഇപ്പോഴത്തെ ദി ട്രിബ്യൂണ്‍ പത്രാധിപരായ രാജേഷ് രാമചന്ദ്രന്‍, ജെ എന്‍ യു വിദ്യാര്‍ഥി നേതാവായ ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ ഉണ്ട്. പ്രൊഫ. ഗീലാനി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സില്‍ നിന്ന് ഒരു വിദ്യാര്‍ഥി ഓടി വന്ന് രണ്ട് തവണ അദ്ദേഹത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പി. എ ബി വി പി പ്രസിഡന്റും നിയമ വിദ്യാര്‍ഥിനിയുമായിരുന്ന നുപൂര്‍ ശര്‍മയായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ അതിക്രമം കാണിച്ചത്. പിന്നീട് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിനോട് മത്സരിച്ച് തോറ്റതും ഇതേ നുപൂര്‍ ശര്‍മയായിരുന്നു. എ ബി വി പിയുടെ കാര്‍മികത്വത്തില്‍ നേരത്തേ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു ആക്രമണമായിരുന്നു അത്. പ്രൊഫ. ഗീലാനി പക്ഷേ, പക്വതയോടെ ആ രംഗം കൈകാര്യം ചെയ്തു. അന്ന് രാത്രി തന്നെ അര്‍ണബ് ഗോസ്വാമി അന്ന് താന്‍ ടൈംസ് നൗ ചാനലില്‍ അവതരിപ്പിച്ചിരുന്ന ന്യൂസ് അവറില്‍ ഈ സംഭവം ചര്‍ച്ചയാക്കി. താന്‍ ദൈവത്തെ പോലെ ആദരിക്കേണ്ട, താന്‍ പഠിക്കുന്ന സര്‍വകലാശാലയിലെ തന്നെ അധ്യാപകന്റെ മുഖത്ത് ഒരു വിദ്യാര്‍ഥി തുപ്പിയതിലെ ധാര്‍മികത ചോദ്യം ചെയ്തുകൊണ്ടാണ് അര്‍ണബ് ഗോസ്വാമി ഷോ തുടങ്ങിയത്. പ്രൊഫ. ഗീലാനിയും നുപൂര്‍ ശര്‍മയും ന്യൂസ് റൂമിലുണ്ട്. എ ബി വി പി വിദ്യാര്‍ഥികളില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ പ്രൊഫ. ഗീലാനി പക്ഷേ, ഇത് ചെയ്തത് ഒരു നിയമ വിദ്യാര്‍ഥിനിയാണ് എന്നത് തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നും തുറന്നടിച്ചു. എന്നാല്‍ ഗോസ്വാമി പൊടുന്നനെയാണ് ചര്‍ച്ച വഴിതിരിച്ചുവിട്ടത്. കൃത്യം ചെയ്ത നുപൂര്‍ ശര്‍മക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം നല്‍കി. ഈ രാജ്യദ്രോഹിയുടെ മുഖത്ത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും തുപ്പണം എന്നായിരുന്നു അവരുടെ ആക്രോശം. പിന്നീട് പാനല്‍ ചര്‍ച്ച അവസാനിക്കുന്നതുവരെ അര്‍ണബ് ഗോസ്വാമി ശ്രമിച്ചത് പ്രൊഫ. ഗീലാനിയുടെ മുഖത്ത് ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളും എങ്ങനെയൊക്കെ തുപ്പണം എന്ന് വിശദീകരിക്കാനായിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ പാര്‍ലിമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലാകുകയും ഒരു തെളിവ് പോലും ഇല്ലാത്തതിനാല്‍ സുപ്രീം കോടതി നിരുപാധികം വിട്ടയക്കുകയും ചെയ്ത പ്രൊഫ. ഗീലാനി പ്രസ്തുത സംഭവത്തില്‍ ആക്രമിക്കപ്പെട്ട ആളാണെങ്കിലും അര്‍ണബിനെ പിന്തുടര്‍ന്ന മറ്റു ചാനലുകളും അദ്ദേഹത്തെ ദേശവിരുദ്ധനാക്കാനാണ് അന്ന് മത്സരിച്ചത്.

[irp]

നമ്മുടെ രാജ്യത്ത് ഒരു പൗരനെ ദേശവിരുദ്ധനാക്കാന്‍ മാധ്യമ സ്ഥാപനങ്ങളുടെ വാര്‍ത്താ മുറികളിലിരിക്കുന്നവര്‍ക്ക് വളരെ എളുപ്പമാണ് എന്ന വസ്തുതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ജെ എന്‍ യുവില്‍ ഇപ്പോള്‍ സംഭവിച്ചതും രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധ സമരങ്ങളും ഇതേ അളവുകോലിലാണ് ഇന്നലെയും വിവിധ ചാനലുകള്‍ കൈകാര്യം ചെയ്തത്. എത്രമേല്‍ ഭീകരമായ ക്രിമിനല്‍ കുറ്റമാണ് കേന്ദ്ര സര്‍ക്കാറിനെ ന്യായീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതാണ് ഒടുവില്‍ വന്ന വാര്‍ത്ത. നിയമത്തില്‍ മാറ്റം വരുത്താമെന്ന ചില സൂചനകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടെങ്കിലും ടെലിവിഷന്‍ കാണുന്ന ഗ്രാമീണ ഇന്ത്യക്കാരുടെ മുന്നിലെത്തുന്നത് ഇപ്പോഴും ദേശീയ പൗരത്വ നിയമം വേണമെന്ന വ്യാഖ്യാനമാണ്. ഹിന്ദി ഭാഷയിലെ പത്രങ്ങളും ചാനലുകളും കാണുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും ഓരോ ദിവസവും കാണുന്നത്, വായിക്കുന്നത് ഇതാണ്. അവര്‍ക്ക് സമരക്കാരും പ്രതിഷേധക്കാരും ദേശവിരുദ്ധരാണ്. സമരങ്ങളുടെ ആവേശവും ആവശ്യകതയും അറിയാന്‍ അവരില്‍ വലിയൊരു വിഭാഗം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരേയല്ല.

ചുരുക്കത്തില്‍ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ജനത നടത്തുന്ന പോരാട്ടങ്ങള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക് എത്തേണ്ടതുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ ആവശ്യകത സാധാരണക്കാരായ മനുഷ്യരെ ബോധ്യപ്പെടുത്താനുള്ള കൂട്ടായ ശ്രമങ്ങള്‍ ഇനിയും ശക്തി പ്രാപിക്കേണ്ടതുണ്ട്.
ഇതെഴുതി അവസാനിപ്പിക്കുമ്പോള്‍ റിപ്പബ്ലിക് ടി വി ചാനലിന്റെ ലൈവ് വാര്‍ത്തയുടെ ടൈറ്റില്‍ ഇങ്ങനെയാണ്: ജെ എന്‍ യുവില്‍ ആക്രമണം അഴിച്ചുവിട്ട മുഖംമൂടി ധാരികള്‍ക്ക് നേതൃത്വം നല്‍കിയത് ഐഷി ഘോഷാണ്!!!

Latest