Connect with us

Kerala

തീവ്രവാദ ബന്ധം സംശയിച്ച് തൃശൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡയിലെടുത്തു

Published

|

Last Updated

കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് തൃശൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. രണ്ട് ദിവസം മുമ്പ് ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തിയ കൊടുങ്ങല്ലൂര്‍ മടവന സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെയാണ് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരെ സഹായിച്ചു എന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങാനായി എറണാകുളം കോടതിയിലെത്തിയ റഹീമിനെ പോലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. റഹീമിനൊപ്പം ബഹ്‌റൈനില്‍ നിന്നെത്തിയ സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എന്നാല്‍ താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയില്ലെന്നും റഹീം പ്രതികരിച്ചു. ബഹ്‌റനിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. തന്ന ബഹ്‌റനില്‍ വച്ചു സി ഐ ഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും റഹീം വ്യക്തമാക്കി.

ലഷ്‌കര്‍ ഇ ത്വയിബ ബന്ധമുള്ള ആറംഗ സംഘം ശ്രീലങ്കയില്‍ നിന്ന് ദക്ഷിണേന്ത്യയിലെത്തയിട്ടുണ്ടെന്നും ഇതില്‍ മലയാളിയുണ്ടെന്നും രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇവര്‍ കടല്‍ വഴി തമിഴ്‌നാട്ടിലേക്ക് കടന്നെന്നായിരുന്നു വിവരം. ഇതോടെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഹൈ അലര്‍ട്ടും ദക്ഷിണേന്ത്യയില്‍ ആകെ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

ഈ ഭീകരര്‍ക്ക് സഹായം നല്‍കിയയാളണ് റഹീമെന്ന് പറഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ ഈ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇതിനു പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സി ജെ എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്.
തന്നെ പോലീസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേനെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിക്കാനുള്ള നടപടികള്‍ സി ജെ എം കോടതിയില്‍ തുടരുന്നതിനിടെ പോലീസ് കോടതിയില്‍ എത്തി റഹീമിനെ പിടികൂടി കൊണ്ടു പോകുകയായിരുന്നു.

---- facebook comment plugin here -----

Latest