Connect with us

Health

അതെ, സെൽഫിയും രോഗമാകും

Published

|

Last Updated

മനഃശാസ്ത്ര ലോകം ഈയടുത്ത് പരിചയപ്പെടുത്തിയ മാനസിക അസ്വാസ്ഥ്യമാണ് സെൽഫിറ്റിസ് (selfitis). സാമൂഹികമാധ്യമങ്ങളിൽ സ്വന്തം ചിത്രങ്ങൾ തുടർച്ചയായി പങ്കുവെക്കാൻ മനസ്സിൽ ഒരുതരം നിർബന്ധിതാവസ്ഥയുണ്ടാകുന്നതാണിത്.

വിട്ടോഴിയാതെയുള്ള സെൽഫിയെടുപ്പിനെ വിശദീകരിക്കുന്ന ഒരു ഹാസ്യ വാർത്തയിൽ 2014ലാണ് ഈ വാക്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട്, അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ഇതിനെ ഒരു രോഗമായി അംഗീകരിച്ചു. ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് നിഘണ്ടുവിലും ഈയടുത്ത് ഈ വാക്ക് പ്രത്യക്ഷപ്പെട്ടു. ഈ പ്രതിഭാസത്തിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് അന്വേഷിക്കാൻ നോട്ടിംഗ്ഹാം ട്രന്റ് യൂനിവേഴ്‌സിറ്റിയിലെയും ഇന്ത്യയിലെ ത്യാഗരാജർ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലെയും ഗവേഷകർ തീരുമാനിക്കുകയായിരുന്നു. ഈ രോഗാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് അവർ സ്ഥിരീകരിക്കുകയും രോഗത്തിന്റെ തീവ്രത അളക്കുന്നതിനായി സെൽഫിറ്റിസ് സ്വഭാവ മാനകം (Selfitis Behaviour Scale) വികസിപ്പിക്കുകയും ചെയ്തു.

സെൽഫിറ്റിസിന്റെ തീവ്രത നിർണയിക്കാനായി 20 പ്രസ്താവനകൾ ഈ ഗവേഷകസംഘം വികസിപ്പിച്ചിട്ടുണ്ട്. ഈ വികാരത്തെ വ്യക്തി എത്രമാത്രം അംഗീകരിക്കുന്നു എന്നത് അളന്നാണ് നിർണയം നടത്തുക. ഉദാഹരണത്തിന്, സാമൂഹിക മാധ്യമങ്ങളിൽ സെൽഫികൾ പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ കൂടുതൽ ജനകീയനായി അനുഭവപ്പെടുന്നു, സെൽഫികൾ എടുക്കാത്തപ്പോൾ സുഹൃദ് വലയത്തിൽ നിന്ന് മാറിനിൽക്കുന്ന അനുഭവമുണ്ടാകുന്നു തുടങ്ങിയവ അടക്കമുള്ളതാണ് ഈ മാനകങ്ങൾ. ഒന്ന് മുതൽ നൂറ് വരെയുള്ള സ്‌കോർ ആണ് സ്‌കെയിൽ പ്രകാരമുള്ളത്. 400 പേരെ പങ്കെടുപ്പിച്ച സർവേയിലാണ് സ്‌കെയിൽ പരീക്ഷിച്ചത്. ഫേസ്ബുക്കിൽ അധികവും ഇന്ത്യക്കാർ ആയതിനാൽ ഇവിടുത്തുകാരെയാണ് സർവേയിൽ പങ്കെടുപ്പിച്ചത്. മാത്രമല്ല, അപകടം നിറഞ്ഞ കേന്ദ്രങ്ങളിൽ നിന്ന് സെൽഫികൾ എടുക്കാൻ ശ്രമിച്ച് കൂടുതൽ പേർ മരിച്ചതും ഇന്ത്യയിലാണ്. ഇന്റർനാഷനൽ ജേണൽ ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് അഡിക്ഷനിൽ പ്രസിദ്ധീകരിച്ച ഗവേഷക സംഘത്തിന്റെ കണ്ടെത്തലുകൾ, മൂന്ന് തലത്തിലുള്ള സെൽഫിറ്റിസ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്നു.
സെൽഫിറ്റിസിന്റെ വ്യത്യസ്ത തലങ്ങൾ
എ പി എ അനുസരിച്ച് മൂന്ന് തരത്തിലുള്ള സെൽഫിറ്റിസ് ആണുള്ളത്. 1. ബോർഡർ ലൈൻ സെൽഫിറ്റിസ്: സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യില്ലെങ്കിലും ഒരു ദിവസം കുറഞ്ഞത് മൂന്ന് തവണ സെൽഫികൾ എടുക്കും. 2. അക്യൂട്ട് സെൽഫിറ്റിസ്: ദിവസം കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും സെൽഫികൾ എടുക്കുകയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുക. 3. ക്രോണിക് സെൽഫിറ്റിസ്: എല്ലാ സമയവും സ്വന്തം ചിത്രങ്ങൾ എടുക്കാനുള്ള അനിയന്ത്രിത ആഗ്രഹം. മാത്രമല്ല ദിവസം ആറ് പ്രാവശ്യത്തിലേറെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുക.

സാധാരണ സെൽഫിറ്റിസുകൾ തന്നിലേക്ക് ശ്രദ്ധ ആവശ്യപ്പെടുന്നവരും ആത്മവിശ്വാസം കുറഞ്ഞവരും ചുറ്റുമുള്ളവർക്കിടയിൽ യോജിച്ചവനായിരിക്കാൻ ശ്രമിക്കുന്നവരുമായിരിക്കും. നിരന്തരം സെൽഫികൾ പോസ്റ്റ് ചെയ്ത് തങ്ങളുടെ സാമൂഹികപദവി ശക്തിപ്പെടുത്താനും ഒരു സംഘത്തിന്റെ കൂടെയാണെന്ന അനുഭവം തോന്നിപ്പിക്കാനുമാണ് ഇവർ ലക്ഷ്യമിടുന്നത്. മറ്റ് ദുശ്ശീല സ്വഭാവങ്ങളുടെ ലക്ഷണങ്ങളും ഇവർ പ്രകടിപ്പിച്ചേക്കും. സ്വന്തം മനഃസ്ഥിതി മെച്ചപ്പെടുത്താനും സ്വന്തത്തിലേക്ക് ശ്രദ്ധ തിരിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും നിലകൊള്ളുന്ന ചുറ്റുപാടുമായി ബന്ധപ്പെടുത്താനുമൊക്കെയാണ് സാധാരണ ആളുകൾ സെൽഫികൾ എടുക്കുന്നത്. നാഴ്‌സിസം (സ്വന്തത്തോടുള്ള ആരാധന), മനോരോഗം, വിഷാദരോഗം തുടങ്ങിവയിലേക്ക് സ്വന്തം ചിത്രം അമിതമായി എടുക്കുന്നത് നയിച്ചേക്കാം.
നിലവിൽ ഈ രോഗാവസ്ഥയുടെ അസ്തിത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴിവാക്കാനാകാത്ത രീതിയിൽ ഈ സ്വഭാവം ആളുകളിൽ വികസിക്കുന്നത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നുമുള്ള കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കൂടുതൽ ബാധിച്ചവരെ സഹായിക്കാൻ എങ്ങനെ സാധിക്കുമെന്നതിനെ കുറിച്ചും ഗവേഷണങ്ങൾ വേണം. അതേസമയം, സെൽഫിറ്റിസ് സുഖപ്പെടുത്താനുള്ള മരുന്നുകൾ മാർക്കറ്റ് ചെയ്യാൻ ബായർ ഫാർമസ്യൂട്ടിക്കൽസിന് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ് ഡി എ) അനുവാദം നൽകിയിട്ടുണ്ട്. അതേകുറിച്ച് അടുത്തയാഴ്ച.

(പ്രഫസർ ഓഫ് സൈക്യാട്രി,
കെ എം സി ടി മെഡിക്കൽ കോളജ്,
കോഴിക്കോട്)
.

Latest