Connect with us

Kerala

നിപ്പ വൈറസ്: പ്രതിരോധിത്തിനിറങ്ങിയ എല്ലാവര്‍ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മേഖലയില്‍ നിപാ വൈറസ് പടര്‍ന്നു പിടിച്ചതിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവരേയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. രാജ്യത്ത് തന്നെ അപൂര്‍വ്വമായ വൈറസ് ബാധയെ വേഗത്തില്‍ തിരിച്ചറിയാന്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. വൈറസ് ബാധയെ ചെറുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ജനപ്രതിനിധികളും, പ്രതിപക്ഷ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറിന് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളും ശക്തമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. നിപാ വൈറസ് ബാധയെ പൂര്‍ണമായും ഒഴിവാക്കും വരെ ഈ സഹകരണം എല്ലാവരില്‍ നിന്നും ഉണ്ടാകണണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മേഖലയില്‍ നിപാ വൈറസ് പടര്‍ന്നു പിടിച്ചതിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവിഭാഗം ജനങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നു.

രാജ്യത്ത് തന്നെ അപൂര്‍വ്വമായ വൈറസ് ബാധയെ വേഗത്തില്‍ തിരിച്ചറിയാന്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. സംശയം ഉണ്ടായ ഘട്ടം മുതല്‍ ഈ ദിവസങ്ങളിലെല്ലാം സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒറ്റക്കെട്ടായി വൈറസ് ബാധയെ ചെറുക്കാന്‍ രംഗത്തെത്തി. ജനപ്രതിനിധികളും, പ്രതിപക്ഷ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറിന് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളും ശക്തമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
നിപാ വൈറസ് ബാധയെ പൂര്‍ണ്ണമായും ഒഴിവാക്കും വരെ ഈ സഹകരണം എല്ലാവരില്‍ നിന്നും ഉണ്ടാവണം.

നീപ വൈറസ് ബാധ സംശയം ഉയര്‍ന്നപ്പോള്‍ തന്നെ കേന്ദ്ര സഹായം തേടിയിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്രം പ്രത്യേകസംഘത്തെ സംസ്ഥാനത്തേക്ക് നിയോഗിച്ചു. കേന്ദ്ര സംഘത്തിന്റെ കൂടി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വേഗത്തില്‍ വൈറസ് ബാധ കണ്ടെത്തിയതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിനും കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി.

കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ട ദിവസങ്ങളാണ് മുന്നിലുള്ളത്. മനുഷ്യരാശിക്ക് നേരെ വരുന്ന ഇത്തരം വിപത്തുകളെ നേരിടാന്‍ മറ്റെല്ലാ വ്യത്യാസങ്ങളും മറന്ന് സമൂഹം ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഈ പ്രശ്‌നത്തെ നേരിടുന്നതിനുള്ള ശേഷിയും ആത്മവിശ്വാസവും നമ്മുടെ ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും ഉണ്ട്. തെറ്റായ പ്രചരണങ്ങളില്‍ കുടുങ്ങാതെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.