National
കോണ്‍ഗ്രസിന് മുസ്‌ലിം ലീഗ് വൈറസ് ബാധ; രാഹുലിന്റെ ശ്രമം വര്‍ഗീയ ധ്രുവീകരണത്തിന്- യോഗി

മുസഫര്‍ നഗര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്‌ലിങ്ങളെ കൂട്ടുപിടിച്ച് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് അധിക്ഷേപ പരാമര്‍ശവുമായി ബി ജെ പി നേതാവ് രംഗത്തെത്തിയത്. മുസഫര്‍ നഗറിലെ രാംരാജ് ഗ്രാമത്തില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത്. മുസ്‌ലിം ലീഗ് വയറസാണ്. കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ട്. ഒരുഭാഗത്ത് നമ്മള്‍ മാറ്റങ്ങളെ ആദരിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ലീഗ് പിന്തുണയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ധ്രുവീകരണമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. എന്താണ് മുസ്‌ലിം ലീഗെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം. രാജ്യത്തിന്റെ വിഭജനത്തിലേക്കു നയിച്ചത് മുസ്‌ലിം ലീഗാണ്. ഇന്ത്യയെ വീണ്ടും തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.”- യോഗി പറഞ്ഞു.
മുസ്‌ലിങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുണ്ടെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പറയുന്നത്.
എസ് പി-ബി എസ് പി-ആര്‍ എല്‍ ഡി സഖ്യത്തിനെതിരെയും യോഗി കടുത്ത ആക്രമണം നടത്തി. “ചൗധരി സിംഗ് കര്‍ഷകരുടെ നേതാവായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മകനും ആര്‍ എല്‍ ഡി തലവനുമായ അജിത് സിംഗിനും പേരമകന്‍ ജയന്ത് ചൗധരിക്കും അദ്ദേഹത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനാകുന്നില്ല. പകരം കലാപകാരികളോടൊപ്പമാണ് അവരുള്ളത്. 2013ല്‍ മുസഫര്‍ നഗറില്‍ നടന്ന കലാപത്തെ നേരിടുന്നതില്‍ എന്തു പങ്കാണ് ഈ സഖ്യം വഹിച്ചത്. അന്ന് ബി ജെ പി പ്രവര്‍ത്തകര്‍ മാത്രമാണ് ജനങ്ങളോടൊപ്പം നിന്നത്.”- യോഗി കൂട്ടിച്ചേര്‍ത്തു.