Connect with us

Religion

ജബ്ബാർ മാഷും പക്കർ ഹാജിയും സകാത്ത് കൊടുക്കണം?

Published

|

Last Updated

പിരിയുന്നത് വരെയും ഒരത്യാഹിതവും വരായ്കയാൽ പ്രൊഫ. പോക്കർ മെഡിസെപ്പിൽ നിന്ന് ഒന്നും വസൂലാക്കിയില്ലെന്ന് വെക്കുക. അപ്പോൾ തന്റെ മിൽക്കി(ഉടമസ്ഥത)ൽ നിന്ന് മാസാമാസം തെറിച്ചുപോയ നാനൂറുകളെ അനിവാര്യമായ പാഴ്‌ചെലവായി ഗണിക്കപ്പെടും. റിട്ടയറാകുന്നതോടെ അതിൽ യാതൊരു ക്ലെയിമും മാഷിനില്ല. ഉടമസ്ഥാവകാശത്തിൽ നിന്ന് മുറിഞ്ഞുപോയതിന് പിന്നെന്ത് സകാത്ത് വരാനാണ്. ഇനി സേവനകാലത്തിനിടക്ക് വല്ല അനാരോഗ്യവും വന്നുവെന്നിരിക്കുക. മാഷ് മെഡിസെപ്പിലേക്ക് തിരിഞ്ഞുനോക്കിയതേയില്ല. പി എഫ് പിൻവലിച്ച് ചികിത്സ നടത്തി. അപ്പോഴും മെഡിസെപ്പ് ധാര അതിന്റെ വഴിക്ക് ഒഴുകിയൊടുങ്ങി. സകാത്തിന്റെ കാര്യം ഉദിക്കുന്നേയില്ല.

അപ്പോൾ എന്ത് മനസ്സിലായി? മെഡിസെപ്പ് സകാത്തിന്റെ കാര്യം വർത്തമാന സ്ഥിതി വെച്ച് ഒറ്റയടിക്ക് പ്രവചിക്കാൻ പറ്റില്ല എന്ന്. അതിന്റെ പരിണിതി എന്ത് എന്ന് നോക്കിയേ ഹുക്മ് പറയാനൊക്കൂ. രണ്ട് സാധ്യതകളാണുള്ളത്. ഒന്ന്, മുമ്പ് സൂചിപ്പിച്ചത് പോലെ ആകെ അടച്ച തുക മാത്രം ചികിത്സക്കായി വാങ്ങുന്നു. അപ്പോൾ നിസ്വാബ് തികയുകയും വർഷം പൂർത്തിയാകുകയും ചെയ്തുവെങ്കിൽ സകാത്ത് കൊടുക്കണം. തീരെ ഉപയോഗിക്കാതെ എഴുതിത്തള്ളിയെങ്കിൽ സകാത്ത് വരുന്നുമില്ല.

പരിണിതി നോക്കി ഹുക്മ് പറയേണ്ടുന്ന വേറെയും കേസുകളുണ്ട്. അബ്ദുൽ ജബ്ബാർ മാഷിന്റെത് ആ ഗണത്തിൽ പെടുന്നതാണ്; പ്രൊഫ. മുസ്തഫ സാറിന്റെതും. എയ്ഡഡ് സ്‌കൂളുകളിലും കോളജുകളിലും നിയമനം കിട്ടാൻ കാശു കെട്ടണം എന്ന കാര്യം എല്ലാവർക്കുമറിയുന്ന പരമരഹസ്യമാണ്. നിയമനത്തിന് കാശ് വാങ്ങാത്ത പിയെസ്സെമ്മോ തിരൂരങ്ങാടീ കീീീ ജയ്!!! മോശമല്ലാത്ത സാമൂഹികപദവിയോടെ, തരക്കേടില്ലാത്ത ശമ്പളം വാങ്ങാവുന്ന ജോലിക്ക് അവസരം കൊടുക്കുകയാണ് മാനേജ്‌മെന്റ്. ആയതിലേക്ക് സ്ഥലം വേണം, കെട്ടിടങ്ങൾ വേണം, ബെഞ്ചും ഡെസ്‌കും ചോക്കും ഡസ്റ്ററും സകല കൃണ്ണാകൃർതികളും വേണം.

ഇതൊന്നും സർക്കാർ അപ്പടി നൽകില്ല. മറിച്ച് മാനേജ്‌മെന്റ് പോക്കറ്റിൽ നിന്നെടുത്ത് കശക്കണം. അപ്പോൾ ഈ മാതിരി ചെലവിലേക്ക് വകയിരുത്താൻ എന്ന ബോധ്യക്ഷമതയുള്ള (Convincing capacity) ന്യായം പറഞ്ഞാണ് മാനേജ്‌മെന്റ് കാശ് വാങ്ങിത്തുടങ്ങിയത്. പക്ഷേ ചിലയിടങ്ങളിൽ അത് സകല അതിരുകളും ഭേദിച്ച് കരിങ്കൊള്ളയായി ജീർണിച്ചു എന്നത് കേൾക്കാൻ ഒട്ടും രസമില്ല. യു പിക്ക് മുപ്പത്, ഹൈസ്‌കൂളിന് മുപ്പത്തഞ്ച്, ഹയർ സെക്കൻഡറിക്ക് നാൽപ്പത്തഞ്ച്, കോളജിന് അറുപത് മുതൽ എഴുപത് വരെ വാങ്ങുന്നുവെന്ന്! ഇതെന്താ മാസാമാസം കിലോക്കണക്കിന് പൊന്നാണോ ശമ്പളമായി തൂക്കിക്കിട്ടുന്നത്? രസമതല്ല, അതും അതിലപ്പുറവും കൊടുക്കാൻ ആളുകൾ, ക്യൂ നിൽക്കുന്നു. ഇതെന്തൊരു ലോകമാണ് ബാപ്പാാാ…?

സി എച്ച് എം ഹയർ സെക്കൻഡറിയിൽ 12 ലക്ഷം കൊടുത്ത് 2012ൽ ജോലിയിൽ കയറിയ ജബ്ബാർ മാഷ് ആറ് കൊല്ലം കുട്ടികളെ ആസിഡ് ചൂടാക്കുന്നതും ആൽക്കലി മൂക്കിൽ വലിക്കുന്നതും പഠിപ്പിച്ചു. 2018ലുണ്ട് മാഷിന് ഭാഗ്യമുദിക്കുന്നു. ശിപായി കൊണ്ടിട്ട പോസ്റ്റൽ ഉരു പൊട്ടിച്ചുനോക്കുമ്പോൾ എച്ച് എസ് എസ് ടിയുടെ അഡ്വൈസ് മെമ്മോ. ഓളേയും മക്കളേയും കൂട്ടിപ്പിടിച്ച് തുള്ളിപ്പോയ മാഷിന്റെ കണ്ണിൽ നിന്ന് സന്തോഷത്തിന്റെ ബാഷ്പത്തുള്ളികൾ പൊടിഞ്ഞുരുണ്ടു. സർക്കാർ സർവീസ് എന്ന സുമോഹന സ്വപ്‌നം പൂവണിയുന്നതിന് പുറമെ കൊടുത്തത് തിരിച്ചുകിട്ടുമല്ലോ എന്ന ഇരട്ടി സന്തോഷവും.

ആണി ഇളകിയാടുന്ന ആൾട്ടോയുമെടുത്ത് മാനേജറുടെ വീട്ടിലെത്തി വിഷയം പറഞ്ഞു. മീറ്റിംഗിൽ എട്ടര തിരിച്ചുതരാനാ തീരുമാനമായത് എന്ന് ഉസ്‌കോൾ മൊതലാളി വെളിപ്പെടുത്തി. പാറാടൻ കൊത്തിയ പഴുത്ത മാങ്ങ കിട്ടിയതുപോലെയായ കെമിസ്ട്രി വാദ്യാർ വീട്ടിൽ തിരിച്ചെത്തി സകാത്ത് കൂട്ടാനിരുന്നു. തിരിച്ചുകിട്ടിയപ്പോൾ മനസ്സിലായി ഇത് എന്റെ പണമായിരുന്നു എന്ന്. തീർത്തുമില്ല, 12ൽ നിന്ന് മൂന്നര തട്ടിയിട്ട് എട്ടര മാത്രം. എട്ടര ലക്ഷത്തിന് ഒരു വർഷം 21250 വരും. ആറ് വർഷം എന്ന് മൊത്തത്തിൽ പറഞ്ഞുവെങ്കിലും മാസം വെച്ച് കൂട്ടിനോക്കുമ്പോൾ ആറാം കൊല്ലം തികയുന്നില്ല. അപ്പോൾ അഞ്ച് വർഷത്തെ സകാത്ത് കൊടുത്താൽ മതി. 5×21250= 1,06,250.

മുസ്തഫ സാർ ഫാറൂഖ് കോളജിൽ ജോലി ചെയ്യവേയാണ് യൂനിവേഴ്‌സിറ്റിയിൽ പോസ്റ്റ് കിട്ടിയത്. വെറും മൂന്നേകാൽ വർഷത്തെ സേവനമായിരുന്നു അവിടെ. കൊടുത്തത് 23 ലക്ഷം. മൂന്ന് മുക്കി, 20 തിരിച്ചുകിട്ടിയപ്പോൾ വായിൽ നിന്ന് വേൾഡ് ഹിസ്റ്ററി മഴയായി പെയ്യുന്ന പ്രൊഫ. മുസ്തഫയുടെ കണ്ണുകളിൽ കാർത്തിക നക്ഷത്രം കത്തിക്കെട്ടു. ഉടൻ എ കെ അബ്ദുൽ ഹമീദ് സാറുമായി ചർച്ച ചെയ്ത് സകാത്ത് കൂട്ടിക്കണക്കാക്കാമെന്ന് കരുതി ചെന്നപ്പോഴാണ് മൂപ്പർ നാട്ടിലില്ലെന്ന വിവരം കിട്ടുന്നത്. അങ്ങനെയാണ് കണക്കുകൂട്ടുപണി ഇവിടെയെത്തുന്നത്. ഇതാ ഇങ്ങനെയാണ് വരുക: ഒരു വർഷം 50,000 സകാത്ത്; മൂന്ന് കൊല്ലത്തേക്ക് ഒന്നര ലക്ഷം രൂപാ!

ചേർത്തുപറയാം, ഒരു കാര്യം കൂടി. പിറകെയുള്ള അവസ്ഥ പരിഗണിച്ച് സകാത്ത് തീരുമാനിക്കേണ്ടുന്ന വേറൊരു സംഗതി ആരുടെയെങ്കിലും മനസ്സിലേക്ക് തള്ളിവരുന്നുണ്ടോ? അതായത് നാം കൊടുത്ത് കൈവിട്ടതായിരുന്നു. പക്ഷേ, ഒരു പ്രത്യേക സാഹചര്യത്തിലുണ്ട് അത് തിരിച്ചുവരുന്നു/ ബലാത്കാരമായി തിരിച്ചുപിടിക്കേണ്ടി വരുന്നു. സ്ത്രീധനം!! സ്ത്രീധനം കൊടുക്കാനും വാങ്ങാനും പറ്റുമോയെന്നത് പൊള്ളുന്ന വേറെ വിഷയം. ഇടയ്ക്കു പറയട്ടെ, ആലിമീങ്ങൾ സ്ത്രീധനത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നവരാണെന്ന ഒരു പൊയ്പ്രചാരണം നടന്നിട്ടുണ്ട്.

പക്ഷെ അത്രയൊന്നും സാന്ദർഭിക പ്രസക്തി ഇല്ലെന്ന് തോന്നുന്നുവെങ്കിലും ഇതു സംബന്ധമായി മർകസ് സുവനീറിൽ മുമ്പെഴുതിയ ഒരു കുറിപ്പ് ഉദ്ധരണമാനിയ കാരണം ഇവിടെ കോപ്പിപെയ്സ്റ്റ് ചെയ്യുകയാണ്: “സ്ത്രീധനത്തുക എണ്ണിവാങ്ങുക എന്നത് ഒരു മുതലയെ പച്ചക്ക് ചവച്ചുതിന്നുന്നതിനേക്കാൾ എന്തുകൊണ്ടോ എനിക്കരോചകമായിത്തോന്നി. സ്ത്രീധനം വാങ്ങാതെ കല്യാണം കഴിക്കണമെന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞു. “ഏറ്റവും നല്ലതതാണ്”. ഉസ്താദ് ധൈര്യം പകർന്നു. സി ഉസ്താദിനോടും കാര്യം പറഞ്ഞു, ഉസ്താദും പിന്താങ്ങി. എന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ അന്ന് ചെറുതായി നടപ്പുള്ള ഒരു കാര്യം ഉസ്താദ് എന്നെ ഉണർത്തി. അഥവ, ചെറിയൊരു തുക ലോണായി മർകസ് തരും. മാസം മാസം ശമ്പളത്തിൽ നിന്ന് കുറേശ്ശെ പിടിച്ച് അത് തിരിച്ച് വസൂലാക്കും. അന്നത്തെ ഇരുപത്തി അയ്യായിരം രൂപ അനുവദിച്ചു കിട്ടി. കല്യാണത്തിന്റെ അന്ന് സി ഉസ്താദും ചിയ്യൂരുസ്താദും ഒരു സംഘവും വീട്ടിൽ എത്തി. എ പി ഉസ്താദ് കൊടുത്തയച്ചിട്ടുള്ള ഒരു കവർ എനിക്ക് കൈമാറി. സ്വകാര്യമായി ഞാനത് തുറന്ന് നോക്കിയപ്പോൾ യാ സുബ്ഹാനല്ലാഹ് പത്തായിരം ഉറുപ്പിക! പന്ത്രണ്ടുകൊല്ലം മുമ്പുള്ള പത്തായിരമാണെന്ന് നിങ്ങളിടക്ക് മറന്നേക്കരുത്.”

ഇപ്പം സ്ത്രീധന പരിപാടി ഏറെക്കുറെ അറം പറ്റിയിട്ടുണ്ട്. സ്ത്രീയെ തന്നെ കിട്ടാനില്ല, എന്നിട്ടല്ലേ സ്ത്രീധനം. ഓരോരുത്തൻ പാന്റും കോട്ടുമിട്ട് ഗൾഫീന്ന് വരുന്നത് കാണാം, ആറ് മാസത്തേക്ക്; പെണ്ണുകെട്ടി തിരിച്ചുപോവാമെന്നും കരുതി. ആറ് മാസം ഊരായ ഊരെല്ലാം തെണ്ടിയിട്ടും കണ്ടവരോടെല്ലാം എരന്നിട്ടും പറ്റിയ പെണ്ണിനെ കിട്ടാതെ വന്നപോലെ തിരിച്ചുപോകുന്നു. മുമ്പ് നാം കാണിച്ച ആണാഢ്യത്വത്തിന്റെ തിക്ത ഫലം? വേണം!!

ഇനി ഉണ്ടായ ഒരു കഥ പറയാം. പ്രതിപക്ഷ ബഹുമാനാർഥം പേരുകൾ മാറ്റിപ്പറയും. റാശിദ് ഖുർഷിദ് ഗീർവാണ പ്രചാരണത്തോടെ സ്ത്രീധനരഹിത വിവാഹം ചെയ്തു. ജി ഐ ഒ കാരി ഉമ്മുകുൽസുവിനെ നിക്കാഹു വേളയിൽ നടന്ന പ്രസംഗമത്സരത്തിൽ പങ്കെടുത്ത ഒട്ടുമിക്ക മൗലവീസും സ്ത്രീധനത്തിന്റെ നടപ്പുരീതികളെ കഠിനകഠോരമായി കൊത്തിത്തറിച്ചു. പക്ഷേ എന്തായി എന്ന് ചോദിച്ചാൽ മൂന്നാല് വർഷം കഴിഞ്ഞപ്പോൾ കുൽസുവിന്റെ മുഖം കൂർക്കാനും വീങ്ങാനും തുടങ്ങി. ഖുർഷിദ് തലചൊറിയാനും താടിയുഴിയാനും തുടങ്ങി. എന്താണ് കാര്യമെന്നറിയില്ല. ഒരു നിലക്കും ഒത്തുപോകില്ലെന്ന് ഒന്നും ഒന്നും രണ്ടാണെന്ന പോലെ ഉറപ്പ്.

അപ്പോഴാണ് പക്കറാജിക്ക് രോമം എഴുന്നുനിന്നത്! വഴിപിരിയണമെങ്കിൽ കൊടുത്തത് തീർത്തും തിരിച്ചുകിട്ടണമെന്ന്! രണ്ട് ലക്ഷം രൂപയും ഒരു ചന്തിചെത്തിയ സ്വിഫ്റ്റും. കൂടുതൽ ആളറിയാതെ കാര്യങ്ങൾ മറക്കുള്ളിൽ കൈമാറിയത് പിന്നീട് കൂടുതൽ പേരറിഞ്ഞു എന്ന് മാത്രം. ഇപ്പോൾ ചോദ്യം പക്കർ ഹാജി സാഹിബിനോടാണ്. നാല് കൊല്ലം മുമ്പ് പിയാപ്ലക്ക് ആരും കാണാതെ കൊടുത്ത രണ്ട് ലക്ഷം രൂപ തിരിച്ചുവാങ്ങിയിരിക്കുന്നു. ഒരാൾ ഉടമസ്ഥത മാറ്റിക്കൊടുത്തതോ സമ്മാനമായി നൽകിയതോ ഒക്കെ ആണെങ്കിൽ പിന്നെ തിരിച്ച് ക്ലെയിം ചെയ്യില്ലല്ലൊ. അപ്പോൾ ആ തുകയുടെ ഒരു അധോകടിഞ്ഞാൺ താങ്കളുടെ കൈയിലായിരുന്നു. കൂടുതൽ വർത്തമാനത്തിന് നിൽക്കണ്ട, 5000നെ നാല് കൊണ്ട് പെരുക്കിക്കിട്ടുന്ന ഇരുപതിനായിരം പാവപ്പെട്ടവർക്ക് കൊടുക്ക്. ഇനി അതും കൊണ്ടുപോയി വല്ല സകാത്ത് കമ്മിറ്റിക്ക് ഒലത്തി കുളമാക്കാൻ നിൽക്കല്ലേ.

ഇനി ഈ മൂന്ന് കേസുകളിലും നമുക്ക് ചിന്തിക്കാനുള്ളത് ഇതാണ്. ജബ്ബാർ മാഷും മുസ്തഫ സാറും അവരവരുടെ സ്ഥാപനങ്ങളിൽ തന്നെ ജോലി പൂർത്തിയാക്കി, നരച്ച്, കവിളൊട്ടി പിരിയുന്നു. അപ്പോൾ കെട്ടിവെച്ചത് തിരിച്ചുകിട്ടുമോ? ഇല്ല! അപ്പോൾ പിന്നെ സകാത്ത് വരുന്ന പ്രശ്‌നവുമില്ല. ജോലിക്ക് വേണ്ടിയുള്ള ഒരു ചെലവായി ഗണിച്ച് എഴുതിത്തള്ളിയാൽ മതി. ഖുർഷിദും കുൽസുവും പൂവും പൂമ്പാറ്റയുമായി ജീവിച്ച് മക്കളും മക്കളെമക്കളുമായി തൊണ്ട- തൊണ്ടി കപ്പിളുകളായി ഒടിഞ്ഞുതൂങ്ങുന്നു. പക്കർ ഹാജിക്ക് രണ്ട് ലക്ഷം തിരിച്ചുകിട്ടുമോ? ഇല്ല, സകാത്തുണ്ടോ? അതുമില്ല.

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com