Connect with us

Kerala

തോമസ് ചാണ്ടി വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാണ്ടിയുടെ രാജിക്കാര്യം പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് എന്‍സിപി നേതാക്കള്‍ തന്നെ അറിയിച്ചു. ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്ന് എന്‍സിപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തീരുമാനം വരുന്നവരെ കാത്തിരിക്കാമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

തോമസ് ചാണ്ടി പങ്കെടുത്താല്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ കത്ത് നല്‍കിയിരുന്നു. തീര്‍ത്തും അസാധാരണമായ സംഭവമാണത്. ഏത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുള്ള വേദിയാണ് മന്ത്രിസഭാ യോഗം. ഇതില്‍ മന്ത്രിമാര്‍ പങ്കെടുക്കാതിരിക്കുന്നത് പാടില്ലാത്ത കാര്യമാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ല. തോമസ് ചാണ്ടി നിലവില്‍ മന്ത്രിയാണ്. മന്ത്രിയായി ഇരിക്കുന്ന ആള്‍ക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.