Connect with us

Gulf

ഓഫര്‍ പെരുമഴ, ജൈറ്റക്‌സില്‍ കനത്ത തിരക്ക്; ലക്ഷ്വറി കാറുകളും ഫോണുകളും സമ്മാനം

Published

|

Last Updated

ദുബൈ: മേഖലയിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിപണന, പ്രദര്‍ശന മേള സന്ദര്‍ശിക്കാന്‍ ഇന്നലെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെത്തിയത് ആയിരങ്ങള്‍. ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകളും സ്മാര്‍ട് ടി വികളും ലാപ് ടോപുകളും ക്യാമറകളും മറ്റു ഇലക്‌ട്രോണിക് ഉത്പന്നങ്ങളും ബണ്ടില്‍ ഓഫറുകളോടെയും ഡിസ്‌കൗണ്ടുകളോടെയുമാണ് വിറ്റഴിക്കുന്നത്. ഓരോ ഉത്പന്നങ്ങള്‍ക്കും വിവിധ സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നതും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. 35,000 ഉത്പന്നങ്ങളാണ് സബീല്‍ ഹാള്‍ 4,5,6ല്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്.

ഉദ്ഘാടന ദിവസം തന്നെ ഹോണര്‍ പുതുതായി ഇറക്കിയ 8എക്‌സ് ഫോണ്‍ പൂര്‍ണമായും വിറ്റഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ചൈനയിലും യു എ ഇയിലും ഒരുമിച്ചാണ് ഫോണ്‍ അവതരിപ്പിച്ചത്. യു എ ഇയിലെ പ്രധാന ഇലക്‌ട്രോണിക് റീടെയിലര്‍മാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മനം മയക്കും ഓഫറുകളാണ് നല്‍കുന്നത്.
ഹുവായ് തങ്ങളുടെ ലെയ്റ്റ്‌വെയ്റ്റ് ഇനത്തിലുള്ള മേറ്റ്ബുക് എക്‌സ് പ്രോയും എം 5 സീരിസ് മീഡിയ പാഡും അവതരിപ്പിച്ചു. ലോകത്തെ ആദ്യ അള്‍ട്രാ സ്ലിം, അള്‍ട്രാലൈറ്റ് ഫുള്‍ വ്യൂ ഡിസ്‌പ്ലേ ലാപ്‌ടോപാണ് മേറ്റ്ബുക് എക്‌സ് പ്രോ. 6,999 ദിര്‍ഹമാണ് വില.
നാല് ക്യാമറകളും ഡ്യുവല്‍ സിമ്മും 128 ജി ബി മെമ്മറിയും നാല് ജി ബി റാമോടുകൂടിയുള്ള ഹുവായിയുടെ നോവ 3ഐ ഫോണ്‍ 1,099 ദിര്‍ഹമിനാണ് വില്‍ക്കുന്നത്. 1,299 ദിര്‍ഹമാണ് ഇതിന്റെ വിപണിവില.
1,599 ദിര്‍ഹമിന് ഹുവായ് നോവ 3 വാങ്ങുമ്പോള്‍ ഒരു ബാഗും സെല്‍ഫി സ്റ്റിക്കും സൗജന്യമായി ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് ബി എം ഡബ്ല്യു 318ഐ കാറും 89,999 ദിര്‍ഹം വില വരുന്ന 4കെ അള്‍ട്രാ എച്ച് ഡി ടി വിയുമാണ് ഷറഫ് ഡി ജി സമ്മാനമായി വെച്ചിരിക്കുന്നത്.
ഷറഫ് ഡി ജി പവലിയനില്‍ നിന്ന് എ ഡി സി ബി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും.

ഇ-മാക്‌സില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 500 മുതല്‍ 2,000 ദിര്‍ഹം വരെയുള്ള തജാവല്‍ ട്രാവല്‍ വൗച്ചറാണ് നല്‍കുന്നത്. എമിറേറ്റ്‌സ് എന്‍ ബി ഡി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചുള്ള പര്‍ച്ചേസിന് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. 5,000 ദിര്‍ഹമിന് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇ മാക്‌സ് സ്പിന്‍ വീല്‍ കറക്കി ഐ ഫോണ്‍ എക്‌സ് എസ് മാക്‌സ് നേടാനാകും.
വാരാന്ത്യ ദിവസങ്ങളില്‍ ജൈറ്റക്‌സ് ഷോപ്പറില്‍ വലിയ സമ്മാന വാഗ്ദാനങ്ങളാണുണ്ടാവുക. പ്രവേശന ടിക്കറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ എസ് യു വി എം ജി ഇസഡ് എസ് കാര്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഷോപ്പ് ആന്‍ഡ് വിന്‍ നറുക്കെടുപ്പിലൂടെ ക്യാഷ് ബാക്ക് ഓഫറാണ് ഒരുക്കിയിട്ടുള്ളത്. വിസിറ്റ് ആന്‍ഡ് വിന്‍ നറുക്കെടുപ്പിലൂടെ നിക്കോണ്‍ കൂള്‍പിക്‌സ് ബി 500 ക്യാമറകള്‍, 1,000 ദിര്‍ഹമിന്റെ ഡെല്‍ വൗച്ചറുകള്‍, ഹോണല്‍ 8എക്‌സ് സ്മാര്‍ട് ഫോണുകള്‍, മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് തുടങ്ങിയവ നേടാം.

ജംബോ പവലിയനില്‍ 128 ജി ബി സാംസംഗ് നോട്ട് 9ഉം 32 ഇഞ്ച് എല്‍ ഇ ഡി ടി വിയും 3,899 ദിര്‍ഹമിന് വാങ്ങാം. ഹുവായ് പി 20 പ്രോ, ബ്ലൂടൂത്ത്, പവര്‍ ബേങ്ക്, സെല്‍ഫി സ്റ്റിക്ക് എന്നിവക്ക് 2,399 ദിര്‍ഹം നല്‍കിയാല്‍ മതി. സോണിയുടെ 55 ഇഞ്ച് എക്‌സ് 85 എഫ് 4കെ ടി വിക്ക് 3,799 ദിര്‍ഹമാണ് വില. കൂടെ 100 ദിര്‍ഹമിന്റെ ഗിഫ്റ്റ് വൗച്ചറുമുണ്ട്.

“പ്രൈസ് ഈസ് റൈറ്റ്” എ ന്ന മത്സരത്തിലൂടെ സന്ദര്‍ശകര്‍ക്ക് ജോര്‍ജിയ, അസര്‍ബൈജാന്‍, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ഹോളിഡേ ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്.
ദിവസവും രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 20ഉം വിദ്യാര്‍ഥികള്‍ക്ക് 10ഉം ദിര്‍ഹമാണ് പ്രവേശന നിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം.

Latest