Connect with us

Kerala

വിടപറഞ്ഞത് അറിവിന്റെ മഹാ സാഗരം

Published

|

Last Updated

സൂര്യന് കീഴിലെ എന്തിനെക്കുറിച്ചും സ്വന്തം ബോധ്യങ്ങളുണ്ടായിരുന്ന അറിവിന്റെ ഒരു മഹാസമുദ്രമായിരുന്നു ഇന്നലെ അന്തരിച്ച ഡോ.ഡി ബാബുപോള്‍. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുഖത്തുനോക്കിയും പറയാന്‍ അസാമാന്യശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. അറിവിന്റെ സാഗരം അലയടിക്കുമ്പോഴും പണ്ഡിതരോടും സാധാരണക്കാരോടും ഒരുപോലെ സംവദിക്കാനും ബാബുപോളിനായെന്നത് ശ്രദ്ധേയമാണ്.

കേരളത്തില്‍നിന്നും സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാന്‍ സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദിമിയില്‍ അഞ്ച് വര്‍ഷത്തോളം മെന്റര്‍ എമിരറ്റസ് ആയി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ സേവനത്തിന് പ്രതിഫലമൊന്നും ബാബു പോള്‍ പറ്റിയിരുന്നില്ല. ഐഎഎസ് നേടാന്‍ എന്ത് ചെയ്യണം എന്നറിയാതെ വര്‍ഷങ്ങള്‍ ചിലവഴിക്കേണ്ടിവന്ന തന്റെ യൗവ്വനത്തോടുള്ള കടംവീട്ടലായിട്ടാണ് കേരള സിവില്‍ സര്‍വീസ് അക്കാദമിയിലെ സേവനത്തെ അദ്ദേഹം കണ്ടത്. ഒരു പരിശീലന കേന്ദ്രവും ആരെയും ജയിപ്പിക്കുന്നില്ലെന്നും അവര്‍ വഴികാട്ടുകമാത്രമാണെന്ന് പറഞ്ഞിരുന്ന അദ്ദേഹം അത്യധ്വാനമാണ് വിജയരഹസ്യമെന്നും യുവാക്കളെ ഓര്‍മിപ്പിച്ചിരുന്നു. ഒരിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ശരീര ഭാഷയും പ്രതിച്ഛായയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പറയാന്‍ ആര്‍ജവം കാണിച്ച ബാബു പോള്‍ കടക്ക് പുറത്ത് എന്നതിന് പകരം പുറത്തേക്ക് പോവുക എന്ന് പരിശീലിക്കണമെന്ന് ഉപദേശിക്കാനും മറന്നില്ല.

മികച്ച ഗ്രദ്ധകാരന്‍കൂടിയായിരുന്ന അദ്ദേഹം വേദശബ്ദരത്‌നാകരം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മികച്ച ഭാഷാ നിഘണ്ടുവിനുള്ള ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ദ്രവീഡിയന്‍ ലിംഗ്വസ്റ്റിക്‌സിന്റെ ഗുണ്ടര്‍ട്ട് പുരസ്‌കാരവുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച സര്‍വീസ് സ്റ്റോറിയായ കഥ ഇതുവരെ എന്ന പുസ്തകവും ബാബുപോളിന്റേതാണ്. നര്‍മ ലേഖനങ്ങളും സഞ്ചാര സാഹിത്യങ്ങളും ബാലസാഹിത്യവും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

Read:

---- facebook comment plugin here -----

Latest