Connect with us

Ongoing News

കണ്ടിട്ടും കണ്ടിട്ടും മതിവരാതെ

Published

|

Last Updated

ആഗ്രഹങ്ങൾ പലതായിരുന്നു… പരിശുദ്ധ മക്കയിൽ പാദമൂന്നാൻ, വിശുദ്ധ കഅ്ബയൊന്ന് സ്പർശിക്കാൻ, ഹജറുൽ അസ്‌വദ് മുത്തിമണക്കാൻ, ഹിജ്‌റ് ഇസ്മാഈലിൽ നിസ്‌കരിക്കാൻ, സംസം വെള്ളം മതിവരുവോളം കുടിക്കാൻ, സ്വർണപാത്തിയുടെ കീഴെ പ്രാർഥിക്കാൻ, തിരുറൗള കൺകുളിർക്കെ കാണാൻ! ആഗ്രഹങ്ങൾ സഫലീകൃതമായപ്പോൾ ഹൃദയാന്തരങ്ങളിൽ നിന്ന് സന്തോഷാമൃത് പ്രവഹിക്കുകയായിരുന്നു. കേട്ടുപരിചയിച്ച ഇടങ്ങൾ കൺമുമ്പിൽ ദർശനവിധേയമായപ്പോൾ റബ്ബ് കനിഞ്ഞേകിയ ആ മഹത്തായ അനുഗ്രഹത്തിന് ആയിരമായിരം നന്ദി പ്രകാശിപ്പിക്കുകയായിരുന്നു ഞാൻ.

പരിശുദ്ധ മക്ക. ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം രേഖപ്പെട്ടു കിടക്കുന്ന മണൽഭൂമി. ഒരു കുടുംബത്തിന്റെ ത്യാഗസ്മരണകൾ അയവിറക്കാനായി ലക്ഷോപലക്ഷം ജനങ്ങൾ ഒത്തുകൂടുന്ന അല്ലാഹുവിന്റെ ഇഷ്ടസ്ഥലം. ഒരു കാലത്ത് പാറക്കെട്ടുകളും പർവതങ്ങളും നിറഞ്ഞ ജലാശയങ്ങൾ കുറഞ്ഞ മരുപ്രദേശം ഇന്ന് അംബരചുംബികളായ കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരം. സുകൃതങ്ങൾ പെയ്തിറങ്ങുന്ന ഭൂമിയിലൂടെ സഞ്ചരിച്ചപ്പോൾ അനുഭൂതിയുടെ മറ്റൊരു ലോകത്തായിരുന്നു. തീ പേടിക്കുന്ന മിനയിലെ ടെന്റുകൾ ഇന്ന് ഓർമ മാത്രമാണ്. തീ പിടിക്കാത്ത ശീതീകരിച്ച ടെന്റുകളാണ് മിനയിലെങ്ങും. പന്ത്രണ്ട് കി മീ അകലെയുള്ള അറഫയിലേക്കുള്ള യാത്രയും ഹാജിമാർക്ക് ഒരു കാലത്ത് പ്രയാസമായിരുന്നു. ഇന്ന് മെട്രോ ട്രെയിൻ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ. ജംറയിലെ തിക്കും തിരക്കും കാണാനേ ഇല്ല. അഞ്ച് തട്ടുകളിലായി കല്ലെറിയാനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു, വ്യത്യസ്ത സമയം നൽകി.

നാല് വർഷം മുമ്പ് ഒരു വെളുപ്പിനായിരുന്നു ഞങ്ങളുടെ ഹജ്ജ് യാത്ര. കഅ്ബ ആദ്യമായി കാണുമ്പോൾ എന്ത് ദുആ ചെയ്യുന്നുവോ ആ ദു ആക്ക് റബ്ബിന്റെ ഉത്തരമുണ്ടെന്ന പ്രതീക്ഷയായിരുന്നു മനസ്സിൽ മുഴുവൻ. എല്ലാവരും ഹറമിലെത്തി. പ്രതീക്ഷിച്ചതിനേക്കാൾ പതിന്മടങ്ങായിരുന്നു തിരക്ക്. അത് വകവെക്കാതെ ജനസാഗരത്തിലേക്ക് ഞങ്ങളും ലയിച്ചു. 94 വാതിലുകൾ, എണ്ണമില്ലാത്ത മറ്റനേകം കവാടങ്ങൾ, മൂന്നോളം തട്ടുകൾ.. ഇതാണ് അന്നത്തെ ഹറം പള്ളി. ശൈഖ് അസീസ് രാജാവിന്റെ പേരിലുള്ള ഒന്നാം ഗേറ്റിന് മുമ്പിൽ തന്നെയാണ് അവസാന ദിവസങ്ങളിൽ ഞങ്ങളുടെ റൂം ഏർപ്പാട് ചെയ്തിരുന്നത്. അതിനാൽ നിരന്തരം പള്ളിയുമായി സമ്പർക്കം പുലർത്താൻ വൃദ്ധർക്കും സ്ത്രീകൾക്കും സാധിച്ചു. ഇത്രയൊക്കെ പ്രവിശാലത ഉണ്ടായിട്ടും ജമാഅത്തിനായി അല്പം വൈകിയാൽ റോഡിന്റെ ഇരുവശങ്ങളിലും ഇടം തേടേണ്ടി വരും. അത്രയും തിരക്കാണ് അകത്തും പുറത്തും.

മിനയിലെ ടെന്റുകൾ ആശ്ചര്യമുളവാക്കുന്നവയായിരുന്നു. ഒരു ടെന്റിൽ ഞങ്ങൾ 40 പേർക്ക് ഒട്ടിച്ചേർന്ന് കിടക്കാനുള്ള സൗകര്യമേയുള്ളൂ. മിനയിൽ എത്തുമ്പോൾ പുലർച്ചെ മൂന്ന് മണി. അന്ന് അവിടെ തങ്ങി. പിറ്റേ ദിവസം അറഫയിലേക്ക്. “ഹജ്ജ് എന്നാൽ അറഫ” എന്നത് അന്വർഥമാക്കുന്ന രീതിയിലാണ് അവിടം. അന്നേദിവസം ആശുപത്രിയിലുള്ള രോഗികളെ പോലും അവിടെയെത്തിക്കാൻ സഊദി സർക്കാർ പ്രത്യേക സൗകര്യം ഏർപ്പെടുത്താറുണ്ട്. അറഫയിലെ ടെന്റുകൾ ഇരിക്കാൻ പാകത്തിലുള്ളവയായിരുന്നു. ഉച്ച മുതൽ ദിക്‌റുകളിലും പ്രാർഥനയിലൂമായി ഞങ്ങൾ കഴിച്ചുകൂട്ടി. നബി (സ) അവസാനമായി പ്രസംഗിച്ച അറഫ മൈതാനിയിലെ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയത് കാണാമായിരുന്നു. അന്ന് രാത്രി തന്നെ വീണ്ടും മിനയിലെ ടെന്റിലേക്ക്. വരുന്ന വഴി ദുർഘടം പിടിച്ചതായിരുന്നു. മണിക്കൂറുകളോളം ബസ്സിൽ. തുടർന്ന് കാൽനടയായി കിലോ മീറ്ററുകൾ താണ്ടി ടെന്റിലെത്തുമ്പോഴേക്കും പലരും നന്നേ ക്ഷീണിച്ചവശരായിരുന്നു. മിനയിലെ ടെന്റിൽ നിന്നായിരുന്നു കല്ലെറിയൽ ചടങ്ങിനുള്ള യാത്ര. എട്ട് കിലോ മീറ്ററോളം കാൽനടയായി. മൻഖൂസ് മൗലിദിന്റെ ഈരടികളിൽ ലയിച്ച യാത്ര ഏറെ ആന്ദകരമായിരുന്നു.

മദീന… ലോകാനുഗ്രഹിയായ റസൂൽ കരീം (സ) അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ മണ്ണ്. ജനനിബിഡമായ മക്കാ പട്ടണത്തിന്റെ തിരക്കിൽ നിന്നും വിജനതയിലൂടെയുള്ള മദീന യാത്ര ഏറെ ആനന്ദകരമായിരുന്നു. ഉയർന്നു നിൽക്കുന്ന മലകളും വിശാലമായ മണൽപ്പരപ്പും അറബിക്കഥ വായിച്ച അനുഭൂതി നൽകി. മക്കയിൽ നിന്ന് 450 കി മീ അകലെയാണ് മദീനയെന്നറിഞ്ഞപ്പോൾ നബി (സ) ഹിജ്‌റ പോയ കാലമായിരുന്നു മനസ്സിൽ തികട്ടിവന്നത്. ദിവസങ്ങളോളം യാത്ര ചെയ്ത നബി താൻ ഏറെ സ്‌നേഹിച്ച മക്കയെ പിരിഞ്ഞുപോകുമ്പോൾ വല്ലാത്ത വേദന അനുഭവിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. നിയമങ്ങൾക്ക് ഒരു പഴുതുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു സഊദി സർക്കാറിന്റെ ഓരോ ചെക്ക് പോയിന്റും. ആറ് മണിക്കൂർ കൊണ്ട് എത്താമായിരുന്നിട്ടും ആ പുണ്യഭൂമിയിൽ എത്താൻ 10 മണിക്കൂറിലേറെ സമയമെടുത്തു. മസ്ജിദുന്നബിയുടെ അടുത്തു തന്നെയുള്ള ഹോട്ടൽ ദല്ലായിലായിരുന്നു ഞങ്ങളുടെ താമസസ്ഥലം. ലോക മുസ്‌ലിംകളുടെ രണ്ടാമത്തെ പുണ്യഗേഹമാണ് മദീനയിലെ മസ്ജിദുന്നബവി. നബിയുടെ പള്ളിയിൽ വെച്ച് നിസ്‌കരിക്കുന്നത് മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളിൽ വെച്ചുള്ള നിസ്‌കാരത്തേക്കാൾ ആയിരം മടങ്ങ് പുണ്യമുള്ളതാണ്. ഇവിടെ വെച്ച് 40 വഖ്ത് ജമാഅത്തായി നിസ്‌കരിക്കാൻ കഴിഞ്ഞാൽ ഏറ്റവും പുണ്യവുമാണ്. ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന ഹാജിമാർ ബന്ധുക്കൾക്കും മിത്രങ്ങൾക്കും നൽകാനുള്ള ഈത്തപ്പഴങ്ങൾ വാങ്ങുന്നത് ഇവിടെ വച്ചാണ്. വിശാലമായ ഈന്തപ്പഴ സൂഖുകൾ ധാരാളമുണ്ട്. വഴിയോര കച്ചവടവും തകൃതി…

ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങൾ മദീനയിലുണ്ട്. അതിൽ പ്രധാനമാണ് മസ്ജിദുഖുബാ. നബി(സ) അവിടെ പോയി നിസ്‌കരിക്കുക പതിവായിരുന്നു. അതുകൊണ്ട് ഹജ്ജിനായി മക്കയിലെത്തുന്ന ഭക്തർ അവിടെ സന്ദർശിക്കാനും രണ്ട് റക്അത് സുന്നത്ത് നിസ്‌കരിക്കാനും ധൃതി കാണിക്കുന്നു. ചരിത്രത്തിന്റെ തങ്കത്താളുകളിൽ ഉല്ലേഖിതമായ ബദർ, ഉഹ്ദ് രണാങ്കണങ്ങൾ സന്ദർശിക്കുകയെന്നതും ഞങ്ങളുടെ ആഗ്രഹമായിരുന്നു. എന്നാൽ ബദർ സന്ദർശനം നടന്നില്ല. നബി(സ) യും അനുചരൻമാരും ശത്രുക്കൾക്കെതിരെ കിടങ്ങ് കീറിയ ഖന്തക്കിൽ എത്തുമ്പോൾ അവിടെയും നല്ല തിരക്കായിരുന്നു. കിടങ്ങ് കാണാൻ കഴിയില്ലെങ്കിലും ആ സ്ഥലത്ത് മനോഹരമായ പള്ളികൾ ആ കാലഘട്ടത്തിന്റെ ചരിത്ര രേഖയെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. വെളുത്ത കാർപെറ്റിൽ റൗളാശരീഫ് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെ വച്ച് നിസ്‌കരിക്കാൻ തീർഥാടകർ കാണിക്കുന്ന ആവേശം സ്മരണീയമാണ്. വളരെ ഇടുങ്ങിയ സ്ഥലത്ത് പഴുത് കിട്ടാൻ ആയിരങ്ങൾ തിക്കിത്തിരക്കുന്നത് ഊഹിച്ചുനോക്കൂ. ക്ഷമിച്ചാൽ നമുക്ക് അവസരം കിട്ടുമെന്ന് ഹജറുൽ അസ്‌വദ് മുത്തുന്ന കാര്യത്തിൽ എനിക്ക് അനുഭവമുണ്ടായതാണ്. റൗളയിൽ നിന്നപ്പോൾ അതോർമ വന്നു. ഓരോ ജമാഅത് നിസ്‌കാരത്തിനുമായി ത്വവാഫ് നിർത്തിവെക്കാറുണ്ട്. അങ്ങനെ സെക്യൂരിറ്റിക്കാർ എല്ലാവരേയും ഓടിച്ച സമയത്ത് ഒരു വൃദ്ധൻ “ഒന്ന് ഞാൻ മുത്തിക്കോട്ടെ” എന്ന് ആംഗ്യം കാണിച്ചപ്പോൾ സെക്യൂരിറ്റിക്കാരൻ അനുവദിച്ചു. മറ്റൊരു വൃദ്ധൻ കൂടി ആവശ്യപ്പെട്ടപ്പോൾ അയാൾക്കും അനുമതി കിട്ടി. അപ്പോൾ എനിക്കും അപേക്ഷിക്കാൻ തോന്നി. അനുമതി കിട്ടിയ ഞാനും അതിൽ മുത്തി. പക്ഷേ നാലാമതൊരാളെ മുത്താൻ സെക്യൂരിറ്റിക്കാരൻ സമ്മതിച്ചില്ല! മസ്ജിദുന്നബവിയുടെ ശില്പചാതുര്യം ഏറെ ആകർഷിക്കും. കൊത്തുപണികൾ കൊണ്ട് അലംകൃതമായ വാതിലുകളും മാർബിൾ തൂണുകളും ഏറെ കമനീയമാണ്. താനെ തുറക്കുന്ന മേൽപ്പുര നമ്മെ അതിശയിപ്പിക്കും. ഇങ്ങനെ തുറക്കുന്നത് കൊണ്ട് പള്ളിക്കുള്ളിലിരുന്ന് ആകാശം കാണാം. താനേ തുറക്കുന്ന കോൺക്രീറ്റ് കുടകൾ അതിശയിപ്പിക്കുന്നു. ഹറമിന് പുറത്തുള്ള ഈ കുടകൾ സൂര്യന്റെ കത്തുന്ന വെയിലിൽ നിന്ന് സംരക്ഷിക്കും. രാത്രി പൂട്ടിക്കിടക്കുന്ന ഈ കുടകൾ സുബ്ഹി നിസ്‌കാരത്തിന് ശേഷമാണ് തുറക്കുക. മസ്ജിദുന്നബവിയിലെ ഓരോ സംവിധാനവും ഏറെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്.

ലോകത്തെ വിവിധ ഭാഷാവേഷ സംസ്‌കാരങ്ങളുടെ പരിച്ഛേദം ഹജ്ജിലല്ലാതെ എവിടെയാണ് കാണാനാകുക.? നീളുന്ന വൈവിധ്യങ്ങളിൽ മിക്ക രാജ്യക്കാരും കൂട്ടം തെറ്റാതിരിക്കാൻ യൂനിഫോം വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എട്ട് ദിവസത്തെ മദീന സന്ദർശനത്തിന് ശേഷം ഞങ്ങൾ മക്കയിലേക്ക് തന്നെ തിരിച്ചു. പുണ്യങ്ങൾ മാത്രമാണ് ഇവിടങ്ങളിലെങ്ങും അയവിറക്കാനുള്ളത്. തിരുനബിയുടെ അന്ത്യവിശ്രമവും ലോകമുസൽമാന്റെ സിരാകേന്ദ്രമായ കഅ്ബയും കൺകുളിർക്കെ കണ്ട് 39 ദിവസത്തെ ചരിത്രയാത്ര ഏറെ ആനന്ദകരമായിരുന്നു. വിദാഇന്റെ ത്വവാഫും കഴിഞ്ഞ് വിശുദ്ധ കഅ്ബയോട് സലാം പറഞ്ഞ് പിരിയുമ്പോൾ കൺതടങ്ങളിലൂടെ കണ്ണീർ ചാലിട്ടൊഴുകുകയായിരുന്നു.
.

Latest