Connect with us

Kasargod

റിയാസ് മൗലവി വധം; സര്‍ക്കാര്‍ നിലപാട് സംഘ് പരിവാറിനെ സംരക്ഷിക്കാനെന്ന് യൂത്ത് ലീഗ്

Published

|

Last Updated

കാസര്‍കോട്: മുഹമ്മദ് റിയാസ് മൗലവിയുടെ ഘാതകര്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന ഭാര്യയുടെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത സര്‍ക്കാര്‍ നിലപാട് ആര്‍ എസ് എസ്, സംഘ് പരിവാര്‍ സംഘങ്ങളെ സംരക്ഷിക്കാനാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും പറഞ്ഞു.

ജില്ലാ സെഷന്‍സ് കോടതിയില്‍ റിയാസ് മൗലവിയുടെ ഭാര്യയുടെ ഹരജി വന്നപ്പോള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസികൂട്ടര്‍ യു എ പി എ ചുമത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംഘ് പരിവാറിനെ ശക്തമായി എതിര്‍ക്കുന്നത് ഞങ്ങളാണെന്ന് പറയുന്ന സി പി എം നേതാക്കള്‍ റിയാസ് മൗലവി കൊലപാതകത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള നിലപാട് തുറന്ന് പറയാന്‍ തയ്യാറാകണം. ഇതിലൂടെ സി പി എമ്മിന്റെയും സര്‍ക്കാരിന്റെയും ഇരട്ട മുഖമാണ് വെളിവാകുന്നത്.
സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ മത്സരിക്കുന്ന പിണറായി സര്‍ക്കാര്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കേസുകളില്‍ ഈ വകുപ്പ് ചുമത്താന്‍ തയ്യാറാകത്തത് സംഘ് പരിവാര്‍ സംഘടനകളുമായുള്ള രഹസ്യബാന്ധവത്തിന്റെ തെളിവാണെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.