Connect with us

Kerala

യു എന്‍ എ ഫണ്ട് തിരിമറി: ജാസ്മിന്‍ ഷാ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍

Published

|

Last Updated

തിരുവനന്തപുരം: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു എന്‍ എ) ഫണ്ട് തിരിമറി കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവരുള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. നേരത്തേ പ്രതികള്‍ക്കെതിരെ മാധ്യമങ്ങളിലടക്കം ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. ഇവരില്‍ ജാസ്മിന്‍ ഉള്‍പ്പടെ
നാല് പ്രതികള്‍ ജൂലൈ 19 ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഖത്തറിലേക്ക് പോയതായാണ് വിവരം. ഇവര്‍ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പതിച്ചിട്ടുള്ളത്.

ജാസ്മിന്‍ ഷാ ഒളിവിലാണെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ജാസ്മിന്‍ ഷാ വരാന്‍ തയാറായില്ലെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.
പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. യു എന്‍ എയിലെ ധനശേഖരണവുമായി ബന്ധപ്പെട്ടാണ് ദേശീയ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ സാമ്പത്തിക തിരിമറി നടത്തിയതായി ആരോപണമുയരുകയും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തത്.

Latest