Connect with us

Articles

ജനങ്ങള്‍ യജമാനന്മാര്‍ ആകുമ്പോള്‍

Published

|

Last Updated

“ഒരു ഫോണ്‍ വിളിയില്‍ പിസ മാത്രമല്ല സര്‍ക്കാറും നിങ്ങളുടെ വീട്ടുപടിക്കല്‍ വരുന്നു”. ജനാധിപത്യ സമൂഹത്തില്‍ ജനങ്ങളാണ് അധികാരികള്‍. അവരാണ് മന്ത്രിമാരടക്കമുള്ള സംവിധാനത്തിന് ശമ്പളം നല്‍കുന്നത്. അപ്പോള്‍ യജമാനന്മാരുടെ വീട്ടുപടിക്കല്‍ ചെല്ലാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് ബാധ്യതയുണ്ട്. എന്നാല്‍, എഴുപത് വര്‍ഷക്കാലത്തെ നമ്മുടെ അനുഭവം പഠിപ്പിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യജമാനന്മാരും നമ്മള്‍ ജനങ്ങള്‍ അവരുടെ കീഴിലുള്ളവരും ആണെന്നാണ്. വിദ്യാഭ്യാസ യോഗ്യത കൊണ്ടും അനുഭവം കൊണ്ടും നമ്മെക്കാള്‍ താഴ്ന്നവരാണെങ്കിലും ഒരു ഓഫീസിലെത്തിയാല്‍ അവിടുത്തെ ഉദ്യോഗസ്ഥരെ നമ്മള്‍ “സര്‍” എന്ന് വിളിക്കുന്നത് അതു കൊണ്ടാണ്. ബ്രിട്ടീഷ് ഭരണകാലത്തെ വിശ്വാസപ്രമാണങ്ങള്‍ അതുപോലെ സൂക്ഷിക്കുന്ന ഒന്നാണ് നമ്മുടെ ബ്യുറോക്രസി. അത് സാധാരണ മനുഷ്യര്‍ക്ക് ഒരു കറുത്ത പെട്ടിയാണ് (ബ്ലാക് ബോക്‌സ്). അതിന്റെ ചട്ടങ്ങള്‍ അതിസങ്കീര്‍ണമാണ്. ഒരു പൗരന് അവന്റെ അവകാശം പോലും ഉദ്യോഗസ്ഥരുടെ ഔദാര്യമാണെന്ന രീതിയില്‍ കാണേണ്ടിവരുന്നു. ശരിയായ രീതിയില്‍ നമ്മുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു തരുന്ന ഉദ്യോഗസ്ഥന്‍ ആദരിക്കപ്പെടുന്നത് അത് അപൂര്‍വമായതിനാലാണ്. ഈ അവസ്ഥയും ചട്ടങ്ങളിലെ സങ്കീര്‍ണതയും പൗരനെ ദുര്‍ബലനാക്കുന്നു. ഇതാണ് അഴിമതിക്കുള്ള പ്രധാന കാരണമായി സാധാരണ മനുഷ്യര്‍ അനുഭവത്തില്‍ കാണുന്നതും.

അറിയാനുള്ള അവകാശം, സേവനാവകാശം തുടങ്ങിയ നിയമങ്ങള്‍ മിക്കപ്പോഴും ഏട്ടിലെ പശു തന്നെയാണ്. വിവരങ്ങള്‍ക്കായി അപേക്ഷ നല്‍കിയാല്‍ 30 ദിവസം അവസാനിക്കുന്ന അന്ന് മാത്രമേ നല്‍കാവൂ എന്ന രീതിയിലാണ് ഇന്നും മിക്ക ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥത്തില്‍ പരമാവധിയാണ് 30 ദിവസം എന്നത്. അതിന്റെ നടത്തിപ്പുകളില്‍ ഇപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് മിക്ക ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. അവരുടെ കടമയായിട്ടല്ല, മറിച്ചു ഒരു ശല്യമായാണ് അവര്‍ ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ ഡല്‍ഹി സര്‍ക്കാറിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഒരു വിപ്ലവത്തിനുള്ള ശ്രമമെന്ന് ആംആദ്മി പാര്‍ട്ടിയോട് വിയോജിക്കുന്നവര്‍ പോലും കരുതുന്നു. ഇവിടെ ജനങ്ങള്‍ യജമാനന്മാരാണ്. അവരുടെ സമയവും സൗകര്യവും നോക്കി സര്‍ക്കാര്‍ എത്തണം, സേവനങ്ങള്‍ നല്‍കണം.

സെപ്തംബര്‍ 10 ആ നിലയില്‍ ഇന്ത്യയിലെ ഭരണ സംവിധാനങ്ങളുടെ ചരിത്രത്തിലെ ഒരു നിര്‍ണായക വഴിത്തിരിവാണ്. ഒന്നാം ഘട്ടമെന്ന നിലയില്‍ 40 സേവനങ്ങള്‍ക്കായി പൗരന്മാര്‍ ഓഫീസുകളില്‍ പോകേണ്ടതില്ല. സാധാരണ ഈ സേവനങ്ങള്‍ക്കായി സ്വന്തം സമയം മുടക്കി, പലപ്പോഴും തൊഴില്‍ മുടക്കി, ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടതാണ്. അവിടെ ചെല്ലുമ്പോഴായിരിക്കും നാം അറിയുന്നത് മറ്റു ചില രേഖകള്‍ കൂടി വേണം എന്ന്. ആ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ല എന്ന്. മറ്റൊരു ദിവസം പോകേണ്ടിവരും. ധനനഷ്ടവും സമയനഷ്ടവും ഫലം. ഇവിടെ നല്‍കുന്ന 40 സേവനങ്ങള്‍ക്കായി ഒരു നമ്പറില്‍ നമ്മള്‍ വിളിച്ചാല്‍ മതി. വിളിക്കുമ്പോള്‍ കിട്ടുന്നില്ലെങ്കില്‍ അവര്‍ തിരിച്ചുവിളിക്കും. നമ്മുടെ ആവശ്യങ്ങള്‍ അവരോട് പറഞ്ഞാല്‍ അതിനെന്തെല്ലാം രേഖകള്‍ വേണമെന്ന് അവര്‍ പറഞ്ഞുതരും. നമ്മുടെ കൂടി സൗകര്യം പരിഗണിച്ചു ഒരു സമയം നിശ്ചയിക്കാം. ആ സമയത്ത് സര്‍ക്കാറിന്റെ പ്രതിനിധിയായ സഹായക(ന്‍) നിങ്ങളുടെ വീട്ടില്‍ എത്തുന്നു. രേഖകള്‍ പരിശോധിച്ച് നമുക്ക് രശീതി തന്ന് അവ കൊണ്ടുപോകുന്നു. പരമാവധി ഒരാഴ്ചക്കകം നമ്മുടെ ആവശ്യം നിറവേറ്റിത്തരാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഒരു സേവനത്തിനു നാം 50 രൂപ വീതം നല്‍കണം.

റവന്യൂ, സാമൂഹിക ക്ഷേമം, ഗതാഗതം, പട്ടികജാതി ക്ഷേമം, ജലവിതരണം, ഭക്ഷ്യപൊതുവിതരണം, തൊഴില്‍ എന്നീ മേഖലകളിലെ സേവനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തിനകം ഇത് 70 സേവനങ്ങളായി ഉയര്‍ത്തും. കുറച്ചു മാസങ്ങള്‍ക്കകം ഇത് നൂറ് സേവനങ്ങളാക്കും എന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നു. പട്ടികജാതി പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ജാതി സാഷ്യപത്രം, ജനനം, മരണം, വരുമാനം, ഭൂ ഉടമസ്ഥത, വിവാഹം, ബാധ്യത, ശാരീരികവൈകല്യമുള്ളവര്‍ക്കുള്ള സ്ഥിരം ഐ ഡി തുടങ്ങിയവയാണ് റവന്യൂ വകുപ്പില്‍ നിന്നുള്ള രേഖകള്‍. ഗതാഗതവകുപ്പില്‍ നിന്നും ആര്‍ സി, മാറ്റപ്പെട്ട ആര്‍ സി, അതിലെ മേല്‍വിലാസ മാറ്റം, ലൈസന്‍സ്(ലേണേഴ്‌സ് അടക്കം), പുതുക്കിയ ലൈസന്‍സ്, ഹൈപ്പോതിക്കേഷന്‍, അതിന്റെ കാലാവധി തീര്‍ന്നത് മുതലായ രേഖകള്‍ ഇങ്ങനെ വീട്ടില്‍ കിട്ടും. പുതിയ റേഷന്‍ കാര്‍ഡ്, അതിലെ പേര് തിരുത്തല്‍, വൃദ്ധരുടെയും അംഗവൈകല്യമുള്ളവരുടെയും പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും, പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സുകളും ഫീസും സ്‌കോളര്‍ഷിപ്പുകളുമടക്കമുള്ള സേവനങ്ങള്‍ ഇതില്‍ പെടുന്നു.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വി എഫ് എസ് ഗ്ലോബല്‍ എന്ന ഒരു സ്വകാര്യ സ്ഥാപനത്തെയാണ് ഈ സേവനങ്ങള്‍ക്കുള്ള സഹായിയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തും ഇവര്‍ സഹായകരെ നിയമിക്കുന്നു, നമ്മുടെ അക്ഷയ കേന്ദ്രം പോലെ. തുടക്കത്തില്‍ 11 ജില്ലകളിലായി 66 പേരെയാണ് നിയമിച്ചിരിക്കുന്നത്. ആവശ്യമനുസരിച്ചു ഇവരുടെ എണ്ണം കൂട്ടും. ഈ സഹായകരെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി മാത്രമേ നിയമിക്കുകയുള്ളൂ. ഓരോ വീട്ടില്‍ നിന്നും ശേഖരിക്കുന്ന രേഖകള്‍ക്കു രശീതി നല്‍കണം, അതിന്റെ വിവരങ്ങള്‍ ആപ്പ് വഴി കേന്ദ്രത്തില്‍ അറിയിക്കുകയും വേണം. ഇവര്‍ എപ്പോഴും സര്‍ക്കാര്‍ നിരീക്ഷണത്തിലായിരിക്കും. നിയമത്തിനപ്പുറമുള്ള ഫീസ് ഈടാക്കിയാല്‍ അവരുടെ തൊഴില്‍ പോകും. വൈകീട്ട് ജോലി കഴിഞ്ഞുള്ള സമയത്തും ഇവര്‍ വരും എന്നതിനാല്‍ ഈ ആവശ്യങ്ങള്‍ക്കായി ജോലി മുടക്കേണ്ടി വരുന്നില്ല എന്നതും പലവട്ടം ഓഫീസുകള്‍ കയറി ഇറങ്ങേണ്ട എന്നതും ജനങ്ങള്‍ക്ക് ഏറെ സഹായകമാണ്.

ഇതിനോട് ജനങ്ങള്‍ക്കുള്ള താത്പര്യം ആദ്യ ദിവസം തന്നെ അറിയാന്‍ കഴിഞ്ഞു. അന്ന് വൈകീട്ട് ആറ് മണിക്ക് മുമ്പ് തന്നെ 21,000ത്തില്‍ പരം പേര്‍ അന്വേഷണ നമ്പര്‍ ആയ 1076ല്‍ വിളിച്ചു. തുടക്കത്തിലെ ചില പ്രശ്‌നങ്ങള്‍ മൂലം 2,086 പേര്‍ക്കാണ് നേരിട്ട് കിട്ടിയത്. ഇതില്‍ 369 പേര്‍ക്ക് കൂടിക്കാഴ്ചക്കുള്ള സമയം നിശ്ചയിക്കപ്പെട്ടു. ഇന്നലെ ശ്രമിച്ചു പരാജയപ്പെട്ടവരെ പിറ്റേന്ന് തിരിച്ചു വിളിക്കും. ആദ്യ ദിവസം 50 ഫോണ്‍ ലൈനുകളും 40 ഓപ്പറേറ്റര്‍മാരുമാണ് ഉണ്ടായിരുന്നത്. അടുത്ത ദിവസം അത് 120 ലൈനുകളും 80 ഓപ്പറേറ്റര്‍മാരുമായി ഉയര്‍ത്തി. ആദ്യ ദിവസം കേവല കൗതുകത്തിനു വേണ്ടി വിളിച്ചവരും ഉണ്ടാകും. തുടര്‍നാളുകളില്‍ ഇത് കുറഞ്ഞേക്കാം. ഒരാഴ്ചക്കാലം ഇതിന്റെ മേല്‍നോട്ടം നേരിട്ട് മുഖ്യമന്ത്രി തന്നെ നടത്തുന്നതാണ്. എന്തെങ്കിലും തരത്തിലുള്ള ബാലാരിഷ്ടതകളോ പരാതികളോ ഉണ്ടെങ്കില്‍ അത് പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ വേണ്ടിയാണിത്.

ആം ആദ്മി മാനിഫെസ്‌റ്റോയില്‍ വാഗ്ദാനം നല്‍കിയ ഒരു പ്രധാന ഇനമായിരുന്നു ഇത്. സൗജന്യ കുടിവെള്ളം, രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, ലോകപ്രശസ്തമായ മൊഹല്ല ക്ലിനിക്കുകള്‍ തുടങ്ങിയ നിരവധി വാഗ്ദാനങ്ങള്‍ ഇതിനകം ഏറെ വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. അഴിമതി കുറഞ്ഞു എന്ന് സാധാരണ ജനങ്ങള്‍ക്ക് എളുപ്പം ബോധ്യപ്പെടുന്നതാണ് “സേവനങ്ങള്‍ വീട്ടുപടിക്കലേക്ക്” എന്ന ഈ പുതിയ സംവിധാനം. മറ്റു പല ജനക്ഷേമ പദ്ധതികളും നടപ്പാക്കുമ്പോഴെന്ന പോലെ ഇതും നടപ്പാക്കുന്നതിന് ലെഫ്റ്റ. ഗവര്‍ണര്‍ ഒന്നര വര്‍ഷത്തോളമായി വലിയ തടസ്സമായി നിന്നു. ഒടുവില്‍ സുപ്രീം കോടതിയുടെ രണ്ടിലേറെ പ്രാവശ്യത്തെ ഇടപെടല്‍ വഴിയാണ് സംസ്ഥാന സര്‍ക്കാറിനു ഇതിനുള്ള അനുമതി കിട്ടിയത്. ജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമായ ഈ പരിഷ്‌കാരം നടപ്പാക്കാന്‍ അനുവദിക്കാത്തതിനെ കോടതി പേരെടുത്തു തന്നെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ജനങ്ങളുമായുള്ള എഴുതപ്പെട്ട നിയമസാധുതയുള്ള ഒരു കരാറാണ് എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്. നാല് വര്‍ഷം മുമ്പ് എന്‍ ഡി എ ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളെ (ഓരോ കുടുംബങ്ങളുടെ അക്കൗണ്ടിലും 15 ലക്ഷം, രണ്ട് കോടി തൊഴില്‍ തുടങ്ങിയവ) പറ്റി ചോദിച്ചപ്പോള്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് അവയൊക്കെ തിരഞ്ഞെടുപ്പില്‍ പറയുന്ന നടക്കാത്ത വാഗ്ദാനങ്ങള്‍ അല്ലേ എന്നാണ്. പക്ഷേ, ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ 70 വാഗ്ദാനങ്ങളില്‍ മഹാഭൂരിപക്ഷവും നടപ്പാക്കിത്തുടങ്ങി. പലതും പൂര്‍ത്തിയായി. രാജ്യമാകെ ഇപ്പോള്‍ പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ അത് ഏറ്റവും കുറഞ്ഞിരിക്കുന്നത് ഡല്‍ഹിയിലാണ് എന്ന് ബി ജെ പിക്കും സമ്മതിക്കേണ്ടിവരും. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക് ഡല്‍ഹിയിലാണ് എന്നതിനാലാണത്. ഇവിടെ ലിറ്ററിന് 80 രൂപ കടന്നപ്പോള്‍ ഡല്‍ഹിയില്‍ അത് 70 രൂപ മാത്രമാണ്. കേന്ദ്ര നികുതി എല്ലായിടത്തും ഒരു പോലെ ആണല്ലോ. ഇത് ഭരണം സംബന്ധിച്ചുള്ള വ്യത്യസ്തമായ സമീപനമാണ്. ഇനി അവിടെ നടത്താനുള്ള ഒരു പ്രധാന വാഗ്ദാനം സ്ത്രീസുരക്ഷക്കായുള്ള ലക്ഷക്കണക്കിന് ക്യാമറകളാണ്. ഏറെ മാസങ്ങളുടെ സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിനും അനുമതി കിട്ടിയത്.

അസാധ്യമായ കാര്യങ്ങളല്ല ഇതൊന്നും എന്ന് ഇന്ത്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇത് വഴി ഡല്‍ഹി സര്‍ക്കാറിന് കഴിഞ്ഞു. പണവും പ്രശ്‌നമല്ല. സര്‍ക്കാറുകളുടെ രാഷ്ട്രീയ ഇച്ഛാ ശക്തിയാണ് പ്രധാനം. അഴിമതി പരമാവധി കുറക്കുകയും ജനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ സേവനങ്ങള്‍ ഒരു വിധ ചോര്‍ച്ചകളും കൂടാതെ അവരില്‍ എത്തിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. നേരത്തെ സൂചിപ്പിച്ചതു പോലെ ഇനിമേല്‍ ജനങ്ങളാണ് യജമാനന്‍ എന്നും ഉദ്യോഗസ്ഥര്‍ അവരുടെ ശമ്പളം പറ്റുന്ന ഭൃത്യരുമാണെന്നും അംഗീകരിക്കുന്നത് തന്നെ ഒരു രാഷ്ട്രീയമാണ്.

Latest