Kerala
സംസ്‌കാരത്തിന്റെ പൂന്തോപ്പില്‍ കലാമഴ പെയ്തിറങ്ങി
 
		
      																					
              
              
             കാഞ്ഞങ്ങാട് | നാലു നാള്‍ കാഞ്ഞങ്ങാടിന്റെ ഹൃദയത്തെയും നാഡീ ഞരമ്പുകളെയും ത്രസിപ്പിച്ച കൗമാരത്തിന്റെ മഹോത്സവം കൊടിയിറങ്ങി. ആസ്വാദനത്തിന്റെയും ആവേശലഹരിയുടെയും കൊടുമുടികളിലേക്ക് കൊട്ടിക്കയറിയ കമനീയാഘോഷത്തിനാണ് സമാപനമായത്. എന്തുകൊണ്ടും ചരിത്രത്തില്‍ ഇടം നേടിയ ജനകീയ മേളയായി മാറിയിരിക്കുകയാണ് 60ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഭാഷയുടെയും ജാതിയുടെയുമെല്ലാം അതിര്‍വരമ്പുകള്‍ക്കപ്പുറം കലയുടെ ലോകമൊരുക്കുന്ന ഏകതാനതക്ക് ഇവിടവും സാക്ഷിയായി.
കാഞ്ഞങ്ങാട് | നാലു നാള്‍ കാഞ്ഞങ്ങാടിന്റെ ഹൃദയത്തെയും നാഡീ ഞരമ്പുകളെയും ത്രസിപ്പിച്ച കൗമാരത്തിന്റെ മഹോത്സവം കൊടിയിറങ്ങി. ആസ്വാദനത്തിന്റെയും ആവേശലഹരിയുടെയും കൊടുമുടികളിലേക്ക് കൊട്ടിക്കയറിയ കമനീയാഘോഷത്തിനാണ് സമാപനമായത്. എന്തുകൊണ്ടും ചരിത്രത്തില്‍ ഇടം നേടിയ ജനകീയ മേളയായി മാറിയിരിക്കുകയാണ് 60ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഭാഷയുടെയും ജാതിയുടെയുമെല്ലാം അതിര്‍വരമ്പുകള്‍ക്കപ്പുറം കലയുടെ ലോകമൊരുക്കുന്ന ഏകതാനതക്ക് ഇവിടവും സാക്ഷിയായി.
യക്ഷഗാനം, അലാമിക്കളി, തെയ്യം തുടങ്ങിയവയാല്‍ സാംസ്‌കാരിക പാരമ്പര്യത്തിന് തലയെടുപ്പേറ്റുന്ന കാസര്‍കോടിന് എന്നെന്നും സൂക്ഷിച്ചുവക്കാനുള്ള ഒരേടായിത്തീര്‍ന്നു ഈ കലാവസന്തം. സംസ്‌കാരത്തിന്റെ പൂന്തോപ്പില്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയവരുടെ സാംസ്‌കാരിക ധാരകള്‍ കൂടി ലയിച്ചു ചേര്‍ന്നത് അവിസ്മരണീയമായി.
സപ്ത ഭാഷാ സാംസ്‌കാരിക ഭൂമിയില്‍ 28 വര്‍ഷത്തിനു ശേഷമാണ് കലാമാമാങ്കം വിരുന്നെത്തിയത്. 28 വേദികളിലായാണ് കൗമാര പ്രതിഭകള്‍ ചൊല്ലിയാടിയത്. കലയുടെ സൗവര്‍ണ ഭാവങ്ങള്‍ തന്നെയാണ് വേദികളില്‍ ഇതള്‍ വിരിഞ്ഞത്. മൈലാഞ്ചി മൊഞ്ചുമായി ഉത്തര മലബാറിലെ മുസ്‌ലിം കലാരൂപമായ ഒപ്പന, മാപ്പിളപ്പാട്ടിന്റെ തേന്‍ മധുരമോലും ഇശലുകള്‍, നൃത്ത-വാദ്യങ്ങളുടെ താളപ്പെരുക്കങ്ങള്‍, ഗൃഹാതുരത്വമുണര്‍ത്തി നാടന്‍ കലകളുടെ പ്രൗഢി, ഭാഷാ വൈവിധ്യം തീര്‍ത്ത് അരങ്ങില്‍ കസറിയ പ്രഭാഷണങ്ങള്‍, കവിത…..കനവിലും നിനവിലും അനുഭൂതികളുടെ വലിയൊരു പ്രപഞ്ചമാണ് ഇവയെല്ലാം ആസ്വാദക മനസ്സില്‍ തീര്‍ത്തത്.
കൂടുതല്‍ മികവിനായുള്ള ഓരോ മത്സരാര്‍ഥിയുടെയും കഠിന പരിശ്രമം അനവദ്യ സുന്ദരമായ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തു. എ ഗ്രേഡിന്റെ പ്രളയം അതിന്റെ നിദര്‍ശനമായി. കാഞ്ഞങ്ങാട്ടെ നാലുദിന പകലിരവുകളെ സാന്ദ്രമാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമായി ഒഴുകിയെത്തിയ കലാസ്വാദകര്‍ ആവേശക്കടല്‍ തന്നെയാണ് തീര്‍ത്തത്. മന്ത്രിമാരുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍, രാഷട്രീയ-സാംസ്‌കാരിക നായകര്‍, മുന്‍ കലോത്സവ താരങ്ങള്‍, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ വിഭിന്ന തലങ്ങളില്‍ വിരാജിക്കുന്നവരില്‍ ഒരുപാടുപേര്‍ കലോത്സവ നഗരിയെ സമ്പന്നമാക്കാനെത്തി. പലരും കലോത്സവത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും മുന്‍ അനുഭവങ്ങളുമെല്ലാം മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചു. പഴയിടത്തിന്റെ സദ്യയും കുടുംബശ്രീ ഉള്‍പ്പെടെ സജ്ജീകരിച്ച ഭക്ഷണ കേന്ദ്രങ്ങളുമെല്ലാം നാവില്‍ രുചിയുടെ തിരമാലകള്‍ തീര്‍ത്തു. നിറം മങ്ങാത്ത ഒരുപാടൊരുപാട് ഓര്‍മകള്‍ മനതാരിലേക്ക് സംഭാവന ചെയ്താണ് കലോത്സവക്കൊടിയിറങ്ങിയത്.
കലോത്സവ മാന്വല്‍ ഇനിയും പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറയാനിടയാക്കും വിധമുള്ള അനുഭവങ്ങളും കാസര്‍കോടന്‍ കലോത്സവം പകര്‍ന്നു നല്‍കി. സമാപന ചടങ്ങിന് പശ്ചാത്തല സംഗീതമൊരുക്കി പെയ്ത കുളിര്‍മഴയും കലാമനസ്സുകളെ ആനന്ദതുന്ദിലരാക്കി.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

