Connect with us

Health

സ്ത്രീകളും ആത്മഹത്യയും

Published

|

Last Updated

പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ എഡ്വിന്‍ഷ്‌നിഡ്മാന്റെ അഭിപ്രായത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള എളുപ്പ മാര്‍ഗമായി ചിലര്‍ കരുതുന്ന രോഗാതുരമായ ആത്മഹത്യ അനേകം വ്യാപ്തിയുള്ള ബോധപൂര്‍വമായ സ്വയം നശീകരണപ്രവൃത്തിയാണ്. വലിയ പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണ് ആത്മഹത്യ. ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം പുരുഷന്മാരാണെങ്കിലും (70 ശതമാനം) സ്ത്രീകളുടെ എണ്ണം കുറവല്ല (30 ശതമാനം). എന്നാല്‍, വിജയിക്കാത്ത ആത്മഹത്യാശ്രമങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണ് (സ്ത്രീ പുരുഷ അനുപാതം 3:1). സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ സഹായത്തിനായുള്ള മുറവിളിയായിരിക്കും ഒരുപക്ഷേ ഇത്തരം ലഘുവായ ആത്മഹത്യാശ്രമങ്ങള്‍. സമീപകാലങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ആത്മഹത്യയുടെ കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം കുറഞ്ഞുതുടങ്ങി എന്നതാണ്. 2010ാമാണ്ടില്‍ 2219 സ്ത്രീകള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് (മൊത്തം ആത്മഹത്യകളുടെ 28 ശതമാനം). കേരളത്തില്‍ ഓരോ ദിവസവും ഏഴ് സ്ത്രീകള്‍ വീതമെങ്കിലും ആത്മഹത്യ ചെയ്യുന്നു.
സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി 30 ശതമാനം ആത്മഹത്യകളും സ്ത്രീകളുടെ ഇടയിലാണ്. പതിനഞ്ചിനും നാല്‍പ്പത്തിയഞ്ചിനും ഇടക്കുള്ള സ്ത്രീകളാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് (54 ശതമാനം). ഇതില്‍ തന്നെ വിവാഹിതരായ സ്ത്രീകളാണ് കൂടുതല്‍ (72 ശതമാനം). ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് വീട്ടമ്മമാരാണ് (15 ശതമാനം). ആത്മഹത്യ ചെയ്യുന്ന വീട്ടമ്മമാരുടെ എണ്ണം വര്‍ധിക്കുകയാണ്. തൂങ്ങിമരണവും (40 ശതമാനം) വിഷവസ്തുക്കളും (28 ശതമാനം) ആണ് സ്ത്രീകള്‍ പ്രധാനമായും ആത്മഹത്യക്ക് അവലംബിക്കുന്ന മാര്‍ഗങ്ങള്‍. വെള്ളത്തില്‍ ചാടല്‍, സ്വയം തീ കൊളുത്തല്‍ എന്നിവയാണ് മറ്റ് മാര്‍ഗങ്ങള്‍.

പ്രധാന കാരണങ്ങള്‍

അനേക വ്യാപ്തിയുള്ള രോഗാവസ്ഥയായ ആത്മഹത്യയെ വിശദീകരിക്കാന്‍ എളുപ്പമല്ല. സ്ത്രീകളിലെ ആത്മഹത്യയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അവരുടെ പ്രശ്‌നങ്ങളും പരിഗണിക്കണം. സ്ത്രീകളുടെ ജീവശാസ്ത്രം, മനശ്ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവക്ക് ആത്മഹത്യയുമായി അടുത്ത ബന്ധമുണ്ട്. ആത്മഹത്യയുമായി അടുത്ത ബന്ധമുള്ള വിഷാദരോഗം സ്ത്രീകളില്‍ കൂടുതലാണ്. ഗര്‍ഭം, പ്രസവം, ആര്‍ത്തവ വിരാമം, മാസം തോറുമുള്ള ആര്‍ത്തവചക്രം, മുലയൂട്ടല്‍ തുടങ്ങിയ വേളകളിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളെ വിഷാദത്തിലേക്ക് നയിക്കുന്നു.

മറ്റൊരു പ്രധാന കാരണം കേരളത്തിലെ സ്ത്രീകളുടെ കുറഞ്ഞുവരുന്ന മാനസികാരോഗ്യം ആണ്. സംസ്ഥാനത്ത് മാനസിക രോഗങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ നിരക്ക് (19 ശതമാനം) ദേശീയ നിരക്കിന്റെ ഏതാണ്ട് രണ്ടിരട്ടിയാണ് (എട്ട് ശതമാനം). വിഷാദരോഗം, സ്വഭാവവൈകല്യരോഗങ്ങള്‍ (ഉദാ. ഇമോഷനലി അണ്‍സ്റ്റേബിള്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍), ന്യൂറോസിസ് എന്നീ അവസ്ഥകളുടെ ഒരു പ്രധാന ലക്ഷണം തന്നെ ആത്മഹത്യാചിന്തയാണ്. ശരിയായ രീതിയില്‍ ചികിത്സിച്ചാല്‍ ഇവ മാറ്റിയെടുക്കാവുന്നതേയുള്ളു.
സ്ത്രീകളിലധികവും മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരാണ്. അവര്‍ എപ്പോഴും സുരക്ഷയും സ്‌നേഹപൂര്‍ണമായ പെരുമാറ്റവും ആഗ്രഹിക്കുന്നു. എന്നാല്‍, അവരിലധികവും ലിംഗം, ദാരിദ്ര്യം, വിദ്യാഭ്യാസം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള നിരവധി വിവേചനങ്ങള്‍ അനുഭവിക്കുന്നവരാണ്. അങ്ങനെ അവര്‍ വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുന്നു. സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതും ആരും സഹായിക്കാനില്ലാത്തതും ഒറ്റപ്പെടുത്തലുമെല്ലാമാണ് സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. സ്ത്രീകള്‍ക്ക് മുമ്പുണ്ടായിരുന്ന ക്ഷമയും സഹനശക്തിയും കുറഞ്ഞുവരുന്നതാകണം ആത്മഹത്യകള്‍ കൂടുന്നതിന് കാരണം. എന്ത് ത്യാഗം സഹിച്ചും സ്വന്തം കുട്ടികളെ നല്ല നിലക്ക് എത്തിക്കുക എന്ന മനഃസ്ഥിതിക്ക് തന്നെ ഇന്ന് മാറ്റം വന്നിരിക്കുന്നു. സ്വന്തം അവകാശങ്ങളെയും അഭിമാനത്തേയും പറ്റിയുള്ള ബോധം അവരെ പീഡനങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നു. അതേസമയം, ഫലപ്രദമായ പരിഹാരം കണ്ടെത്തി ജീവിതം തുടരാനുള്ള മനശ്ശക്തിയോ സാഹചര്യമോ അവര്‍ക്ക് ലഭിക്കുന്നുമില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ബന്ധുക്കളും സമൂഹവും മിക്കവാറും പ്രതികൂലമായ നിലപാടാവും സ്വീകരിക്കുന്നത്. ഈ അവസ്ഥയില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന സ്വാഭിമാനം പീഡനങ്ങള്‍ക്കെതിരെ വികലമായി പ്രതികരിക്കുന്നു. അപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ പോലും കൊല ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് അവര്‍ എത്തിച്ചേരുന്നു.

കുടുംബപ്രശ്‌നങ്ങളാണ് (39 ശതമാനം) കേരളത്തില്‍ ഒട്ടുമിക്ക സ്ത്രീ ആത്മഹത്യകള്‍ക്കും കാരണം എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റൊരു കാരണം ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനമാണ്. ഇത്തരക്കാരുടെ കുടുംബത്തില്‍ ഉടലെടുക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബവഴക്ക്, ശാരീരിക- മാനസിക പീഡനങ്ങള്‍, സമൂഹത്തില്‍നിന്നും നേരിടേണ്ടിവരുന്ന മാനക്കേട്, കുടുംബത്തിലും സമൂഹത്തിലുമുള്ള ഒറ്റപ്പെടല്‍ എന്നിവ മദ്യപാനിയായ ഭര്‍ത്താവിനെ സഹിക്കുന്നതിനേക്കാള്‍ വലുതായിരിക്കും. ഒരു കൂട്ട ആത്മഹത്യക്ക് തന്നെ ഇത് വഴിയൊരുക്കാം. ഭര്‍ത്താവിന്റെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം കുടുംബത്തിന്റെ മുഴുവന്‍ ഭാരവും പലപ്പോഴും ഒരു വരുമാനവുമില്ലാത്ത വീട്ടമ്മയുടെ തലയില്‍ വീഴുന്നു. സംശയരോഗം, സ്വഭാവവൈകല്യങ്ങള്‍ എന്നിവ കൂടിയുള്ള ഭര്‍ത്താവാണെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നു.

അവിചാരിതമായുണ്ടാകുന്ന അത്യാഹിതങ്ങള്‍ (വേണ്ടപ്പെട്ടവരുടെ മരണം, അപകടങ്ങള്‍ തുടങ്ങിയവ), വ്യക്തിപരമായ നഷ്ടങ്ങള്‍ (വിവാഹമോചനം, പ്രേമനൈരാശ്യം തുടങ്ങിയവ), മാരകമോ, നീണ്ടുനില്‍ക്കുന്നതോ ആയ ശാരീരിക രോഗങ്ങള്‍ (സ്തനാര്‍ബുദം, അണ്ഡാശയാര്‍ബുദം, എച്ച് ഐ വി, എയ്ഡ്‌സ്), ദാമ്പത്യപ്രശ്‌നങ്ങള്‍, സ്ത്രീധന പ്രശ്‌നങ്ങള്‍, വ്യക്തിബന്ധങ്ങളിലെ പാളിച്ചകള്‍, സാമൂഹികമായ ഒറ്റപ്പെടല്‍, ദാരിദ്ര്യം, കടബാധ്യത, അവിഹിത ബന്ധങ്ങള്‍ എന്നിവയാണ് സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റ് കാരണങ്ങള്‍. അതേസമയം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീധന മരണങ്ങള്‍ വളരെ കുറവാണ്. 2010ല്‍ കേവലം 20 സ്ത്രീധന മരണങ്ങളേ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

(കോഴിക്കോട് കെ എം സി ടി മെഡി. കോളജ് സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകന്‍)
.