Connect with us

Articles

മരണാനന്തരം ബഷീര്‍ നീതി ആവശ്യപ്പെടുന്നു

Published

|

Last Updated

ഓര്‍മകളിലും ഓര്‍മിച്ചെടുക്കലിലും വെച്ചാണ് നമ്മുടെയൊക്കെ ജീവിതം തളിര്‍ക്കുന്നത്. ഓര്‍മകളേ ഇല്ലെങ്കില്‍ പിന്നെ ഒന്നുമില്ല. പക്ഷേ, വന്നും പോയുമിരിക്കുന്ന മറവി എന്നും മനുഷ്യരോടൊപ്പം ഓര്‍മയുടെ ഒരു നിഴലായി നിലനില്‍ക്കും. അതില്‍ നിന്ന് പൂര്‍ണ മോചനം അസാധ്യമാണ്. അതത്ര അത്യാവശ്യവുമല്ല. എന്നാല്‍, മറന്നുപോയത് ഓര്‍ത്തെടുക്കുമ്പോഴുള്ള സന്തോഷം സാധാരണ സന്തോഷത്തിനുമപ്പുറമാണ്. കളഞ്ഞുപോയ പ്രിയപ്പെട്ട ഒന്ന് കണ്ടുകിട്ടുമ്പോഴുള്ള സന്തോഷം പോലെയാണത്.

ഇത്രയും എഴുതുന്നത് ചെറുപ്പത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പത്രപ്രവര്‍ത്തകനായ കെ എം ബഷീറിനെ വ്യക്തിപരമായി അടുത്തറിഞ്ഞ ഒരു സന്ദര്‍ഭം തികച്ചും യാദൃച്ഛികമായി ഓര്‍മിച്ചെടുക്കാന്‍ കഴിഞ്ഞ പശ്ചാത്തലത്തിലാണ്. അതിന് അവസരമൊരുക്കിയത് സിറാജിലെ പി കെ എം അബ്ദുര്‍റഹിമാനാണ്. “ബഷീറിനെ കുറിച്ചൊരു കുറിപ്പ് വേണം” എന്ന് പറഞ്ഞ കൂട്ടത്തില്‍ “കെ ഇ എന്നിന്റെ അടുത്ത് സിറാജിലേക്കുള്ള ഒരു കുറിപ്പ് എഴുതിയെടുക്കാന്‍ ബഷീറായിരുന്നു മുമ്പ് വന്നിരുന്നത്, അതോര്‍ക്കുന്നില്ലേ” എന്ന് അദ്ദേഹം ചോദിച്ചു. അപ്പോഴാണ് തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ 2008ല്‍ ഡെപ്യൂട്ടേഷനില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ബഷീര്‍ വന്നതും കുറിപ്പ് എഴുതിപ്പോയതും ഓര്‍മിച്ചെടുത്തത്. ഒഡീഷയിലെ കണ്ഠമാലിലെ ക്രിസ്ത്യന്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് ഞാനടക്കമുള്ള പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകര്‍ മടങ്ങി വന്നപ്പോഴായിരുന്നു സിറാജിലേക്ക് ഒരനുഭവക്കുറിപ്പാവശ്യപ്പെട്ട് ഓഫീസില്‍ നിന്ന് വിളിച്ചത്. തിരക്കായതിനാല്‍ എഴുതിയയക്കാന്‍ പ്രയാസമാകുമെന്ന് പറഞ്ഞപ്പോള്‍ സിറാജ് തിരുവനന്തപുരം ബ്യൂറോയിലെ ബഷീറിനെ അയക്കാമെന്ന് പറഞ്ഞു. അതനുസരിച്ച് ബഷീര്‍ വന്നു. ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും കാണലായിരുന്നു അതെന്ന് വിശ്വസിക്കാനാകുന്നില്ല. കണ്ഠമാല്‍ വംശഹത്യയെ കുറിച്ചുള്ള എന്റെ കുറിപ്പിന്റെ തലക്കെട്ട് “ഇവിടെ ചുമരുകള്‍ വൃത്തിയുള്ളതാണ്” എന്നായിരുന്നു. പ്രതികരണങ്ങള്‍ പോലും നഷ്ടമാകുന്ന ഒരവസ്ഥയുടെ ചുരുക്കെഴുത്ത് പോലെ ഒരു പ്രതിഷേധ പോസ്റ്റര്‍ പോലുമില്ലാത്ത അരാഷ്ട്രീയ അവസ്ഥയെ കുറിച്ചുള്ള ആകുലതയായിരുന്നു അതില്‍ പങ്ക് വെച്ചിരുന്നത്. അന്നാണ് ബഷീറിലെ ചുറുചുറുക്കുള്ള പത്രപ്രവര്‍ത്തകനെ ഞാനറിഞ്ഞത്. പങ്കുവെച്ചതെല്ലാം ഒന്നും ചോര്‍ന്നു പോകാതെ അതിലെ ചങ്കിടിപ്പുകള്‍ അടക്കം അന്നദ്ദേഹം പുനരാവിഷ്‌കരിച്ചു. പിന്നെ ഞങ്ങള്‍ക്ക് കാണാന്‍ അവസരങ്ങളുണ്ടായില്ല. ഇന്നിപ്പോള്‍…
കെ എം ബഷീറിനെ കുറിച്ചുള്ള വേദനിപ്പിക്കുന്ന സ്മരണകള്‍ നീതിക്കു വേണ്ടിയുള്ള വേറിട്ടൊരു സമരമായി കേരളത്തില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അങ്ങനെ കൂടി സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ അപമാന ഭാരം കൊണ്ട് മലയാളി സമൂഹത്തിന് കിതച്ചുനില്‍ക്കേണ്ടി വരുമായിരുന്നു. നിയമം എല്ലാറ്റിനും മുകളിലാണെന്നത് നമ്മളൊക്കെയും എപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. അതൊരാശ്വാസമാണ്. എന്നാല്‍, ഏത് പ്രതിസന്ധിയിലും നിവര്‍ന്നു നില്‍ക്കേണ്ട നിയമത്തിനും എത്രയോ മുകളില്‍ നക്ഷത്രം പോലെ ജ്വലിച്ചു നില്‍ക്കുന്ന ഒരു നീതിയുണ്ട്. ആ നീതിയാണ് നിരാശ്രയരുടെ നിര്‍വൃതിയും ആവേശവും.
നിയമം കാലപ്പഴക്കം കൊണ്ടോ നടത്തിപ്പുകാരുടെ അധികാര ഹുങ്ക് കൊണ്ടോ നരച്ചുപോകാം. ശിഥിലമാകാം. പക്ഷേ, അപ്പോഴും അവസാനത്തെ പ്രതീക്ഷയായി നീതി സര്‍വ പ്രലോഭനങ്ങള്‍ക്കും ശിപാര്‍ശകള്‍ക്കും ഉപജാപങ്ങള്‍ക്കും അപ്പുറം നിലനില്‍ക്കുന്നു, നിലനില്‍ക്കണം. പ്രതീക്ഷയുടെ അവസാനത്തെ ആശ്രയമായ നീതി കൂടി നിലംപരിശായാല്‍ ജീവിതത്തിന്റെ നിറപ്പകിട്ടുകളല്ല അതിനുമപ്പുറം അതിന്റെ മൗലികത തന്നെ മലിനമാകും. മറ്റെല്ലാം നശിച്ചാലും നീതി നിലനില്‍ക്കുമെങ്കില്‍, ഒരു പോലീസ് സ്റ്റേഷന്‍ വളപ്പിലെ കിണറ്റിലെ വെള്ളം വറ്റിയാലും ഈ ഭൂമിയിലെവിടെയെങ്കിലും അജ്ഞാതമായ ഒരു നീരുറവയുണ്ടെങ്കില്‍ ഉറപ്പ്, ജീവിതം ഒരു ദുരന്തത്തോടൊപ്പം അവസാനിക്കുകയില്ല.

കെ എം ബഷീര്‍ എന്ന പത്രപ്രവര്‍ത്തകന്‍ മരിച്ചത് ഒരു കാറപകടത്തിലാണ്. ഓരോരുത്തരെയും കാത്തിരിക്കാവുന്ന നിരവധി അപകടങ്ങളില്‍ ഒന്ന്. എന്നാല്‍, അപകടാനന്തരം നടന്നത് അതുപോലുള്ള വേറൊരപകടമല്ല. അധികാരത്തിന്റെ അഹന്തയാണ്. ഈ അഹന്തക്ക് മുന്നില്‍ വിനീത വിധേയ അശ്ലീല വിശ്വസ്തരായ നിയമ പാലകര്‍ ആരായാലും അവര്‍ നിയമ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഒന്ന് ശാസിച്ചു വിടാവുന്ന ചെറിയ ചെറിയ പിഴവുകളുടെ പേരില്‍ നിസ്സഹായരായ മനുഷ്യര്‍ക്ക് മേല്‍ നിയമം പലപ്പോഴും അതിക്രൂരമാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍, അതേ നിയമമാണിപ്പോള്‍ ഒരു അധികാരിയുടെ മുമ്പില്‍ കവാത്ത് മറന്നുപോയത്.
കെ എം ബഷീറിന്റെ മരണാനന്തര ജീവിതം ആവശ്യപ്പെടുന്നത് നീതി മാത്രമാണ്. ആരെയും ക്രൂശിക്കാനല്ല, പ്രതാപത്തിനും പൊങ്ങച്ചത്തിനും മുമ്പിലുള്ള നിയമ പാലകരുടെ കൊള്ളരുതായ്മകളോടാണ് അത് കലഹിക്കുന്നത്. നമ്മളിലാര്‍ക്കും എത്ര വലിയ പദവി വഹിക്കുമ്പോഴും കൊമ്പുകള്‍ മുളച്ചുകൂടാ. ഒരു പദവിയും ഇല്ലെങ്കിലും വാലും മുളച്ചുകൂടാ.

ചരിത്ര സന്ദര്‍ഭങ്ങളെ, വ്യക്തികളെ ബാധിക്കുന്ന ഹൃസ്വ സന്ദര്‍ഭങ്ങളും വ്യവസ്ഥകളെ ആകെ ബാധിക്കുന്ന ദീര്‍ഘ സന്ദര്‍ഭങ്ങളുമായി വേര്‍തിരിക്കാമെങ്കില്‍ നമ്മുടെത് അതിനൊപ്പം, അതിനുമപ്പുറം ഒരു കലുഷ കാലമാണ്.
നിയമം ഒരാളെ അറസ്റ്റ് ചെയ്യാന്‍ ഒരു ആവശ്യവുമില്ലാതെ മതില്‍ ചാടുന്ന കാലം. അക്കാലത്താണ്, ഇവിടെ കേരളത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആ മതിലിനു മുകളില്‍ കുപ്പിച്ചില്ലു പോലെ മുറിവേല്‍പ്പിക്കാന്‍ കൂര്‍ത്തുനില്‍ക്കുന്നത്. ചില പ്രത്യേക കാര്യങ്ങള്‍ മറന്നു പോകുക എന്ന അര്‍ഥത്തില്‍ കെ എം ബഷീറിന്റെ മരണത്തോടെ മലയാളത്തിന് കിട്ടിയത് റെട്രോ ഗ്രേഡ് അംനേഷ്യ എന്നൊരു വാക്കാണ്. ഓരോ കാലവും എത്രയെത്ര വാഗ്ദാനങ്ങളാണ്, മോഹങ്ങളാണ് ചാക്കുകണക്കിന് വാക്കുകളായി നമ്മുടെ മുന്നിലിട്ടു തന്നിട്ടുള്ളത്. അതിനൊപ്പം ഒരു വാക്കുകൂടി. അതും ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നമുക്ക് കിട്ടിയതു കൊണ്ട് എന്ത് കാര്യം? ഇപ്പോള്‍ നമുക്കാവശ്യം ചിറകുകളുള്ള വാക്കുകളല്ല. വിഭ്രമിപ്പിക്കുന്ന പരികല്‍പ്പനകളല്ല, അധികാരത്തിന്റെ നിശ്ശൂന്യമായ ചിരിയല്ല. പണവും പ്രതാപവും അധികാരവുമുള്ളവര്‍ക്ക് മുമ്പില്‍ നിശ്ശബ്ദമാകാത്ത മുട്ടുകുത്താത്ത നിവര്‍ന്നു നില്‍ക്കാന്‍ ധീരമാകുന്ന നിയമമാണ്.

ബഷീറിന്റെ മരണം സങ്കടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമപ്പുറം അനിവാര്യമായും നിയമ വ്യവസ്ഥ ഉത്തരം പറയേണ്ട ചോദ്യങ്ങളായി, ആര്‍ക്കും തടുത്തു നിര്‍ത്താനാകാത്ത വിധം വളരുകയാണ്. എന്തുകൊണ്ട് ഡോക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തില്ല? എന്തുകൊണ്ട് സംഭവ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചില്ല? എന്തുകൊണ്ട് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ അനുവദിച്ചു? എന്തുകൊണ്ട് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചില്ല? ശ്രീറാമിന്റെ സഹയാത്രിക വഫാ ഫിറോസിന്റെ റോളെന്ത്? ബഷീറിന്റെ മൊബൈല്‍ ഫോണ്‍ എവിടെ?
“”ശ്രീറാം മദ്യപിച്ചിരുന്നു എന്നത് ബോധ്യമുള്ള കാര്യം. അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കുകയില്ല” എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് നീതിയെ സംബന്ധിച്ചിടത്തോളം ആവേശകരമാണ്. പക്ഷേ, നിയമം വഴിമാറിയാണ് സഞ്ചരിക്കുന്നതെന്ന ആശങ്ക ഉടന്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

കെ ഇ എന്‍

Latest