Articles
യുവതലമുറ ലഹരി തേടുന്നതെന്തുകൊണ്ട്?

നമ്മുടെ യുവതലമുറ മദ്യവും മയക്കുമരുന്നും തേടി പോകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ഇന്ന് പലരും ഇതിന്റെ അടിമകളായി മാറിയിരിക്കുന്നു എന്നത് സമൂഹത്തിന് ഇതിനെതിരെ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട തിന്റെ അനിവാര്യത കൂടിയാണ് വ്യക്തമാക്കുന്നത്. ലഹരി മരുന്ന് വേട്ടയില്‍ പിടിക്കപ്പെടുന്നത് മിക്കവാറും യുവാക്കളാണ്. ഡി ജെ പാര്‍ട്ടികള്‍, നിശാഡാന്‍സുകള്‍, അത്താഴ പാര്‍ട്ടികള്‍, ക്ലബ് ആഘോഷങ്ങള്‍, ഹൗസ് ബോട്ട് പരിപാടികള്‍, വിവാഹ പാര്‍ട്ടികള്‍, റെസിഡന്‍ഷ്യല്‍ കോളനി ഒത്തുകൂടലുകള്‍, മറ്റു ആഘോഷങ്ങള്‍ എന്നിവക്കായി മയക്കു മരുന്നും മദ്യവും എത്തിച്ചു കൊടുക്കുന്നവരാണ് പിടിക്കപ്പെടുന്നതില്‍ ഏറെയും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത്് ലഹരി വിറ്റു പിടിയിലാകുന്നവരും കുറവല്ല. ഒരു കാര്യം വ്യക്തമാണ്. മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാര്‍ ഏറെയാണ്. ആവശ്യക്കാരില്‍ ചെറുപ്പക്കാരാണ് അധികവും എന്നതും നാം മനസ്സിലാക്കണം. ആവശ്യക്കാരില്‍ ആണ്‍, പെണ്‍ വ്യത്യാസം കുറഞ്ഞു തുല്യത നേടുന്നു എന്നാണ് അനധികൃത ലഹരി വില്‍പന വേട്ടക്കിറങ്ങുന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. നമ്മുടെ നാട്ടില്‍ മദ്യവും മയക്കു മരുന്നും ഇല്ലാത്ത ആഘോഷങ്ങള്‍ കുറവാണെന്നതാണ് വാസ്തവം. പങ്കെടുക്കുന്നവര്‍ക്ക് ഹരം നല്‍കണമെങ്കില്‍ പാര്‍ട്ടികള്‍ക്ക് മുന്തിയ ഇനം മദ്യം തന്നെ വിളമ്പണം. മയക്കുമരുന്ന് വിളമ്പുന്ന വേദികളും കുറവല്ല. ഉപയോഗിക്കുന്നവരില്‍ മുതിര്‍ന്നവര്‍ എന്നോ ചെറുപ്പകാരെന്നോ വ്യത്യാസം ഇല്ല. പണ്ടൊക്കെ മറഞ്ഞിരുന്നു ചെയ്തിരുന്ന മദ്യപാനം ഇന്ന് തുറന്ന വേദികളിലെന്ന വ്യത്യാസം മാത്രമാണുള്ളത്. നമ്മുടെ സമൂഹത്തില്‍ ഈ കാര്യത്തില്‍ വന്ന മാറ്റങ്ങള്‍ സൂചിപ്പിച്ചെന്നു മാത്രം. ഒളിച്ചും പാത്തും അല്ലാതെയും നിരന്തരമായും “അഭിമാനക്ഷതമില്ലാതെ”യും നിത്യജീവിതത്തില്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് പണ്ടത്തേക്കാള്‍ കൂടുതല്‍ അവസരമാണ് മദ്യപിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും കിട്ടുന്നത് എന്ന് സാരം.
ചെറുപ്പക്കാര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതിനു അനേക കാരണങ്ങളുണ്ട്. കുടുംബപരമായ ആസക്തി, പാരമ്പര്യം, സാമൂഹിക പശ്ചാത്തലം എന്നിവ ചിലപ്പോള്‍ ഇതിത് കരണമാകാവുന്നതാണ്. ചെറുപ്പം മുതല്‍ പ്രായമായവര്‍ മദ്യം കഴിച്ചു മാത്രം സന്തോഷം പങ്കിടുന്നതും കുടുംബ പശ്ചാത്തലത്തില്‍ മദ്യം ഒരു “നല്ല വസ്തു” ആണെന്ന് മുതിന്നവര്‍ അംഗീകരിക്കുന്നത് കണ്ടു വളരുന്നതും ചെറുപ്പക്കാര്‍ക്ക് മദ്യത്തിനോട് ആസക്തി ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. പലരും ആകാംക്ഷയോടെയാണ് മദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കാന്‍ തുടങ്ങുന്നത്.
കൂട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ഒറ്റപ്പെടല്‍, ഏകാന്തത, ഇഷ്ടമുള്ളവരില്‍ നിന്നും നിത്യേന നെഗറ്റീവ് കമന്റുകള്‍ കിട്ടുക എന്നിവ ഉണ്ടാകുമ്പോള്‍ പലപ്പോഴും യുവാക്കള്‍ അഭയം തേടുക മദ്യത്തിലും മയക്കുമരുന്നിലുമാണ്. ചിലര്‍ക്ക് കൂടുതല്‍ ആകാംക്ഷ, ദുഃഖം, വിഷാദം, മാനസിക സമ്മര്‍ദം എന്നിവക്കായി ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍ തുടര്‍ ഉപയോഗത്തിന് ആസക്തി ഉണ്ടാക്കുന്ന മരുന്നുകളായി മാറുന്നു. മദ്യം “ആവശ്യത്തിന്” കിക്ക് തരാതാകുമ്പോള്‍ മയക്കുമരുന്നിലേക്ക് തിരിയുന്നവരും ഉണ്ട്. ഒരേ പ്രായക്കാരില്‍ നിന്നുള്ള നിര്‍ബന്ധം, മറ്റുള്ളവരുടെ മുന്നില്‍ നേതാവാകാനുള്ള ആശ, ആണത്തം തെളിയിക്കുവാനുള്ള അവസരം, സ്‌നേഹത്തോടെയുള്ള പ്രോത്സാഹനം തുടങ്ങിയവ ചെറുപ്പക്കാരെ മദ്യ- മയക്കുമരുന്ന് ആസക്തിയിലേക്ക് നയിക്കുന്നു . ഇതെല്ലാം ചെറുപ്പത്തില്‍ രുചിച്ചു നോക്കണം വലുതായാല്‍ ഉത്തരവാദിത്ത്വം വരും അപ്പോള്‍ പറ്റില്ലെന്ന് വിശ്വസിച്ചു കുടി തുടങ്ങി അത് നിര്‍ത്താന്‍ കഴിയാത്തവരും ഉണ്ട്. നല്ല ഉന്മേഷം ലഭിക്കുമെന്ന ധാരണയില്‍ മയക്കു മരുന്നും മദ്യവും ഉപയോഗിക്കുന്നവരുണ്ട്. കൂടുതല്‍ ക്ഷീണത്തിലാണ് ഇവ രണ്ടും എത്തിക്കുക എന്നത് തിരിച്ചറിയുമ്പോഴേക്കും ലഹരിക്ക് അവര്‍ അടിമയായിക്കാണും.
ചിലര്‍ പിരിമുറുക്കം കുറക്കാനും മാനസിക സമ്മര്‍ദം കുറക്കാനും തോല്‍വികള്‍ മറക്കുവാനുമുള്ള ഒറ്റമൂലിയായി ലഹരിയെ കാണുന്നു. എന്നാല്‍, പിന്നീട് അതുണ്ടാക്കുന്ന മാനസിക വൈകല്യങ്ങള്‍ ജീവിത നൈരാശ്യത്തില്‍ എത്തിക്കുന്നു എന്നതാണ് വാസ്തവം. അമിത ഭാരം കുറക്കാനായി കൊക്കയ്ന്‍ ഉപയോഗിക്കുന്നവരുണ്ട്. ആത്യന്തികമായി ഭാരം കുറയില്ലെന്നു മാത്രമല്ല കൊക്കയ്‌നോട് അമിതാസക്തിയില്‍ എത്തുകയും ചെയ്യുന്നു.
കേരളീയ സമൂഹത്തില്‍ പ്രത്യേകിച്ചും യുവാക്കളുടെ ഇടയിലെ മദ്യപാനവും ലഹരി ഉപയോഗവും നമ്മുടെ ഭാവിതലമുറയെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് ഭീതി ജനകമാണ്. യുവാക്കളോട് സംസാരിക്കാനും അവരെ സ്‌നേഹിക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാനും മാതാപിതാക്കള്‍ക്ക് പറ്റണം. അതിനു സമയം കണ്ടെത്തണം. അവര്‍ക്കിഷ്ടമില്ലാത്ത കോഴ്‌സുകള്‍ക്കും അവര്‍ക്ക് താത്്പര്യമില്ലാത്ത കാര്യങ്ങള്‍ക്കും അവരെ നിര്‍ബന്ധിച്ചു അയക്കാതിരിക്കുക.
യുവാക്കളെ അംഗീകരിക്കുക, അവരുടെ നേട്ടങ്ങളില്‍ പ്രോത്സാഹനം നടത്തുക, അവരില്‍ അത്മാഭിമാനവും മാനസിക ധൈര്യവും ഉണ്ടാക്കുക. അവരുടെ ദുഃഖത്തിലും സന്തോഷത്തിലും വീട്ടുകാര്‍ പങ്കുചേരുക. അതിനു അവരെ അളവറ്റു സ്‌നേഹിക്കണം. വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലെന്ന് സമൂഹവും തിരിച്ചറിയണം. നമ്മുടെ യുവതയെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രക്ഷപ്പെടുത്തുക.