Connect with us

Ongoing News

വിട, ഉമ്മുൽ ഖുറാ...

Published

|

Last Updated

ദുൽഹിജ്ജ ഏഴ്, യൗമു സീന: മിനായിലേക്ക് പോകാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അത്യാവശ്യം സാധനങ്ങൾ എടുത്താൽ മതി, ഇനി മുതൽ ചെറിയ ബാഗ് സ്വന്തം ചുമക്കേണ്ടി വരും. രാത്രി വൈകിയാണ് മുത്വവ്വിഫിന്റെ ബസ് വന്നത്. മറ്റ് വാഹനങ്ങൾ അനുവദനീയമല്ല. അമ്മായിയെയും കൊണ്ട് ബസിൽ കയറിപ്പറ്റാൻ എനിക്കും ഇത്താത്തക്കും ഇത്തിരി പ്രയാസപ്പെടേണ്ടി വന്നു. ബസുകൾ ഒച്ചിനെ തോൽപ്പിക്കുന്ന വേഗത്തിലായിരുന്നു. പുലർച്ചെക്ക് മുമ്പ് മിനായിൽ എത്തി.
അഭിലാഷം എന്നർഥമുണ്ടത്രെ മിനക്ക്. ഗർഭപാത്രം പോലെയാണത്. ഹജ്ജ് സീസണിൽ പരമാവധി ആളുകളെ ഉൾക്കൊള്ളും. അല്ലാത്തപ്പോൾ അവിടം ശൂന്യമായിരിക്കും. 65 ബി ആയിരുന്നു ഞങ്ങളുടെ ടെന്റ് നമ്പർ. മർകസ്, എസ് വൈ എസ് തുടങ്ങി കേരളത്തിലെ മിക്ക ഗ്രൂപ്പുകളുടെയും തമ്പുകൾ ആ പരിസരത്തു തന്നെയാണ്. ഇതുവരെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള റൂമുകളായിരുന്നെങ്കിൽ ഇനി ധനികനും ദരിദ്രനും ഒരേ പായയിൽ, ഒരൊറ്റ തമ്പിനുള്ളിൽ. ആയിരങ്ങൾക്ക് മൂന്നോ നാലോ ടോയ്‌ലറ്റുകൾ. ഭക്ഷണം സമയാസമയങ്ങളിൽ തമ്പിന് മുന്നിൽ കൊണ്ടുവന്നു വിളമ്പിത്തരുന്നുണ്ട്. ഓരോരുത്തർക്കും പ്രത്യേകം കൊച്ചു കിടക്കകളും തലയിണകളുമുണ്ട്. അഭയാർഥി, ദുരിതാശ്വാസ ക്യാമ്പുകളിലെ ജീവിതം പോലെ. ഹജ്ജ് നൽകുന്ന അനുഭവ പാഠങ്ങളിലൊന്നാണിത്. കൈയോ കാലോ അൽപ്പം നീട്ടിയാൽ മറ്റുള്ളവരുടെ ദേഹത്ത് തട്ടും.

ദുൽഹിജ്ജ എട്ട്, യൗമുത്തർവിയ: മിനായിൽ ചെലവഴിച്ചു. ഇനി അറഫയിലെ മാനവ മഹാസംഗമത്തിനുള്ള തയ്യാറെടുപ്പുകൾ. മഗ്‌രിബിന് ശേഷം അറഫയിലേക്ക് പുറപ്പെടുകയാണ്. ബസിലും കാൽനടയായും ഹാജിമാർ അറഫയിലേക്കൊഴുകുന്നു. നേരത്തേയെത്തി അനുവദിക്കപ്പെട്ട തമ്പുകൾ കണ്ടുപിടിച്ചെങ്കിലേ അറഫ ദിനം ഇബാദത്തുകളിൽ മുഴുകാൻ കഴിയൂ. ബസുകൾ ഹാജിമാരെയും വഹിച്ച് അറഫയിലേക്ക് നീങ്ങിത്തുടങ്ങി. ഉസ്താദുമാർ തമ്പ് നേരത്തേ കണ്ടെത്തിയതിനാൽ പ്രയാസപ്പെടേണ്ടി വന്നില്ല. മിനായിലേത് പോലെയല്ല. ഇവ താത്കാലികമായി നിർമിച്ച ശീല കൊണ്ടുള്ള പന്തലുകളാണ്. കിടക്കകളും മറ്റുമുണ്ട്, ഭീമൻ കൂളറുകളും.

അറഫ ദിനം. ഭക്ഷണവും വെള്ളവും മറ്റും സമയാസമയങ്ങളിൽ എത്തുന്നുണ്ട്. ലക്ഷങ്ങൾക്ക് മരുഭൂമിയിൽ സൗകര്യമൊരുക്കാൻ എത്ര പാടുപെട്ടിരിക്കും. ഒരു നിമിഷം പാഴാക്കാതെ ആയിരം ഇഖ്‌ലാസ്, സൂറതുൽ ഹശ്ർ, ദിക്‌റുകൾ ചൊല്ലാൻ ഉസ്താദുമാർ നിർദേശിച്ചിരുന്നു. മഅ്ദിനിലെ അറഫ ദിന മജ്‌ലിസുകൾ മനസ്സിലേക്കെത്തി. ഓരോ മജ്‌ലിസിലും അടുത്ത തവണ അറഫയിൽ എത്തിക്കണേ എന്ന പ്രാർഥനക്ക് ഉത്തരം തന്ന ലോകരക്ഷിതാവിനെ എത്ര സ്തുതിച്ചാലും മതിയാകില്ല. ഉച്ചക്ക് ശേഷം മഅ്ദിൻ, മർകസ,് എസ് വൈ എസ് തുടങ്ങി എല്ലാ ഗ്രൂപ്പുകളും ഒരുമിച്ച് എ പി ഉസ്താദ്, ഖലീൽ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകിയ ദുആ മജ്‌ലിസ്. ഹജ്ജിന് വരുന്ന എല്ലാവരും ഒരേ സമയം സംഗമിക്കുന്ന അറഫ, ആദ്യ പിതാവ് ആദം നബി(അ)യും മാതാവ് ഹവ്വ (റ)യും ഭൂമിയിൽ ആദ്യമായി കണ്ടുമുട്ടിയതിന്റെ സ്മരണ പുതുക്കുന്നു. സമത്വത്തിന്റെ ഉദാത്ത ഇസ്‌ലാമിക മാതൃക. കറുത്തവനും വെളുത്തവനും ചെറിയവനും വലിയവനും അടങ്ങിയ മനുഷ്യ മഹാപ്രളയം. ആദം നബി(അ) മുതൽ എത്ര പേരുടെ കാൽപ്പാടുകൾ ഈ മണ്ണിൽ പതിഞ്ഞിരിക്കാം. മഹാ സംഗമത്തിനൊടുവിൽ സൂര്യൻ അസ്തമിക്കുമ്പോൾ എത്തിയ ചാറ്റൽ മഴക്കൊപ്പം ഹാജിമാരുടെ ഹൃദയങ്ങളും കണ്ണീരിൽ കുതിർന്നിരുന്നു. അറഫയിലെ ദുആ തള്ളപ്പെടുമോ എന്ന ചിന്ത പോലും അറഫയോടുള്ള അപമര്യാദയത്രെ. വീണ്ടും സംഗമിക്കാൻ വിധി നൽകണേ എന്ന പ്രാർഥനയോടെ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി. പുനർജന്മനാളിൽ മഹ്ശറ ലക്ഷ്യമാക്കി നീങ്ങുന്ന മാനവരെപ്പോലെ.

കാൽനട സംഘത്തോടൊപ്പം ചേരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മായിയുടെ അവസ്ഥ പരിഗണിച്ച് ബസിലേക്ക് നടന്നു. പതിവിന് വിപരീതമായി അന്ന് വാഹനങ്ങൾ വേഗത്തിൽ നീങ്ങിത്തുടങ്ങി. അറഫ വിടുമ്പോഴുള്ള പ്രാർഥന ബാഖവി ഉസ്താദ് ഉറക്കെ ചൊല്ലിത്തരുന്നുണ്ടായിരുന്നു. മുസ്ദലിഫയിലിറങ്ങി. പലരും പലയിടത്തായെങ്കിലും മക്കന സഹായത്തിനെത്തി. മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങൾക്ക് ശേഷം ജംറയിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ച് അൽപ്പം വിശ്രമിക്കാനായി എല്ലാവരും കിടന്നു. നൈജീരിയക്കാരായ ഉമ്മയും മകളും അടുത്തു കിടക്കുന്നു. അറബി സംസാരിക്കാൻ അറിയാത്തതിനാൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. അറബി സംസാരിച്ചു പഠിക്കാനുള്ള സഹോദരന്റെ നിർദേശം അവഗണിച്ചതിൽ ഖേദം തോന്നി. ഇവിടെ ഇംഗ്ലീഷും ഉറുദുവുമൊന്നും ചെലവാകില്ല. മാനം മേൽക്കൂരയാക്കി ഉറങ്ങി വീണ്ടും എണീറ്റ് നടക്കുമ്പോൾ ഖിയാമത്ത് നാളും പുനർജന്മവും മഹ്ശറാ പ്രയാണവും മനസ്സിലെത്തി.
സുബ്ഹിക്ക് ശേഷം മിനായിലേക്ക് പുറപ്പെട്ടു. തമ്പിലേക്കുള്ള വഴികൾ താത്കാലികമായി അടച്ചിരുന്നു. ജംറകളിലേക്കുള്ള വഴി മാത്രം തുറന്നിട്ടുണ്ട്. വഴി കാണുന്നുണ്ടെങ്കിലും ഒരു നിലക്കും പോലീസുകാർ കടത്തിവിടുന്നില്ല. തിരക്കിൽ പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ്. ഗൂഗിൾ മാപും ലൊക്കേഷനുമൊന്നും സഹായിക്കില്ലെന്ന് ബോധ്യപ്പെടാൻ ഏറെ നേരം വേണ്ടി വന്നില്ല. ചുറ്റിത്തിരിഞ്ഞ് ടെന്റിലെത്തിയപ്പോൾ പെരുന്നാൾ പുലരി ഉദിച്ചിരുന്നു. കാൽനട സംഘം രാത്രി തന്നെ തമ്പിലെത്തിയിരുന്നു.

സന്തോഷവും സങ്കടവും മാറിമറിഞ്ഞ നിരവധി പെരുന്നാളുകൾ കഴിഞ്ഞെങ്കിലും മിനായിലെ പെരുന്നാൾ പ്രത്യേക അനുഭവമായിരുന്നു. പെരുന്നാൾ ഭക്ഷണം കഴിഞ്ഞ് വിശ്രമിച്ച ശേഷം കല്ലേറിനായി ജംറയിലേക്ക് പുറപ്പെടുകയാണ്. പെരുന്നാൾ ദിനം രാവിലെ എറിയലാണ് സുന്നത്തെങ്കിലും തിരക്കൊഴിവാക്കാൻ രാത്രിയിലേക്ക് മാറ്റിവെക്കുകയാണ് പതിവ്. ഉസ്താദുമാരുടെ മേൽനോട്ടത്തിൽ ഹാജിമാരുടെ സംഘം പുറപ്പെട്ടു. പല രാജ്യക്കാർ, വേഷക്കാർ, ഭാഷക്കാർ. ലബ്ബൈകിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. തുരങ്ക പാതയിലൂടെയാണ് ജംറയിലേക്ക് എത്തുന്നത്. 100 മീറ്റർ വീതം നീളമുള്ള പത്ത് എലിവേറ്ററുകൾ യാത്രാ ദൈർഘ്യം ഒരു കിലോ മീറ്റർ കുറച്ചത് ആശ്വാസമായിട്ടുണ്ട്. ജംറ കോംപ്ലക്‌സിന്റെ രണ്ടാം നിലയിലാണ് യാത്ര അവസാനിക്കുന്നത്. ജംറത്തുൽ അഖബയിലാണ് എറിയാനുള്ളത്. ഇബ്‌റാഹീം നബി (അ)യുടെയും കുടുംബത്തിന്റെയും സ്മരണ എങ്ങും നിറഞ്ഞു നിൽക്കുന്നു. തീക്ഷ്ണ പരീക്ഷണങ്ങളെ ക്ഷമയോടെ അതിജീവിച്ച അവർക്ക് റബ്ബ് കൊടുത്ത സമ്മാനം. തിരിച്ചുവരുന്നത് മറ്റൊരു വഴിയിലൂടെയാണ്. അല്ലാഹുവിന്റെ അതിഥികൾക്കായി മികച്ച സജ്ജീക രണങ്ങൾ ഒരുക്കുന്ന അധികൃതരെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇന്തോനേഷ്യൻ സംഘം “യാ അക്‌റം ബൈത്” ചൊല്ലി കടന്നു പോയി. ടെന്റിലെത്തിയ ശേഷം മുടിയെടുത്തു. പതിനൊന്നിന് രാത്രിയാണ് ജംറകളിലേക്ക് പോയത്. മൂന്ന് ജംറകളെയും എറിഞ്ഞ ശേഷം ബാഖവി ഉസ്താദ് ദുആ ചെയ്തു. മൻഖൂസ് മൗലിദ് ഓതിക്കൊണ്ട് തിരിച്ചു നടക്കുമ്പോൾ അടുത്തുണ്ടായിരുന്ന വഹാബി സംഘം അരിശം പ്രകടിപ്പിച്ച് കടന്നു പോയി. തഹല്ലുലായതിനാൽ ഹാജിമാർ സാധാരണ വേഷം ധരിക്കാൻ തുടങ്ങിയിരിക്കുന്നു.
സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി പൊസോട്ട് തങ്ങളുടെ ആണ്ടിന്റെ ദിവസമായതിനാൽ എല്ലാവരും ഖുർആൻ ഖത്മുകൾ ഹദ്‌യ ചെയ്തു. ആറ്റുപുറം അലി ബാഖവി, ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, പട്ടുവം അമാനി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ക്ലാസുകളും ബുർദ സദസ്സുകളും മിനായിലെ രാപ്പകലുകൾ സമ്പന്നമാക്കി. തിരക്ക് കുറവുള്ള സമയം നോക്കി ഹജ്ജിന്റെ ഇഫാളത്തിന്റെ ത്വവാഫ് ചെയ്യാൻ പുറപ്പെട്ടു. ഹറമിലെത്തുമ്പോൾ സുബ്ഹി ജമാഅത്തിന് സമയമായിരുന്നു. ഇഹ്‌റാമിലായി മരിച്ചവരെ മയ്യിത്ത് നിസ്‌കാരത്തിനായി എത്തിച്ച സ്ഥലത്തെത്തിയപ്പോൾ അൽപ്പം പതറിപ്പോയി. കൊച്ചു കുട്ടികൾ മുതൽ വൃദ്ധൻമാരെ വരെയുണ്ട്. ജിബ്‌രീൽ(അ)ന്റെ വിളി കേട്ട് ഹജ്ജിനെത്തിയവരത്രെ അവർ. മഹ്ശറയിൽ മുഹ്‌രിമീങ്ങളായി എത്താൻ ഭാഗ്യം ലഭിച്ചവർ. ത്വവാഫ് പൂർത്തിയാക്കി ടെന്റിലേക്ക് മടങ്ങുമ്പോഴും ആ കാഴ്ച കണ്ണിൽ നിന്ന് മാഞ്ഞിരുന്നില്ല. ജംറകളിലെ ഏറും മിനാ വാസവും പൂർത്തിയാക്കി സഹജീവിതത്തിന്റെ പാഠങ്ങൾ ചൊല്ലിത്തന്ന തമ്പിനോട് വിട പറഞ്ഞ് റൂമിലേക്ക് മടങ്ങുമ്പോഴേക്കും ഒരുമ്മ പെറ്റ മക്കളെ പോലെ എല്ലാവരും സ്‌നേഹപാശത്താൽ ബന്ധിതരായിരുന്നുവെന്ന് അവരുടെ നയനങ്ങൾ തെളിയിച്ചു.

ഉമ്മുൽ ഖുറായോട് വിട പറയുകയാണ്. വീണ്ടും രണ്ട് തവണ കൂടി ഉംറ ചെയ്യാൻ അവസരം നൽകിയ റബ്ബിന് സ്തുതി. അർഹരായവർ ഒരു പാട് കാത്തിരിക്കുമ്പോഴും മഹത് കർമത്തിന് തിരഞ്ഞെടുത്ത റബ്ബേ. കാലാതിവർത്തിയായ പ്രൗഢിയോടെ വിശുദ്ധ കഅബ, സർവം നാഥനിലർപ്പിച്ച് പ്രദക്ഷിണം ചെയ്യുന്ന ജനസാഗരം, സ്വർഗീയ സുഗന്ധവുമായി ഹജറുൽ അസ്‌വദ്, സഹസ്രാബ്ദങ്ങളുടെ പാദമുദ്രകളുമായി ഇബ്‌റാഹീം മഖാം, പുണ്യത്തിന്റെ വറ്റാത്ത ഉറവ സംസം എല്ലാം വീണ്ടും വീണ്ടും അനുഭവിക്കാൻ വിധി കൂട്ടണേ. വിദാഇന്റെ ത്വവാഫ് ചെയ്ത് തങ്ങളുസ്താദിന്റെ പ്രാർഥനക്ക് ആമീൻ പറയാൻ വൻ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ഭാരം തോന്നിക്കുന്ന കാലുകളും കാറ്റിലാടുന്ന ശരീരവും വിങ്ങുന്ന മനസ്സുമായി തിരിച്ചു നടക്കുമ്പോൾ മുന്നിലൂടെ ഒരു കൂട്ടം പ്രാവുകൾ പറന്നു പോയി, നിർഭയരായി… മനസ്സ് മന്ത്രിച്ച് കൊണ്ടിരുന്നു. “ഇന്നല്ലദീ ഫറള അലൈകൽ ഖുർആന ലറാദ്ദുക ഇലാ മആദ്” (വി.ഖുർആൻ).
.