Articles
പാര്‍ലിമെന്ററി ജനാധിപത്യം തോറ്റുപോയ ഏര്‍പ്പാടല്ല

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനം ഫലപ്രദമായി മുന്നോട്ടു പോകുന്ന രാജ്യങ്ങളിലെ മുന്‍പന്തിയിലും നമ്മുടെ രാജ്യമുണ്ട്.
ഇന്ത്യയില്‍ നിലവിലുള്ള പാര്‍ലിമെന്ററി ജനാധിപത്യവും ബഹുകക്ഷി സമ്പ്രദായവും ഏതെങ്കിലും ഒരാളുടെ തലയിലുദിച്ചതല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളും അതിന്റെ ഭാഗമായ ദേശീയ പ്രസ്ഥാനങ്ങളുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. പാര്‍ട്ടി അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ നമ്മുടെ രാജ്യത്ത് ജനങ്ങള്‍ സുസംഘടിതരായിരുന്നു. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പാര്‍ട്ടി അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഒന്നായിരുന്നു. അതനുസരിച്ചുള്ള തിരഞ്ഞെടുപ്പുകളും പാര്‍ട്ടിയടിസ്ഥാനത്തില്‍ തന്നെ സ്വാതന്ത്ര്യത്തിനു മുമ്പും ഇവിടെ നടന്നിട്ടുള്ളതാണ്.
ഇതിന്റെയെല്ലാം പ്രതിഫലനം തന്നെയാണ് ഭരണഘടനാ നിര്‍മാണസഭയില്‍ ഉണ്ടായത്. പാര്‍ലിമെന്ററി ജനാധിപത്യവും രാഷ്ട്രീയ പാര്‍ട്ടികളും ഭരണ ഘടനയുടെ ഭാഗമായതും അങ്ങനെയാണ്. എന്നാല്‍ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്ത സംഘ്പരിവാറിനും അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിക്കും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ പറ്റിയും അതിന്റെ വളരെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയും യാതെരു വിവരവും ഇല്ലല്ലോ. അതുകൊണ്ടായിരിക്കും പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനത്തിനെതിരായുള്ള അങ്ങേയറ്റം അപലപനീയമായ ഒരു പ്രസ്താവന ബി ജെ പി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.
നമ്മുടെ ഭരണഘടന തുടങ്ങുന്നതു തന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്തു കൊണ്ടാണ്. അതിന്റെ ആമുഖം ഇങ്ങനെയാണ് : “”ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി ജനങ്ങളായ നമ്മള്‍ അവധാനപൂര്‍വം തീരുമാനിച്ചിരിക്കുകയാല്‍….”” ഇതേ ആശയം ഭരണഘടനയില്‍ പല സ്ഥലത്തും ആവര്‍ത്തിക്കുന്നുണ്ട് – വിശേഷിച്ചും, തിരഞ്ഞെടുപ്പുകളെപ്പറ്റി പ്രതിപാദിക്കുന്ന അധ്യായത്തില്‍. “”ജനപ്രതിനിധി സഭയിലേക്കും ഒരോ സംസ്ഥാനത്തിലെ നിയമ നിര്‍മാണ സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം”” എന്ന് 326ാം വകുപ്പ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് കേന്ദ്രങ്ങളിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാറുകള്‍ അവയുടെ ഭരണാധികാരം സമാര്‍ജിക്കുന്നത് മുറപ്രകാരമുള്ള കാലയളവില്‍ സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലിമെന്റിലേക്കും തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തയക്കുന്ന ജനങ്ങളില്‍ നിന്നാണ്. ഇതിനു പുറമേ, സര്‍ക്കാറിന്റെ എക്‌സിക്യൂട്ടീവ് അധികാരം കൈകാര്യം ചെയ്യുന്നവര്‍ നിയമ സഭയോടും തദ്വാര ജനങ്ങളോടും ഉത്തരവാദിത്വമുള്ളവരാണ്. അങ്ങനെ രാജ്യഭരണ കാലങ്ങളില്‍ ഏതാനം സ്വാര്‍ഥമതികളായ വ്യക്തികളുടെ ഹിതങ്ങള്‍ അല്ല മറിച്ച് ജനഹിതമാണ് ആത്യന്തികമായി നടപ്പാക്കപ്പെടുന്നത്. ജനങ്ങളുടെ പരമാധികാരം എന്ന തത്വം ഇത് തന്നെയാണ്.
ചിരപുരാതന കാലം മുതല്‍ക്കു തന്നെ രാജാക്കന്മാരും വിപ്ലവങ്ങളും ഭരണഘടനകളും ഉദേ്യാഗസ്ഥ മേധാവികളും ഉണ്ടായിരുന്നതാണ്. എന്നാല്‍ പ്രായപൂര്‍ത്തി വോട്ടവകാശം, സാധാരണക്കാരനു തിരഞ്ഞെടുപ്പവകാശം എന്നീ തത്വങ്ങള്‍ സമീപകാലത്ത് മാത്രം ഉണ്ടായിട്ടുള്ളതാണ്. വിശ്വപ്രശസ്ത ഗ്രീക്ക് തത്വജ്ഞനായ അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ എല്ലാ പൗരന്മാരും പൊതു വേദിയില്‍ സമ്മേളിച്ച് സമൂഹത്തെ സംബന്ധിക്കുന്ന പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമ്പ്രദായമാണ് ജനാധിപത്യത്തിന്റെ ഏറ്റവും നല്ല മാതൃക. ഇക്കാലത്ത് ആകട്ടെ പ്രായപൂര്‍ത്തിയായ ഓരോ പൗരനും പോളിംഗ് ബൂത്തില്‍ ചെന്ന് തന്റെ അഭിപ്രായത്തില്‍ ഭരണകാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ തന്നെ പ്രതിനിധാനം ചെയ്യാന്‍ ഏറ്റവും യോജിച്ചയാള്‍ ആരെന്നുവെച്ചാല്‍ അയാള്‍ക്ക് വോട്ട് ചെയ്യുന്ന സമ്പ്രദായമാണ് ജനാധിപത്യത്തിന്റെ ആദര്‍ശ രൂപം. പ്രതിനിധികളെ സൃഷ്ടിക്കാന്‍ തിരഞ്ഞെടുപ്പ് മാത്രമല്ല മാര്‍ഗം. തിരഞ്ഞെടുപ്പാണ് ഏറ്റവും ജനാധിപത്യ മാര്‍ഗമായി കാണപ്പെടുന്നത്. എന്തുകൊണ്ടെന്നാല്‍ ഈ സമ്പ്രദായത്തിന്‍ കീഴില്‍ പ്രായപൂര്‍ത്തിയായ ഓരോ പൗരനും മുറപ്രകാരമുള്ള കാലയളവില്‍ തന്റെ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതില്‍ അവസരം ലഭിക്കുന്നു എന്നതു തന്നെ. അതുകൊണ്ട് ഭരണീയരുടെ സമ്മതിദാനത്തെ ആസ്പദമാക്കിയുള്ള ഒരു ജനാധിപത്യ ഭരണ സമ്പ്രദായം ഉറപ്പുവരുത്തുന്നതില്‍ സ്വതന്ത്രമായ പൊതു തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എത്ര തന്നെ ഊന്നിപ്പറഞ്ഞാലും മതിയാകുകയില്ല.
ഇന്ത്യന്‍ ജനതയുടെ വലിയ ഒരു വിഭാഗം നിരക്ഷരരും അജ്ഞരും ആയിട്ടുകൂടി സാധാരണക്കാരനിലും ജനാധിപത്യ ഭരണക്രമത്തിന്റെ അന്തിമ വിജയത്തിലും വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ഭരണഘടനാ നിര്‍മാണസഭ പ്രായപൂര്‍ത്തി വോട്ടവകാശം അംഗീകരിക്കുകയാണ് ചെയ്തത്. സാധാരണക്കാര്‍ക്ക് മനോവികാസം കൈവരുത്താനും മാന്യവും സുഖ സൗകര്യവുമുള്ള ജീവിത നിലവാരം സാധ്യമാക്കാനും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ലിമെന്ററി ജനാധിപത്യ ഭരണക്രമത്തിനു മാത്രമേ കഴിയുകയുള്ളൂ എന്ന അഭിപ്രായമാണ് ഭരണഘടനാ നിര്‍മാണ സമിതിക്കുണ്ടായിരുന്നത്.
ഇന്ത്യയില്‍ നിലവിലുള്ള പരമോന്നതമായ പാര്‍ലിമെന്ററി ജനാധിപത്യ വ്യവസ്ഥക്ക് നേരെയാണ് ഏറ്റവും ഒടുവില്‍ ബി ജെ പി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ വാളോങ്ങിയിരിക്കുന്നത്. ബഹുകക്ഷി ജനാധിപത്യമാണ് ഇന്ത്യയുടെ പിന്നോട്ടുള്ള പോക്കിന് കാരണമെന്ന് അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. കൂട്ടുകക്ഷി ഭരണത്തിനു നേരെയും അദ്ദേഹം വാളോങ്ങുന്നുണ്ട്. ഏകകക്ഷി ഭരണ മുദ്രാവാക്യം പരസ്യമായി അദ്ദേഹം ഉയര്‍ത്തുകയും ചെയ്യുന്നു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്ക് ശേഷമാണ് അമിത് ഷാ ഒരു രാജ്യം ഒരു പാര്‍ട്ടി എന്ന മുദ്രാവാക്യത്തിലേക്ക് ചെന്നെത്തിയിരിക്കുന്നത്.
നമ്മുടെ രാജ്യത്ത് പാര്‍ലിമെന്ററി ജനാധിപത്യം അവസാനിപ്പിച്ച് അമേരിക്കയിലും മറ്റും ഉണ്ടായിരിക്കുന്നതു പോലെ പ്രസിഡന്‍ഷ്യല്‍ ഭരണഘടന നടപ്പാക്കണമെന്ന് ബി ജെ പി നേതാക്കള്‍ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നതാണല്ലോ. അതിന്റെ തുടര്‍ച്ചയായിട്ടുവേണം അമിത് ഷായുടെ ഈ അഭിപ്രായ പ്രകടനത്തെയും കാണേണ്ടത്.
ഭരണഘടനാ ശില്പികള്‍ വിഭാവന ചെയ്തതു പോലെ രാജ്യത്ത് ബഹുകക്ഷി ജനാധിപത്യം ലക്ഷ്യം കണ്ടോ എന്ന് അമിത് ഷാ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ആള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ ഒരു യോഗത്തില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു ഈ അഭിപ്രായ പ്രകടനം.
തുല്യതയും രാജ്യത്തിന്റെ പുരോഗതിയുമാണ് ഭരണഘടനാ ശില്പികള്‍ ലക്ഷ്യമിട്ടത്. വിവിധ രാജ്യങ്ങളിലെ ജനാധിപത്യ സമ്പ്രദായങ്ങള്‍ വിശകലനം ചെയ്തതിനു ശേഷമാണ് ബഹുകക്ഷി സമ്പ്രദായം അവര്‍ സ്വീകരിച്ചത്. എല്ലാ വിഭാഗക്കാര്‍ക്കും പ്രാതിനിധ്യം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിയുമ്പോള്‍ ബഹുകക്ഷി ജനാധിപത്യം പരാജയപ്പെട്ടു എന്ന സംശയമാണ് ജനങ്ങളുടെ മനസ്സിലുള്ളത്. അവര്‍ നിരാശരാണ് – അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മൂന്ന് ദശകത്തിനു ശേഷം ബി ജെ പിയെ ജനങ്ങള്‍ തിരഞ്ഞെടുത്തത് നല്ല സൂചനയാണെന്ന് പറഞ്ഞ അദ്ദേഹം ഏകകക്ഷി ഭരണമാണ് രാജ്യത്തിന് നല്ലതെന്ന് വ്യംഗമായി പറഞ്ഞു വെക്കുന്നു.
പല പാര്‍ട്ടികളുമുള്ളത് ജനാധിപത്യത്തിന്റെ കാര്യക്ഷമത സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ഉടലെടുക്കാന്‍ കാരണമായിട്ടുണ്ടെന്നുള്ളതാണ് അമിത് ഷായുടെ പുതിയ വാദം. നമ്മുടെ രാഷ്ട്ര നിര്‍മാതാക്കള്‍ സ്വപ്‌നം കണ്ട ഇന്ത്യ നിര്‍മിക്കുന്നതിനും ക്ഷേമ രാഷ്ട്രം എന്ന ലക്ഷ്യത്തിലെത്തിക്കുന്നതിനും പല പാര്‍ട്ടി സംവിധാനം കാര്യക്ഷമമല്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ജനാധിപത്യത്തെ സംബന്ധിച്ച് അറിവില്ലാത്തതുകൊണ്ടല്ല അദ്ദേഹം ഇത് പറയുന്നത്. ഏകകക്ഷി സമ്പ്രദായത്തിലേക്ക് രാജ്യത്തെ ആനയിക്കുക തന്നെയാണ് അദ്ദേഹം ലക്ഷ്യമാക്കുന്നത്.
കൂട്ടുകക്ഷി ഭരണ സമ്പ്രദായത്തിനെതിരായ അമിത് ഷായുടെ പ്രസ്താവന വളരെ ദുരൂഹമാണ്. ഇപ്പോള്‍ കേന്ദ്രത്തിലുള്ളത് ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടു മന്ത്രിസഭയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഈ പ്രസ്താവന ഫലത്തില്‍ ബി ജെ പിയുടെ ഘടക കക്ഷികള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് സംശയിക്കേണ്ടിയിരിക്കുകയാണ്. എന്തായാലും മറ്റ് പാര്‍ട്ടികള്‍ക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ബി ജെ പി മുന്നണിയിലെ നേതാക്കളായ നിതീഷ് കുമാറിനും പ്രകാശ് സിംഗ് ബാദലിനും ഉദ്ധവ് താക്കറേക്കുമെല്ലാം ഇതിനെപ്പറ്റി അഭിപ്രായം പറയാതെ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടായിരിക്കും.
മോദി സര്‍ക്കാര്‍ ജനജീവിതം അക്ഷരാര്‍ഥത്തില്‍ താറുമാറാക്കിയിരിക്കുകയാണ്. രാജ്യത്തെ മതേതരത്വത്തെ ഇക്കൂട്ടര്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു. രാജ്യത്ത് നിലവിലുള്ള പരിമിതമായ ജനാധിപത്യത്തെയാണ് ഏറ്റവും ഒടുവില്‍ അമിത് ഷാ വെല്ലുവിളിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ മതേതര ജനവിഭാഗങ്ങളും ജനാധിപത്യ ശക്തികളും വളരെ സജീവമായി യോജിച്ച് രംഗത്ത് വരേണ്ട സാഹചര്യം സംജാതമായിരിക്കുന്നു.
(ലേഖകന്റെ ഫോണ്‍ : 9847132428)