Connect with us

First Gear

വാഹന ഇൻഷ്വറൻസ് മേഖലയിൽ വ്യാപക തട്ടിപ്പ്

Published

|

Last Updated

hi
ഫറോക്ക് | വാഹന ഇൻഷ്വറൻസ് മേഖലയിൽ ചില സ്വകാര്യ കമ്പനികൾ തട്ടിപ്പ് നടത്തുന്നതായി വ്യാപക ആരോപണം. കുറഞ്ഞ തുകക്ക് തേർഡ് പാർട്ടി ഇൻഷ്വറൻസ് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾക്ക് ഈ മേഖല തുറന്നുകൊടുത്തതോടെ വ്യാജന്മാരുടെ വിളയാട്ടമാണ്. ഓട്ടോറിക്ഷ, ഗുഡ്‌സ് വാഹനങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

ഓട്ടോ സ്റ്റാൻഡുകളിലും മറ്റും നേരിട്ടെത്തി കമ്പനിയുടെ ഏജന്റുമാർ മുഖേനയാണ് തട്ടിപ്പ് നടത്തുന്നത്. വാഹനം അപകടത്തിൽപ്പെട്ട് നഷ്്ടപരിഹാരത്തിന് വിധിക്കുമ്പോഴാണ് പോളിസി ഉടമകൾ തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. കോഴിക്കോട്ട് ഇത്തരത്തിൽ ഒട്ടേറെ പേർ വഞ്ചിക്കപ്പെട്ടതായാണ് വിവരം. ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾക്കും സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾക്കും തേർഡ് പാർട്ടി ഇൻഷ്വറൻസ് തുക നിശ്ചയിച്ചിരിക്കുന്നത് ഒരേ നിരക്ക് തന്നെയാണ്. ഈ തുകയിൽ കുറവ് തരാം എന്നു പറഞ്ഞാണ് സ്വകാര്യ കമ്പനിക്കാരിൽ ചിലർ ഉപഭോക്താക്കളെ വലയിലാക്കുന്നത്.
ചെറിയ ഗുഡ്‌സ് വാഹനങ്ങൾക്ക് ഏകദേശം 14,000 രൂപയാണ് ജി എസ് ടി ഉൾപ്പെടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് തുക. ഇത് എല്ലാ കമ്പനികളും ഒരേ നിരക്കിലാണ് വാങ്ങേണ്ടത്.

എന്നാൽ, ഈ തുകയിൽ 3,000 രൂപയോളം കുറവ് ചെയ്ത് ഇൻഷ്വറൻസ് സർട്ടിഫിക്കറ്റിന് പകരം കവർനോട്ട് നൽകിയാണ് ഉപഭോക്താക്കളെ വഞ്ചിക്കുന്നത്. പ്രീമിയം കൊണ്ടുവരുന്ന ഏജന്റ് 2,000 രൂപ കുറച്ച് കമ്പനിയിൽ അടച്ചാൽ മതി. ഇങ്ങനെ വാങ്ങുന്ന തുക ഉപഭോക്താവിന്റെ പേരിൽ കമ്പനികൾ നിക്ഷേപ തുകയായി വരവ് വെക്കും. പോളിസിയാക്കാതെ ഈ നിക്ഷേപം ഒരു വർഷം വരെ സൂക്ഷിക്കും. ഇപ്രകാരം കവർ നോട്ട് നൽകിയ ഏതെങ്കിലും വാഹനത്തിന് ക്ലെയിം വരുമ്പോൾ മാത്രമേ പോളിസിയാക്കുകയുള്ളൂ. ഇല്ലെങ്കിൽ ഉപഭോക്താവിൽ നിന്ന് വാങ്ങുന്ന ജി എസ് ടി. അടക്കമുള്ള തുക സർക്കാറിലേക്ക് പോലും അടക്കാതെ മുഴുവനും സ്വകാര്യ കമ്പനിക്ക് സ്വന്തമാകും. ഇൻഷ്വറൻസ് തുക എന്ന വ്യാജേന ഉപഭോക്താവിൽ നിന്ന് വാങ്ങുന്ന തുക മുഴുവൻ ഓഹരി വിപണിയിലും മറ്റും നിക്ഷേപിച്ച് ഇരട്ടി ലാഭം കൊയ്യുന്ന കമ്പനികളുമുണ്ട്. മോട്ടോർ വാഹന തേർഡ് പാർട്ടി ഇൻഷ്വറൻസിന് പ്രീമിയം തുക ഗണ്യമായി വർധിച്ചതിനാൽ ഓട്ടോ ഡ്രൈവർമാരും ചെറുകിട ഗുഡ്‌സ് വാഹന ഉടമകളും ഈ തട്ടിപ്പിന് പെട്ടെന്ന് ഇരയാകും. തട്ടിപ്പു നടക്കുന്നതായി അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ലെന്ന പരാതിയുമുണ്ട്.

---- facebook comment plugin here -----

Latest