Connect with us

Kerala

കടിഞ്ഞാണില്ലാതെ ഇന്ധന വില; അറുതിയില്ലാതെ നികുതിക്കൊള്ള; പകുതിയിലധികവും കേന്ദ്ര, സംസ്ഥാന നികുതി

Published

|

Last Updated

 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുറിച്ച റെക്കോര്‍ഡ് വില പുതുക്കി ഇന്ധനവില മുന്നോട്ട്. പെട്രോളിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില (ലിറ്ററിന് 80.01) രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ വീണ്ടും വര്‍ധിച്ചു. 80.35 രൂപയാണ് ഇന്നലെ തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില. ഡീസലിന് 73.38 രൂപയായി ഉയര്‍ന്നു. ഇന്ധനവില ഏറ്റവും കൂടിയ തോതില്‍ പ്രതിഫലിക്കുന്ന വ്യവസായ നഗരമായ മുംബൈയില്‍ പെട്രോള്‍ വില 84 രൂപ കടന്ന് മുന്നേറുകയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. ആദ്യമായാണ് പെട്രോള്‍ വില സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ലീറ്ററിന് 80 രൂപ കടന്നുമുന്നേറിയത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 19 ദിവസം പ്രതിദിന ഇന്ധന വിലവര്‍ധന നിര്‍ത്തിവെച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം തുടച്ചയായി ഏഴാം ദിവസവും വില വര്‍ധിപ്പിക്കുകയായിരുന്നു. വരും ദിവസങ്ങളിലും വില കൂടിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

നിലവില്‍ ലിറ്റര്‍ പെട്രോളില്‍ നിന്ന് നികുതിയായി കേന്ദ്ര സര്‍ക്കാര്‍ 19.48 രൂപയും സംസ്ഥാന സര്‍ക്കാര്‍ 19.89 രൂപയുമാണ് ഈടാക്കുന്നത്. ഡീസലില്‍ ഇത് യഥാക്രമം 15.33 രൂപയും 14.58 രൂപയുമാണ്. ഇന്ധന വില ചരിത്രം കുറിച്ച സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ഉയരുന്ന ജനരോഷം തണുപ്പിക്കാന്‍ എക്‌സൈസ് തീരുവ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കുമെന്നാണറിയുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയവും പെട്രോളിയം മന്ത്രാലയവും കൂടിയാലോചിച്ച ശേഷം ഇത് നടപ്പാക്കാനാണ് തീരുമാനം.

എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതിയായി ഈടാക്കിയിരുന്നത്. നാല് വര്‍ഷത്തിനിടെ പതിമൂന്ന് തവണയാണ് ഇന്ധന വിലയുടെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വിലയുടെ 24.23 ശതമാനവും ഡീസല്‍ വിലയുടെ 20.89 ശതമാനവും നികുതിയായി പിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 23.49 ശതമാനവും ഡീസലിന് 19.81 ശതമാനവുമാണ് നികുതിയിനത്തില്‍ ഈടാക്കുന്നത്. നിലവില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയോളം കേന്ദ്ര, സസ്ഥാന സര്‍ക്കാറുകളുടെ നികുതികളാണ്. അതേസമയം, ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക പിന്തിരിഞ്ഞത് രാജ്യാന്തര എണ്ണ വിപണിയില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ എണ്ണ ഉത്പാദനം വളരെ കുറഞ്ഞ ഇന്ത്യ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest