Connect with us

Kannur

ജനനത്തിലെന്ന പോലെ വിജയത്തിളക്കത്തിലും ഒന്നിച്ച് സനയും സജ്‌നയും

Published

|

Last Updated

പയ്യന്നൂര്‍: ജനനത്തിലെന്നപ്പോലെ തന്നെ ജീവിതവിജയങ്ങളിലെ നേട്ടങ്ങളിലും പരസ്പരം കൂട്ടാകുകയാണ് പയ്യന്നൂരിലെ ഇരട്ട സഹോദരിമാരായ സനയും സജ്‌നയും. ഇന്നലെ പുറത്തു വന്ന പ്ലസ് ടു പരീക്ഷയിലാണ് സയന്‍സില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേട്ടവുമായി ഈ ഇരട്ട സഹോദരിമാര്‍ ഒന്നിച്ച് വിജയകുതിപ്പ് തുടരുന്നത്.എസ് എസ് എല്‍ സി പരീക്ഷയിലും എല്ലാ വിഷയത്തിലും ഇവര്‍ ഒരു പോലെ എ പ്ലസ് വിജയം കരസ്ഥമാക്കിയിരുന്നു.കണ്ടങ്കാളി ഷേണായി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഈ സഹോദരിമ്മാര്‍.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് നേടിയ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ രണ്ടാം സ്ഥാനത്തും കണ്ണൂര്‍ ജില്ലയില്‍ മുഴുവന്‍ എ പ്ലസ് വാങ്ങിയ കുട്ടികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തും നില്‍ക്കുന്ന കണ്ടങ്കാളി സ്‌കൂളിന്റെ ചരിത്രനേട്ടത്തിനൊപ്പം ഈ ഇരട്ട സഹോദരിമാരുടെ ഒന്നിച്ചുള്ള വിജയത്തിളക്കവും നാടിന് അഭിമാനമാകുകയാണ്.

1200 ല്‍ സന 1165 മാര്‍ക്കും സജ്‌ന 1163 മാര്‍ക്കുമാണ് നേടിയത്.വിദേശത്ത് ജോലി ചെയ്യുന്ന പി എം ഹനീഫയുടെയും സീരകത്ത് ഖദീജയുടെയും ആറ് മക്കളില്‍ നാലാമത്തെതാണ് ഇരട്ടകളായ സനയും സജ്‌നയും .രണ്ട് ജേഷ്ഠന്‍മാരായ ഫിറാസും ഫാരിസും സിവില്‍ എഞ്ചിനിയര്‍മാരാണ്. മറ്റൊരു ജേഷ്ഠനായ ഫവാസ് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഇളയ സഹോദരി സഫ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയാണ്. ഡോക്ടര്‍ ആകുക എന്നതാണ് ഇരുവരുടെയും ആഗ്രഹം. മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയിലും ഒന്നിച്ചുള്ള വിജയമാണ് ഇവരുടെ അടുത്ത ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലാണ് ഈ ഇരട്ട സഹോദരിമാര്‍ .

Latest