Connect with us

Ongoing News

സലാല @360°

Published

|

Last Updated

പച്ചപ്പുകൾക്ക് മേൽ മഴത്താളവുമായി ഒമാനിലെ സലാലയിൽ ഖരീഫ് (മൺസൂൺ) കാലത്തിന് തുടക്കമായി. സലാലയുടെ മലനിരകൾ പച്ചപ്പട്ടണിയുന്ന നേർത്ത മഴച്ചാറ്റലും കോടമഞ്ഞും കുളിരും ഖരീഫ് കാലത്ത് രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെയാകർഷിക്കും. ഖരീഫ് ഭംഗിയുടെ വശ്യത സെപ്തംബർ അവസാനം വരെയാണ് നീണ്ടു നിൽക്കുക. സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിന് പുറത്ത് ഒമാനിലും ഗൾഫ് രാഷ്ട്രങ്ങളിലുടനീളവും 45- 50 ഡിഗ്രി ആണ് ശരാശരി താപനില. പലയിടത്തും 55 ഡിഗ്രി വരെയാകും. അക്ഷരാർഥത്തിൽ പ്രവാസം പൊള്ളിപ്പിടയുന്ന സമയം. മധ്യവേനലവധിക്ക് സ്‌കൂളുകൾ പൂട്ടിയതിനാൽ കുടുംബവുമായി കഴിയുന്ന പ്രവാസികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകും. സ്വന്തം നിലക്ക് ഉപജീവനം നടത്തുന്നവരും നാടണയും. അതേസമയം, കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവരും പുറംതൊഴിൽ ചെയ്യുന്നവരുമടങ്ങുന്ന ബ്ലൂ കോളർ തൊഴിലാളികൾ ഈ ചൂടിൽ ഉരുകിയൊലിച്ച് തൊഴിൽ ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സലാലയിലെ ഖരീഫ് കുളിരും കോടമഞ്ഞും മഴവർഷവുമെല്ലാം.

മഴ ശക്തമാകുന്നതോടെ സഞ്ചാരികളുടെ പ്രവാഹമുണ്ടാകും. സലാലയുടെ ഖരീഫ് സൗന്ദര്യത്തിന്റെ പൂർണത ആസ്വദിക്കാൻ മലനിരകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് സവിശേഷ അനുഭൂതി സമ്മാനിക്കും. വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്നയിടങ്ങളും സലാലയുടെ ഹരിതാഭക്ക് ചാരുത പകരുന്ന കൃഷിയിടങ്ങളും ഭംഗിയുള്ള ബീച്ചുകളും ഖരീഫ് സഞ്ചാരികളുടെ തിരക്കിലമരും. വാദി (താഴ്‌വാര)കളും പ്രകൃതിയൊരുക്കിയ ജലസംഭരണികളും നിറയുന്നതോടെ തെളിനീരൊഴുക്കിൽ കൊച്ചു മത്സ്യങ്ങളും കാണാനാകും. കുന്നുകളോട് തൊട്ടുരുമ്മി നിൽക്കുന്ന മേഘപാളികൾ അവിസ്മരണീയ കാഴ്ചയായി സഞ്ചാരികളുടെ മനസ്സിൽ ശേഷിക്കും. പച്ചപ്പട്ടണിയുന്ന മലനിരകളിലും താഴ്‌വരകളിലും മേയുന്ന കാലിക്കൂട്ടങ്ങൾ സന്ദർശകർക്ക് കൗതുകം സമ്മാനിക്കുന്ന കാഴ്ചയാണ്. ഖരീഫ് കാലത്ത് പ്രക്ഷുബ്ധമാകുന്ന കടലും കാറ്റും മലനിരകളും ചേർന്ന് ദൃശ്യ വിരുന്നൊരുക്കുന്ന അൽ മുഖ്‌സൈലിലും മറ്റിടങ്ങളിലും സന്ദർശകരുടെ തിരക്കനുഭവപ്പെടും.

തവീ അത്തീറിലെ
പക്ഷിക്കിണറും
മർനീഫ് ഗുഹയും

സലാലയിലെ തണുപ്പ് കാലം അനുഭവിക്കാനെത്തുന്നവർക്ക് പുതുമയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന പ്രദേശങ്ങളിലൊന്നാണ് തവീ അത്തീർ. സലാലയിൽ നിന്ന് 36 കിലോമീറ്റർ ദൂരെയുള്ള ഈ പ്രദേശത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പക്ഷിക്കിണറും അനുബന്ധ കാഴ്ചകളും. ഹരിത ഭംഗിയുടെ കുന്നിൻപുറ കാഴ്ചകൾക്കൊപ്പം പക്ഷികളുടെ താളാത്മക സ്വരവീചികൾ സംഗീത സാന്ദ്രമായ അനുഭൂതി സമ്മാനിക്കുന്നതാണ് പശ്ചാത്തലത്തിലെ പക്ഷിക്കിണർ കാഴ്ച. 150 മീറ്റർ വ്യാസവും 200 മീറ്റർ ആഴവുമുണ്ട് ഈ കിണറിന്. സിങ്ക് ഹോൾ എന്ന ഇത്തരം പ്രതിഭാസം ലോകത്ത് വിവിധ രാജ്യങ്ങളിലുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ സിങ്ക് ഹോളുകളിലൊന്നായ ഇവിടെ സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ 1997ലാണ് ശാസ്ത്രീയ പഠനങ്ങൾ നടന്നത്.

വശ്യ മനോഹര കടൽ തീരത്തിന് മാറ്റ് ചാർത്തി അൽ മർനീഫ് ഗുഹ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. അൽ മുഗ്‌സൈലിലെ സമുദ്ര കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർക്കാണ് അൽ മർനീഫ് ഗുഹയും അനുബന്ധ കാഴ്ചകളും കൗതുകം പകരുക. ഭംഗിയായി നിർമിച്ച നടപ്പാതകളും മരത്തിന്റെ കൈവരികളോട് കൂടിയ പാലവും സമുദ്ര തീരത്തോട് ചേർന്ന് കമ്പിയും മരവുമുപയോഗിച്ചു നിർമിച്ച സുരക്ഷാവേലിയും അങ്ങിങ്ങായി സജ്ജീകരിച്ച ഇരിപ്പിടങ്ങളുമെല്ലാം പ്രകൃതി വിസ്മയങ്ങളുടെ ആയാസരഹിതമായ അനുഭവവും അനുഭൂതിയും സാധ്യമാക്കുന്നു. കാറ്റും തിരകളും മഴയും ചേർന്നൊരുക്കുന്ന സമുദ്രക്കാഴ്ചകൾക്ക് കടലിന്റെ സംഗീതവും മഞ്ഞിന്റെ മേലാപ്പ് സൃഷ്ടിക്കുന്ന മനോഹാരിതയും സന്ദർശകരിൽ കുളിര് കോരിയിടും. പ്രകൃതിയൊരുക്കിയ ഈ വിസ്മയ തീരത്തേക്ക് സലാലയിൽ നിന്ന് നാൽപ്പതോളം കിലോമീറ്ററുണ്ട്. തൂവെള്ള മണൽ വിരിച്ച ബീച്ചും ശിലാന്തർഭാഗത്ത് നിന്നുള്ള അതിശക്തമായ ജല പ്രവാഹവും ഖരീഫ് കാലയളവിൽ അൽ മർനീഫ് ഗുഹയുടെ സൗന്ദര്യം പാരമ്യതയിലെത്തിക്കും.
നൂറ്റാണ്ടുകൾക്കു മുമ്പുള്ള ചരിത്ര കഥകൾ നിശ്ശബ്ദമായി സംവദിക്കുന്ന പുരാവസ്തു പ്രാധാന്യമുള്ള പ്രദേശമാണ് ഖൂർ റൂരി. സലാലയിൽ നിന്ന് 40 കി.മീ. അകലെ താഖക്ക് സമീപം സമുദ്രത്തോട് ചേർന്നുള്ള കായൽ പ്രദേശത്താണ് ഈ ചരിത്ര ഭൂമി. പുരാവസ്തു പര്യവേക്ഷണം നടത്തിയ ഇറ്റാലിയൻ യൂനിവേഴ്‌സിറ്റിയുടെ നിഗമന പ്രകാരം ബി സി ഒന്നാം നൂറ്റാണ്ടിനും എ ഡി നാലാം നൂറ്റാണ്ടിനും ഇടക്കുള്ള കാലത്തേക്ക് ഈ പ്രദേശത്തിന്റെ ചരിത്രം ചെന്നെത്തുന്നു. കുന്തിരിക്ക വ്യാപാരം അഭിവൃദ്ധി പ്രാപിച്ച കാലഘട്ടത്തിലേക്ക് സൂചന നൽകുന്നതാണ് ഇവിടെ നിന്ന് ലഭിച്ച അറേബ്യൻ ലിപിയിലുള്ള ചില ശിലാ ലിഖിതങ്ങൾ. എ ഡി ഒന്നിനും രണ്ടിനും ഇടക്ക് നിലനിന്നിരുന്ന ചില നാണയങ്ങളിലെ ഗ്രീക്ക് ലിഖിതങ്ങൾ സൂചിപ്പിക്കുന്നത് സുംഹറം എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്നാണ്. പ്രധാന കെട്ടിടത്തിന് ചുറ്റുമതിലോട് കൂടിയ ഗോപുരങ്ങളും മൂന്ന് വാതിലുകളുമുണ്ടായിരുന്നു. പ്രധാന കവാടം ചതുര ടവറുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഇതിനകത്ത് ധാരാളം കുന്തിരിക്കം സൂക്ഷിക്കുന്നതിനുള്ള അറകളോട് കൂടിയ വളരെ പ്രാധാന്യമുള്ള ചെറിയ ഒരു കോട്ടയുമുണ്ടായിരുന്നു. ചരിത്ര ശേഷിപ്പുകളെ കൗതുകത്തോടെ നോക്കിക്കാണുന്ന സഞ്ചാരികൾക്കായി ഖൂർ റൂരിയിൽ നിന്ന് ലഭിച്ച ധാരാളം പുരാവസ്തുശേഖരങ്ങൾ ഉൾപ്പെടുന്ന ഒരു മ്യൂസിയവും സജ്ജീകരിച്ചിട്ടുണ്ട്. സദ വിലായത്തിൽ നിന്ന് കണ്ടെടുത്ത ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്ത ശിലാഫലകം മ്യൂസിയത്തിൽ കാണാനാകും.

തെങ്ങിൻതോപ്പുകളുടെ
ഹാഫ

സലാലയുടെ പാരമ്പര്യവും ചരിത്രവും ഇഴ ചേരുന്ന സന്ദർശന പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നാണ് ഹാഫ. കേരവൃക്ഷങ്ങളുടെ ഹരിതാഭയും കടലോരത്തിന്റെ വശ്യചാരുതയും സുഗന്ധദ്രവ്യങ്ങളുടെ ഈ കൊച്ചു ദേശത്തെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. കേരളത്തിന്റെ പ്രകൃതി മനോഹാരിതയെ അനുസ്മരിപ്പിക്കും വിധം പച്ചപുതച്ചു നിൽക്കുന്ന സലാലയിലെ തോട്ടങ്ങൾക്ക് മഞ്ഞും മഴയും തണുപ്പുമൊക്കെ ചേർന്ന് ഖരീഫ് സീസണിൽ അനുഭൂതിദായകമായ ദൃശ്യഭംഗി കൈവരുത്തുന്നുണ്ട്. സായാഹ്നങ്ങളിൽ ജനനിബിഡമാകുന്ന ഹാഫ കടലോരത്തിന്റെ വശ്യ മനോഹാരിതക്ക് മാറ്റു കൂട്ടുന്നതാണ് പാതയോരത്ത് നിരയൊപ്പിച്ചു നിൽക്കുന്ന നാളികേരക്കടകൾ. ഇളനീരും നാളികേരവും വിവിധ തരം വാഴപ്പഴങ്ങളും കരിമ്പും പേരക്ക, റുമ്മാൻ, ചക്കപ്പഴം, പപ്പായ തുടങ്ങിയ പഴ വർഗങ്ങളും ഈ കൊച്ചു കടകളിൽ ലഭ്യം. ഖരീഫ് സീസണിൽ ഏറെ തിരക്കനുഭവപ്പെടുന്ന ഈ കടകളധികവും മലയാളികളുടെതാണ്.
കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൗതുകം സമ്മാനിക്കുന്ന അനുഭവങ്ങളാണ് അൽ മുഗ്‌സൈലിലെ കടൽക്കാഴ്ചകൾ. കാറ്റും കടലും പർവതങ്ങളുമൊക്കെ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്ന് ആസ്വദിക്കാൻ ഖരീഫ് സീസണിൽ ധാരാളം പേരെത്തുന്നു. ശക്തിയേറിയ തിരമാലകൾ അകം പൊള്ളയായ പാറക്കുള്ളിലേക്ക് അടിച്ചു കയറി മേൽഭാഗത്തുള്ള ദ്വാരത്തിലൂടെ ശക്തിയിൽ പുറത്തേക്ക് വരുന്ന കാഴ്ച ഏറെ നയനാനന്ദകരമാണ്. ഭൂമിക്കടിയിൽ നിന്ന് മുകൾ ഭാഗത്തേക്കുള്ള ജലപ്രവാഹം കണക്കെയുള്ള ഈ വിസ്മയ കാഴ്ച ആസ്വദിക്കാൻ അറബിക്കുട്ടികളുടെ തിരക്കാകും. ശക്തമായ തിരമാലകളാൽ രൂപപ്പെടുന്ന ഈ ജലധാര ഖരീഫ് സീസണിലാണ് കൂടുതൽ ദൃശ്യമാകുന്നത്. ജലപ്രവാഹത്തോടൊപ്പം അസാധാരണ ശബ്ദ വീചികളുടെ അകമ്പടിയും കൂടിയാകുമ്പോൾ സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമായി അൽ മുഗ്‌സൈൽ ഓർമകളിൽ തങ്ങി നിൽക്കും. സലാല ടൗണിൽ നിന്നും 40 കിലോ മീറ്റർ ആണ് അൽ മുഗ്‌സൈലിലേക്കുള്ള ദൂരം.

മിർബാത്തിലെ തമ്പുകൾ

വെള്ളച്ചാട്ടങ്ങളും കൊച്ചരുവികളും കൗതുകം സമ്മാനിക്കുന്ന ഗുഹകളും പച്ച പുതച്ച കുന്നുകളും പുൽമേടുകളുമൊക്കെയായി വാദി ദർബാത്ത് അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. പച്ചപ്പട്ടണിഞ്ഞ കുന്നുകൾക്ക് മേൽ കോടമഞ്ഞിന്റെ മേലാപ്പും ചാറ്റൽ മഴയുടെ നേർത്ത നൂലിഴകൾ വൃക്ഷത്തലപ്പുകളിലും പുൽമേടുകളിലും തീർക്കുന്ന ജലകണങ്ങളും കേരളത്തിലെ മഴക്കാലത്തെ ഓർമിപ്പിക്കുന്നു. കുന്നുകളിലൂടെയും പുൽമേടുകളിലൂടെയും നീർച്ചാലുകളായും അരുവിയായും വെള്ളച്ചാട്ടമായുമൊക്കെ രൂപാന്തരം പ്രാപിച്ച് ഒടുവിൽ ഖൂർ റൂരിയിൽ വെച്ച് അറബിക്കടലിൽ ചെന്നവസാനിക്കുന്ന ഈ ജലപ്രവാഹത്തിന്റെ ഉത്ഭവ കേന്ദ്രം തീഖ് ഗുഹകളാണ്. വാദിയുടെ സഞ്ചാര പാതയിലെ ചില ഗുഹകൾ ആട്ടിടയന്മാർ വിശ്രമകേന്ദ്രങ്ങളായി ഉപയോഗിച്ചവയാണ്. ചില ഗുഹകളിൽ ചുമർ ചിത്രങ്ങൾ കൊത്തിവെച്ചത് കാണാം.

മിർബാത്തിനും താഖക്കുമിടയിൽ തമ്പുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മിർബാത്ത്- സലാല പാതയിൽ സഞ്ചരിക്കുമ്പോൾ മേഘം മുട്ടെ ഉയർന്നു നിൽക്കുന്ന കുന്നുകൾക്ക് താഴെ ധാരാളം കൊച്ചു തമ്പുകൾ ഉയർന്നു വരും. ഖരീഫ് കാലയളവിൽ സലാല ടൗണിലുള്ള സ്വന്തം വീടുകൾ സഞ്ചാരികൾക്ക് ഉയർന്ന വാടകക്ക് നൽകുന്നവരാണ് ഇത്തരം താത്കാലിക കൂടാരങ്ങളിൽ താമസമാക്കുന്നവരിൽ പലരും. ഹോട്ടലുകൾ, ഫ്ളാറ്റുകൾ, മറ്റു താമസ സൗകര്യങ്ങൾ എന്നിവ സഞ്ചാരികളുടെ ആധിക്യം മൂലം വീർപ്പു മുട്ടുമ്പോഴാണ് സ്വദേശി ഭവനങ്ങളും വാടകക്ക് നൽകാറുള്ളത്. ഹോട്ടലുകൾ, ഫ്ളാറ്റുകൾ എന്നിവകളെക്കാൾ വീടുകൾ ഇഷ്ടപ്പെടുന്നവരാണ് ഇതര ഗൾഫ് നാടുകളിൽ നിന്നെത്തുന്ന സമ്പന്ന സഞ്ചാരികൾ. ഇത്തരക്കാർക്ക് വീടുകൾ വാടകക്ക് നൽകുക വഴി വൻ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നതാണ് സ്വദേശികളെ ടെന്റ് വാസത്തിന് പ്രേരിപ്പിക്കുന്നത്. ജബൽ അയ്യൂബ് പാതയിൽ “ഇത്തീൻ” എന്ന സ്ഥലത്തും ധാരാളം ടെന്റുകൾ കാണാനാകും. ഖരീഫ് കാലയളവിൽ പാരമ്പര്യ ഇറച്ചി വിഭവങ്ങൾ ഈയിടങ്ങളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. മഴയുടെ ഭംഗി ആസ്വദിക്കാനായി ടെന്റുകൾ വാടകക്കെടുക്കുന്നവരുമുണ്ട്.
(അവസാനിച്ചിട്ടില്ല)

കെ അബ്ബാദ്
• abbadcheruppa@gmail.com

Latest