Connect with us

National

ദോക്‌ലാമിന് സമീപം ചൈനയുടെ വന്‍ സൈനിക വിന്യാസം; ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദോക്‌ലാമിന് സമീപം ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയുടെ സൈനിക പോസ്റ്റില്‍ നിന്ന് 81 മീറ്റര്‍ അകലെ, ഏഴ് ഹെലിപാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയും 10 കിലോമീറ്റര്‍ നീളമുള്ള റോഡും നിര്‍മിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് നിലകളുള്ള ടവറുകള്‍ക്ക് പത്ത് അടിയിലധികം ഉയരമുണ്ട്. പ്രദേശത്ത് പുതിയ റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.

ഡിസംബര്‍ രണ്ടാംവാരം പകര്‍ത്തിയ ഉപഗ്രഹദൃശ്യങ്ങളിലാണ് ഇന്ത്യക്ക് ഭീഷണിയായേക്കാവുന്ന നിര്‍മാണങ്ങളുടെ വിശദാംശങ്ങളുള്ളത്. ഭൂട്ടാനുമായുള്ള തര്‍ക്കമേഖലയിലാണ് ചൈനയുടെ പടയൊരുക്കം. ഇവിടെ കടന്നുകയറി റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം 73 ദിവസം നീണ്ടുനിന്നിരുന്നു.

ഇവിടെ സ്ഥിരം സേനയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ചൈനയുടെ നീക്കമെന്ന് കരുതുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ സംഘര്‍ഷനാളുകളില്‍ ചൈന നിര്‍മിച്ച താത്കാലിക സംവിധാനങ്ങളാണ് ഇവയെന്നും വാദമുണ്ട്. മേഖലയില്‍ നിന്ന് സൈനികര്‍ തിരിച്ചുപോയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷ കാലത്ത് അവര്‍ നടത്തിയ നിര്‍മാണങ്ങള്‍ നീക്കം ചെയ്തിട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശൈത്യകാലം കഴിഞ്ഞ് ചൈനീസ് സൈന്യം മടങ്ങിയെത്താന്‍ ഇടയുണ്ടെന്നും വേണ്ടിവന്നാല്‍ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest