Connect with us

Travelogue

ഒരു പകല്‍ മൂന്ന് സംസ്ഥാനങ്ങള്‍

Published

|

Last Updated

പരമാവധി നല്ല കാഴ്ചകള്‍ കണ്ട് ഒരു ദിവസം എത്ര ദൂരം യാത്ര ചെയ്ത് മടങ്ങിയെത്താമെന്ന ജിജ്ഞാസയേറിയ ഭ്രാന്തില്‍ നിന്നാണ് ഈ സഞ്ചാരം തുടങ്ങുന്നത്. ചില സ്വകാര്യ കാരണങ്ങളാല്‍ സാധാരണക്കാരുടെ വാഹനമായ സര്‍ക്കാര്‍ ബസാണ് തിരഞ്ഞെടുത്തത്. ഓരോ ദേശത്തെയും പ്രാദേശിക ബസുകളില്‍ അന്നാട്ടുകാരോട് സംസാരിച്ച്, വിശേഷങ്ങള്‍ അറിഞ്ഞ് യാത്ര ചെയ്യണമെന്ന ഏറെ നാളത്തെ ആഗ്രഹം കൂടിയുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിന് പിന്നില്‍. അപ്രതീക്ഷിതമായി ഒഴിവു ലഭിച്ച ഒരു ഞായറാഴ്ചയായതിനാല്‍ അധികം പ്ലാനുകളൊന്നുമില്ലാതെ ശനിയാഴ്ചയാണ് ഏകദേശ യാത്രാറൂട്ടുകള്‍ മനസ്സില്‍ തട്ടിക്കൂട്ടിയത്. തമിഴ്‌നാട്ടിലെ തണുത്ത് കിടക്കുന്ന നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളും ഒന്നുരണ്ട് വന്യജീവി സങ്കേതങ്ങളുമൊക്കെയായിരുന്നു ആദ്യം മനസ്സില്‍ പതിഞ്ഞ ലക്ഷ്യസ്ഥാനങ്ങള്‍.

പുലര്‍ ഗ്രാമീണ ഭംഗി ആസ്വദിച്ച്
വൈകി ഉറങ്ങിയതിനാലുള്ള ഉറക്കച്ചടവിനാലും പുലര്‍ച്ചെ നല്ല തണുപ്പുണ്ടായതിനാലും പിന്നീടാവാം എന്ന് ഒരുവേള നിനച്ചെങ്കിലും ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി വേഗം തന്നെ ഒരുക്കങ്ങള്‍ തുടങ്ങി. പുലര്‍ച്ചെ 5.40ഓടെ താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ സ്‌കൂട്ടറില്‍ സമീപ അങ്ങാടിയായ അടിവാരത്തേക്ക്. നല്ലൊരു സ്വറ്റര്‍ ഇട്ടിട്ടും ആ സമയത്ത് സ്‌കൂട്ടറിന്റെ പിന്നിലിരിക്കുമ്പോള്‍ തന്നെ നന്നായി തണുത്തതില്‍ നിന്ന് വയനാട്ടിലെയും നീലനിരയിലെയും ഏകദേശ തണുപ്പ് മനസ്സിലാക്കാനായി.
7.10ന് കല്‍പ്പറ്റയില്‍ നിന്നും പുറപ്പെടുന്ന നാടുകാണി- നിലമ്പൂര്‍- പാലക്കാട് ബസായിരുന്നു ലക്ഷ്യം. ആറ് മണിയോടെ കെ എസ് ആര്‍ ടി സിയില്‍ അടിവാരത്ത് നിന്ന് കല്‍പ്പറ്റയിലേക്ക്. അവിടെയെത്തുമ്പോള്‍ സമയം 7.07. പഴയ സ്റ്റാന്‍ഡിലുള്ള കടയില്‍ നിന്ന് കാപ്പിയും ചെറിയൊരു കടിയും ഓര്‍ഡര്‍ ചെയ്‌തെങ്കിലും ബസെടുത്തതിനാല്‍ മുഴുമിപ്പിക്കാതെ ഓടിക്കയറി. വയനാടിന്റെ പുലര്‍ഗ്രാമീണ ഭംഗി കണ്ട്, മുന്‍ സീറ്റിലിരുന്ന് മേപ്പാടി- റിപ്പണ്‍- വടുവഞ്ചാല്‍ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ തമിഴ്‌നാട് അതിര്‍ത്തിയിലേക്കൊരു പ്രഭാതയാത്ര. തമിഴ്‌നാടന്‍ ഗ്രാമങ്ങളായ ചേരമ്പാടി, പന്തലൂര്‍, ദേവാല പിന്നിട്ട് 8.55ഓടെ നാടുകാണിയിലെത്തി.

ഗുഡല്ലൂര്‍ ബസും കാത്ത് നാടുകാണിയില്‍ നില്‍ക്കുമ്പോഴതാ, കര്‍ണാടകാ ആര്‍ ടി സി യുടെ മലപ്പുറം- മടിക്കേരി ബസ് ചുരം കയറി വരുന്നു. ഗൂഡല്ലൂര്‍ ഇറങ്ങി തമിഴ്‌നാടന്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ കഴിച്ച് മസിനഗുഡിയിലേക്ക് യാത്ര തുടരാനായിരുന്നു കരുതിയതെങ്കിലും ഈ ബസ് മുതുമലൈ കടുവാ സങ്കേതത്തിലൂടെ പോകുന്നതായതിനാല്‍ മസിനഗുഡിയിലേക്ക് തിരിയുന്ന ജംഗ്ഷനായ “തെപ്പക്കാട്ടേ”ക്കുള്ള ടിക്കറ്റെടുത്തു. 9.40ന് തെപ്പക്കാട് എത്തി. തണുപ്പകറ്റാന്‍ ചെറിയൊരു കാപ്പി. 10 മണിക്ക് എത്തിയ തമിഴ്‌നാട് ആര്‍ ടി സിയുടെ ഓര്‍ഡിനറി ബസില്‍ മുതുമലൈ കടുവാ സങ്കേതത്തിലെ കാഴ്ചകള്‍ കണ്ട് മസിനഗുഡിയിലേക്ക്.

കൊതിപ്പിക്കും
മസിനഗുഡി ചുരം
ചെറിയൊരു പട്ടണമാണ് മസിനഗുഡി. ഒട്ടേറെ കാര്‍ഷിക ഗ്രാമങ്ങളില്‍ നിന്നുള്ള ഊടുവഴികള്‍ സംഗമിക്കുന്ന സുന്ദരയിടം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചായക്കടയില്‍ നിന്നും ചൂടുവടയും ഇഡ്ഡലിയും കഴിച്ചു. നല്ല രുചിയും കുറഞ്ഞ വിലയും ഉള്ളവ. സമയം 10.25 ആയിട്ടേ ഉള്ളൂ. മസിനഗുഡിയിലെ ചില ഗ്രാമങ്ങള്‍ കണ്ട് തിരിച്ച് തെപ്പക്കാട് വഴി ഗുണ്ടല്‍പേട്ട് പോകാനായിരുന്നു ആദ്യം കരുതിയതെങ്കിലും സുഹൃത്ത് റിയാസിനെ വിളിച്ചപ്പോള്‍, 36 ഹെയര്‍പിന്‍ വളവുകളുള്ള മസിനഗുഡി- ഊട്ടി ചുരം കയറാതെ അവിടുന്ന് പോരരുത് എന്ന് പറഞ്ഞ് കൊതിപ്പിച്ചതിനാല്‍ മനസ്സിലെ യാത്രാ റൂട്ടില്‍ ഇല്ലാത്ത ഊട്ടിയും ഇടംപിടിച്ചു. ഇനി 11 മണിക്കേ ഊട്ടിയിലേക്ക് തമിഴ്‌നാട് ആര്‍ ടി സിയുടെ ബസുള്ളൂ. ബസ് സ്റ്റാന്‍ഡില്‍ കണ്ട ചില തദ്ദേശീയരോട് സംസാരിച്ചും പാലക്കാട്ടുകാരിയായ അമ്മ നടത്തുന്ന കടയില്‍ കയറിയും ഗ്രാമങ്ങളിലേക്ക് നീളുന്ന ഒന്നുരണ്ട് ചെറുവഴികളിലൂടെ അല്‍പ്പം ഉള്ളിലേക്ക് നടന്നും സമയം 11 മണിയിലെത്തിച്ചു.
തമിഴ്‌നാടന്‍ ഗ്രാമീണ കാര്‍ഷിക കാഴ്ചകള്‍ കണ്ട് ചുരത്തിലേക്കുള്ള ചെറിയ വഴിയിലൂടെ ആ ബസ് നീങ്ങി. ആളുകള്‍ കൈകാട്ടുന്ന ഇടത്തെല്ലാം നിര്‍ത്തുന്ന, അവരുടെ കലപില സംസാരങ്ങള്‍ കേള്‍ക്കുന്ന, മുളകുപാടവും കാരറ്റ് നിലങ്ങളും കാണുന്ന ഈ ബസ് യാത്രക്ക് എന്തു ഭംഗി! 11.20 ഓടെ ബസ് ചുരം കയറിത്തുടങ്ങി. വീതി കുറഞ്ഞ കുത്തനെയുള്ള കയറ്റങ്ങള്‍. ഉയരം കൂടുന്തോറും താഴ്ഭാഗത്തെ ഭംഗി കൂടുന്നു… ഡ്രൈവര്‍ക്ക് ഇടത് വശത്തുള്ള സീറ്റായതിനാല്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. 12.20 ഓടെ ഉദഗമണ്ഡലം (ഊട്ടി) സ്റ്റാന്‍ഡില്‍ എത്തി.
ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പോലെയുള്ള പൊതുടൂറിസ ഇടങ്ങള്‍ പല തവണ കണ്ടതിനാല്‍ അവിടെയൊന്നും പോകാതെ ഊട്ടിപ്പട്ടണത്തില്‍ കുറച്ച് കറങ്ങി. ഉദഗമണ്ഡലം റെയില്‍വേ സ്റ്റേഷനില്‍ പോയി കൂനൂര്‍- മേട്ടുപാളയം ആവിയെഞ്ചിന്‍ ട്രെയിനിന്റെ സമയവും ടിക്കറ്റ് ലഭ്യതയും അന്വേഷിച്ചു (പിന്നീടൊരിക്കല്‍ ഈ ട്രെയിന്‍ യാത്രക്ക് മാത്രമായി വരണം). ശേഷം, 1.30ന്റെ തമിഴ്‌നാട് ആര്‍ ടി സി ബസില്‍ നടുവട്ടം വഴി ഗൂഡല്ലൂരിലേക്ക്. നടുവട്ടത്ത് ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോള്‍ ഇളം ചോളം പുഴുങ്ങിയതും ഒരു വാഴപ്പഴവും അര ലിറ്ററിന്റെ വെള്ളവും കഴിച്ച് ഉച്ചഭക്ഷണം പൊളിച്ചു. വശങ്ങളിലെ ഭംഗിയേറിയ ദൃശ്യങ്ങള്‍ കണ്ട് സമയം പോയതറിഞ്ഞില്ല. ഗൂഡല്ലൂരില്‍ നിന്ന് ദേവര്‍ഷോല- സുല്‍ത്താന്‍ ബത്തേരി വഴി അടിവാരത്തേക്ക് തന്നെ തിരിക്കാനാണ് കരുതിയതെങ്കിലും ഈ ബസ് ഗൂഡല്ലൂരില്‍ എത്തുമ്പോള്‍ 3.10 ആവുള്ളൂ എന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ മറ്റെവിടേക്കെങ്കിലും തിരിച്ചാലോ എന്ന് തോന്നി.

ബാലേട്ടന്റെ റൂട്ടുമാപ്പുകള്‍
ഡ്രൈവറോട് സമയം അന്വേഷിക്കുന്നത് കേട്ടാണ് അടുത്തിരുന്ന മധ്യവയസ്‌കന്‍ എന്നോട് സംസാരിച്ച് തുടങ്ങിയത്. എവിടേക്കെല്ലാം പോയി, ഇനി എവിടെ പോകുന്നു എന്നെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. മൂപ്പര്‍ തമിഴ്‌നാട് ആര്‍ ടി സിയിലെ ഡ്രൈവറാണെന്നും ഡ്യൂട്ടി കഴിഞ്ഞ് ഗൂഡല്ലൂരിലെ വീട്ടിലെക്ക് മടങ്ങുകയാണെന്നും അപ്പോഴാണറിഞ്ഞത്. ഊട്ടിയില്‍ നിന്ന് കിന്നക്കൊരൈ എന്ന സുന്ദര പ്രദേശത്തേക്കുള്ള ബസിലാണ് അദ്ദേഹത്തിന്റെ ജോലി. ഒരിക്കല്‍ ആ റൂട്ടില്‍ വരൂ, വളരെ മനോഹരമാണെന്നും വരുന്നെങ്കില്‍ വിളിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബസില്‍ പോയി കാണാന്‍ കഴിയുന്ന നീലഗിരിയിലെ മറ്റു ചില സുന്ദര റൂട്ടുകളും അദ്ദേഹം പറഞ്ഞുതന്നു. ബാലേട്ടന്റെ ബസില്‍ മുന്‍ സീറ്റിലിരുന്ന് ഊട്ടിയില്‍ നിന്നും കിന്നക്കൊരൈയിലേക്കുള്ള അടുത്ത യാത്രക്കായി ഇപ്പോള്‍ തന്നെ മനസ്സ് കൊതിക്കുന്നുണ്ട്.
3.10ന് ഗൂഡല്ലൂര്‍ സ്റ്റാന്‍ഡിലെത്തിയ ബസില്‍ നിന്നിറങ്ങി 20 രൂപക്ക് ഓറഞ്ചും ഒരു വാഴപ്പഴവും വാങ്ങിക്കഴിച്ച് നഗരത്തിലൂടെ കുറച്ച് അലഞ്ഞു. ചിലരോടൊക്കെ സംസാരിച്ചു. സമയം 3.40 ആയിട്ടേയുള്ളൂ. ഗുണ്ടല്‍പേട്ടിലേക്ക് തിരിച്ചാലോ എന്ന് മനസ്സ് പറഞ്ഞു. നേരത്തെ മുതുമലൈ കടുവാ സങ്കേതത്തിലെ തെപ്പക്കാട് വരെയുള്ള ദൃശ്യങ്ങളേ കണ്ടുള്ളൂ എന്നതിനാല്‍ ഗുണ്ടല്‍പേട്ടിലേക്ക് പോകുമ്പോള്‍ ബാക്കിയുള്ള ഭാഗവും കാണാമെന്നും, ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിലൂടെയും ബസ് പോകുമെന്നും അറിഞ്ഞപ്പോള്‍ അവിടേക്കുള്ള ബസിനുള്ള കാത്തിരിപ്പായി. 3.50ഓടെ കര്‍ണാടക ആര്‍ ടി സിയുടെ ഊട്ടി- മൈസൂര്‍ ബസില്‍ ഗുണ്ടല്‍പേട്ടിലേക്ക്. മുന്‍സീറ്റില്‍ തന്നെ ഇടം കിട്ടിയതിനാല്‍ മുതുമലൈ, ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കുകളിലെ കാഴ്ചകള്‍ കാണാന്‍ എളുപ്പമായി.
അഞ്ച് മണിക്ക് ഗുണ്ടല്‍പേട്ടില്‍ ബസെത്തി. സ്റ്റാന്‍ഡില്‍ നിന്നും ഓര്‍ഡിനറി കര്‍ണാടക ബസില്‍ കയറി കൂത്തനൂരു എന്ന കാര്‍ഷിക ഗ്രാമത്തില്‍ ഇറങ്ങി. വിളവെടുപ്പെല്ലാം കഴിഞ്ഞ് പുതിയ വിത്ത് പാകുന്നതിനുള്ള നിലം ഒരുക്കുന്നതിലും നനക്കുന്നതിലും വ്യാപൃതരാണ് കര്‍ഷകര്‍. പിന്നീട് ആറിന് കോഴിക്കോട് ബസില്‍ കൂടുതല്‍ പച്ചക്കറി പാടങ്ങളും ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിലെ സായാഹ്ന ദൃശ്യങ്ങളും കണ്ട് മുത്തങ്ങ- സുല്‍ത്താന്‍ ബത്തേരി- കല്പറ്റ വഴി അടിവാരത്തെ താമസ സ്ഥലത്തേക്ക്. കൂട്ടിനു കുളിരേകാനെന്നോണം സ്വറ്ററിനുള്ളിലേക്ക് അടിച്ചു കയറുന്ന വയനാടന്‍ തണുപ്പും. 9.30ന് അടിവാരത്ത് ബസിറങ്ങി. വിവിധ പ്രദേശങ്ങളിലെ കാര്‍ഷിക ഗ്രാമങ്ങളാണ് കണ്ണിന് വലിയ കുളിരേകിയത്. കൂടാതെ കാടിന്റെ ഭംഗിയും ഉയര്‍ന്ന പ്രദേശങ്ങളുടെ സൗന്ദര്യവും. അങ്ങനെ 16 മണിക്കൂറിനുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലായി 358 കിലോമീറ്റര്‍ യാത്ര ചെയ്ത് ഒടുവില്‍ റൂമിലെത്തുന്നു. ആകെ ചെലവോ വെറും 488 രൂപയും!

തമിഴ്‌നാടിന് പ്ലാസ്റ്റിക് വേണ്ടേ വേണ്ട..
മസിനഗുഡി അങ്ങാടിയില്‍ നിന്നാണ് പാലക്കാട്ടുകാരി അമ്മയുടെ കടയില്‍ കയറിയത്. സാധനം പൊതിഞ്ഞു തരുന്നത് പത്രം ഒട്ടിച്ചുണ്ടാക്കിയ കവറിലും തുണി സഞ്ചിയിലുമൊക്കെയാണ്. കൂടാതെ കമുകിന്‍ പാള കൊണ്ടുള്ള വിവിധ വലുപ്പത്തിലുള്ള പ്ലെയിറ്റുകളും വില്‍പ്പനക്ക് വെച്ചത് കണ്ടു. വിവിധ സ്ഥലങ്ങളിലായി കണ്ട ഒരൊറ്റ കടയിലും പ്ലാസ്റ്റിക് കവറുകള്‍ നല്‍കുന്നില്ല. എല്ലായിടത്തും തുണിസഞ്ചിയോ പത്ര കവറുകളോ ആണ്.
മസിനഗുഡിയില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെ റോഡിനിരുവശത്തും വനം വകുപ്പ് ഉദ്യോഗസ്ഥര്‍, യാത്രക്കാര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നല്ലൊരു മാതൃകയായി തോന്നി. ചേരമ്പാടിയില്‍ നിന്ന് നാടുകാണിയിലേക്കുള്ള ഓരോ കിലോമീറ്ററിലും ഡസ്റ്റ് ബിന്നുകള്‍ കാണാന്‍ സാധിച്ചു. അതിന്മേലെല്ലാം “അടുത്ത ഡസ്റ്റ് ബിന്‍ ഒരു കിലോമീറ്റര്‍ കഴിഞ്ഞാണ്, അതില്‍ തന്നെ മാലിന്യങ്ങള്‍ നിക്ഷേപിക്കൂ” എന്ന മനോഹരമായ ഓര്‍മപ്പെടുത്തലും. ജനവാസമില്ലാത്ത പ്രദേശങ്ങളായിട്ട് പോലും ഓരോ കിലോമീറ്ററിനിടയിലും ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചത് വലിയൊരു മാതൃക തന്നെ.

മുബശ്ശിര്‍ മുഹമ്മദ്
pmmubashirelad@gmail.com

Latest