Connect with us

Gulf

ഈജിപ്ത് പ്രസിഡന്റിന് 'ഓര്‍ഡര്‍ ഓഫ് സായിദ്' സമ്മാനിച്ചു

Published

|

Last Updated

അബൂദബി: രാജാക്കന്മാര്‍ക്കും പ്രസിഡന്റുമാര്‍ക്കും നേതാക്കള്‍ക്കും യു എ ഇ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മെഡലായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിക്ക് അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സമ്മാനിച്ചു. അല്‍ വതന്‍ കൊട്ടാരത്തിലാണ് ചടങ്ങ് നടന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും തന്ത്രപരമായ സഹകരണത്തെയും പിന്തുണ്ക്കുന്നതില്‍ അബ്ദുല്‍ ഫത്താഹ് എല്‍ സിസി വഹിച്ച പങ്കിനെ അഭിനന്ദിച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് സിസിക്ക് മെഡല്‍ പ്രഖ്യാപിച്ചത്. യു എ ഇയും ഈജിപ്തും തമ്മിലുള്ള ബന്ധങ്ങള്‍ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിന് നടത്തിയ അസാധാരണമായ ശ്രമങ്ങളാണ് സിസിയെ മെഡലിന് അര്‍ഹനാക്കിയതെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

സിസിയുടെ നിര്‍ണായക പങ്കിന് യു എ ഇ നല്‍കുന്ന വിലമതിപ്പിന്റെയും അഭിമാനത്തിന്റെയും പ്രകടനമാണ് ഓര്‍ഡര്‍ ഓഫ് സായിദെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ബഹുമതിക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഖലീഫയോട് നന്ദിയും കടപ്പാടും അറിയിച്ചു. ഭാവിയിലെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Latest