Connect with us

Kerala

മഞ്ചേശ്വരത്തേത്ത് കള്ളവോട്ട് തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പോലീസ് കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43-ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് കേസില്‍ അറസ്റ്റിലായത്. നബീസയുടെ പേരില്‍ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ പോലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. നബീസയുടെ ഭര്‍ത്താവ് മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. ആറ് മണിവരെ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്. റീ പോളിംഗ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

എന്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്. ഒരു സംഘടനയോടും അവമതിപ്പില്ലെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ അധ്യായം അടഞ്ഞുവെന്നും മീണ വ്യക്തമാക്കി. സമദൂരം വിട്ട് എന്‍എസ്എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്‌നമായതെന്ന ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് എന്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചത്.

Latest