Articles
ഇതിഹാസം പിറന്ന മണ്ണില്‍

2017 മാര്‍ച്ച് 26 നിലമ്പൂരില്‍ നിന്നും പാസഞ്ചര്‍ ട്രെയിന്‍ രാവിലെ ഷൊര്‍ണൂര്‍ ലക്ഷ്യമാക്കി കൂകിപ്പായുമ്പോള്‍ തസറാക്കെന്ന ഇതിഹാസഭൂമിയെ തൊട്ടറിയാന്‍ മുഹജിറെന്ന കഥാകൃത്തും ഞാനും വണ്ടിയില്‍ യാത്രക്കാര്‍. അങ്ങാടിപ്പുറം പിന്നിട്ട് രണ്ടാമത്തെ സ്‌റ്റേഷന്‍ പ രിധിയിലേക്ക് വണ്ടി ചൂളംവിളിച്ചെത്തുമ്പോഴേക്കും പാലക്കാടന്‍ ഭൂപ്രകൃതിയുടെ അടയാളമെന്നോണം അങ്ങിങ്ങായി ചില കരിമ്പനകള്‍ തലയുയര്‍ത്തി കാഴ്ചവട്ടത്തേക്ക് എത്തിയിരുന്നു. കേരളത്തിന്റെ റെയിവേ നഗരമായ ഷൊര്‍ണൂ രില്‍ സമയക്രമം പാലിച്ചെത്തിയ വണ്ടിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കോയമ്പത്തൂര്‍ എക്‌സ്പ്രസ്സില്‍ പാലക്കാട്ടേക്കും അവിടെ നിന്നു തസറാക്കിലേക്കുമുള്ള ബസ് പിടുത്തവുമായിരുന്നു മനസ്സുനിറയെ.
കരിമ്പനക്കൂട്ടങ്ങളെ തൊട്ടും തലോടിയും കിണാശേരിയും പിന്നിട്ട് തണ്ണീര്‍ പന്തലില്‍ നന്നും മീറ്ററുകള്‍ ഓടിയപ്പോഴേക്കും രവിക്ക് മുമ്പെന്നോ പരിചിതമായി തോന്നിയ കൂമങ്കാവില്‍ ഞങ്ങളും ബസ്സിറങ്ങി. തസറാക്കിലേക്കുള്ള സിമന്റ്കവാടവും കവലയിലെ ചായക്കടയും സംഗമിക്കുന്ന ആ സ്ഥലം, ഖസാക്കിനെ ഒന്നിലേറെ തവണ വായിച്ചതിനാലാവാം എനിക്കും പരിചിതമായി തോന്നി. ഏറുമാടങ്ങള്‍ പിന്നിട്ട് രവി നടകൊണ്ട വഴിയുടെ പുതിയ രൂപമായ ടാര്‍ പാകിയ നിരത്തിലൂടെ ഒരു കിലോമീറ്റര്‍ നടന്നുനീങ്ങിയപ്പോഴേക്കും ചെറിയൊരു വീടിന്റെ ഗെയ്റ്റില്‍ അപ്പുക്കിളി എന്നൊരു നെയിംബോര്‍ഡ് കണ്ടു. പിന്നെയധികം നടക്കേണ്ടിവന്നില്ല. ഇതിഹാസത്തിന്റെ ആസ്ഥാന ഭൂമികയായ തസറാക്കിന്റെ ഹൃദയഭാഗത്ത് ഏകാധ്യാപക വിദ്യാലയത്തിന്റെ തിരുമുറ്റത്ത് തന്നെയാണ് എത്തിച്ചേര്‍ന്നത്. മാര്‍ദവമില്ലാത്ത ചൂട് തസറാക്കിലേക്ക് പെയ്തിറങ്ങിത്തുടങ്ങിയ സമയം. കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറി ചുട്ട്പഴുത്ത് ചിറ്റൂര്‍ റോഡിന് ഇരുവശവുമായി പരന്നുകിടക്കുന്നു.
ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് സൃഷ്ടിച്ച “മക്കാണ്ടോ” പോലെ ഒ വി വിജയന്റെ വിരലും ചിന്തയും പ്രതിഭയും സമ്മിശ്രമായി സമ്മേളിച്ച് ലോകത്തിന് സമ്മാനിച്ച “ഖസാക്കിന്റെ ഇതിഹാസ”ത്തിന്റെ പൂര്‍വ സ്ഥലിയായ “തസറാക്കി”ലാണെന്ന നിര്‍വൃതിയില്‍ പിന്നെയൊരു ഓട്ടപ്രദിക്ഷണം തന്നെയായിരുന്നു. രവിയെന്ന കഥാപാത്രത്തിന്റെ സര്‍ഗാത്മകതയും സ്വകാര്യതയില്‍ അന്തര്‍ലീനമായിട്ടുള്ള മനുഷ്യസഹജമായ ദൗര്‍ബല്യതക്കും മൂകസാക്ഷിയായ ഞാറ്റുപുരയും കേറിയിറങ്ങുമ്പോള്‍ തൊട്ടടുത്ത് തന്നെയായി അല്ലാപിച്ചാ മൊല്ലാക്കയുടെ ഓത്തുപള്ളിക്കൂടമായ മദ്‌റസയും ഖസാക്കിലെ സുന്ദരി മൈമൂനയും ഒരുവേള രവി തന്നെയും അകംപൂകിയ രാജാവിന്റെ പള്ളിയും പള്ളിയങ്കണത്തില്‍ താമരക്കുളം എന്നറിയപ്പെട്ടിരുന്ന പായല്‍ മൂടിയ പള്ളിക്കുളവും മീനച്ചൂടിന്റെ വിങ്ങല്‍ ഏറ്റുവാങ്ങി കാത്തിരുന്നു. കാലം ഏല്‍പ്പിച്ച അനിവാര്യമായ മാറ്റത്തില്‍ കേരളത്തിന്റെ ഒട്ടുമിക്ക നാട്ടിന്‍ പുറങ്ങളും തിരിച്ചറിയാനാവാത്ത മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും വിജയന്റെ തൂലികയില്‍ നിന്നു ലോകസാഹിത്യത്തിന്റെ ഭൂപടത്തില്‍ അടയാളപ്പെട്ട തസറാക് അതിന്റെ പ്രാചീനതയും പൗരാണികതയും വലിയ പരിക്കുകളില്ലാതെ ഇന്നും നിലനിര്‍ത്തുന്നു.
മലയാള നോവല്‍ സാഹിത്യചരിത്രം ആരെഴുതിയാലും അതിനെ ഖസാക്കിനു മുമ്പും പിമ്പും എന്ന വേര്‍തിരിവിലൂടെയേ സമീപിക്കാനാവൂ. അത്രമാത്രം മലയാളിയുടെ അന്നേവരെയുള്ള നോവല്‍ സങ്കല്‍പങ്ങളെ ശൈലികൊണ്ടും അനുഭൂതികൊണ്ടും മാറ്റിമറിച്ച ഒന്നായിരുന്നു “ഖസാക്കിന്റെ ഇതിഹാസം.” ലോകത്തിന്റെ പല ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോള്‍ ഈ കൃതി സ്വീകാര്യമായതും ചരിത്രം. ആ ചരിത്രത്തിലേക്ക് ഇതിഹാസത്തിന്റെ മറ്റൊരു രൂപം കടന്നുവരുന്നതും കാണാന്‍ ഇതിഹാസ ഭൂമികയില്‍ സാധ്യമായി. ഈ നോവലിന്റെ കഥാപാത്രങ്ങളെല്ലാം കല്ലില്‍ കൊത്തിയെടുത്ത ശില്‍പങ്ങളുടെ ദൃശ്യവിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയായിരുന്നു അത്.
ഏക വിദ്യാലയത്തിനും ഞാറ്റുപുരക്കും വിജയന്‍ സ്മാരക മന്ദിരത്തിനും ഒക്കെ അടുത്തായി നീണ്ടുപരന്നു കിടക്കുന്ന വരണ്ടുണങ്ങിയ വയലിന്റെ ഒരു ഭാഗത്തായി കല്ലില്‍ നിന്നും വാര്‍ന്നു വീഴുന്ന അല്ലാപിച്ച മൊല്ലാക്ക മുതല്‍ സുന്ദരി മൈമൂനയും നൈജാമലിയും വെളിച്ചപ്പാടും എന്നുവേണ്ട അപ്പുക്കിളി വേട്ടയാടിപ്പിടിച്ചിരുന്ന തുമ്പികളും കുഞ്ഞാമിന കള്ളിപ്പാല് കൊടുത്ത് മദോന്മത്തമാക്കിയ ഓന്തുകളും…..എല്ലാമെല്ലാം ശില്‍പ്പികളുടെ കരവിരുതില്‍ തീര്‍ക്കപ്പെട്ടു കിടക്കുന്നു.
അങ്ങനെ ചരിത്രത്തിന്റെ ഒരു ദശാസന്ധിയില്‍ ഒ വി വിജയനെന്ന പ്രവചന സ്വഭാവമുള്ള ഒരെഴുത്തുകാരന്റെ തൂലികയില്‍ നിന്നു പിറന്നുവീണ “ഖസാക്കിന്റെ ഇതിഹാസത്തിന്റെ” ഭൂമികയിലൂടെ ഒരു ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങാന്നേരത്താണ് തസറാക്കിന്റെ ഹൃദയഭൂവില്‍ ഏകവിദ്യാലയത്തിനടുത്തായി ശിവദാസന്‍ എന്ന ഖസാക്കുകാരനെ പരിചയപ്പെടുന്നത്. കൂമങ്കാവില്‍ ബസ്സിറങ്ങി ഖസാക്കില്‍ എത്തിയ നാള്‍ മുതല്‍ രവിക്ക് താങ്ങും തുണയുമായി കൂടെയുണ്ടായിരുന്ന ശിവരാമന്‍ നായരുടെ ജീവിക്കുന്ന മകനാണ് ശിവദാസന്‍ എന്നറിഞ്ഞു. ഇദ്ദേഹത്തില്‍ നിന്നും ലഭിച്ച ഒരറിവാണ് വിജയന്‍ തസറാക്കില്‍ അധ്യാപികയായി എത്തിയ പെങ്ങളുടെ കൂടെ ഒരു മാസത്തോളം കാലംമാത്രമേ ഇവിടെ താമസിച്ചിട്ടുണ്ടാവൂ എന്നത്. അതിന്റെ ആധികാരികത എന്തോ ആകട്ടെ. വിജയനെപ്പോലുള്ള ഒരു മഹാപ്രതിഭക്ക് അതു തന്നെ ധാരാളം എന്നേ കരുതേണ്ടതുള്ളൂ.
ഖസാക്കിന്റെ മൊല്ലാക്ക താമസിച്ചിരുന്ന വീട് നില്‍ക്കുന്നിടത്ത് ഇപ്പോഴുള്ള ചെറിയ വീട്ടില്‍ മൊല്ലാക്കയുടെ പേരമകന്‍ അസ്ഹറുദ്ദീനേയും കാണാന്‍ അവസരം ഒരുക്കിത്തന്നത് ശിവദാസന്‍ തന്നെയായിരുന്നു. ദൂരെ ചെതലി മലയില്‍ നിന്നും ഉരുവംകൊണ്ട കാറ്റ് കരിമ്പനപ്പട്ടകളെ തഴുകി തസറാകിനെ ചൂടുപിടിപ്പിച്ച് പൊള്ളിച്ച് കൊണ്ടിരുന്ന സമയം കണ്ടുംകേട്ടും അനുഭവിച്ച ഒരു മതിഭ്രത്തില്‍ “മലയാളിയുടെ മക്കാണ്ടോ” ആയി അറിയപ്പെടുന്ന ഖസാക്കെന്ന മാന്ത്രിക ഭൂവില്‍ നിന്നും നിറഞ്ഞ മനസ്സോടെ മടങ്ങുമ്പോള്‍ ചിന്തകള്‍ക്ക് തിടം വെക്കുകയായിരുന്നു. സത്യത്തില്‍ എന്തായിരുന്നു ഖസാക്ക്? വായിച്ച് മതിവരാത്ത ഒരനുഭൂതി. ഒരമ്പത് കൊല്ലം മുമ്പുള്ള ഏതു നാട്ടിന്‍ പുറത്തും കണ്ടുവന്നിട്ടുള്ള കഥാപാത്രങ്ങള്‍. രവി മുതല്‍ മൊല്ലാക്ക, ഖാലിയാര്‍, കുപ്പുവച്ചന്‍, മൈമൂന, ശിവരാമന്നാലയര്‍, കുഞ്ഞാമിന, അപ്പുക്കിളി, തിത്തീബി, ചന്തുമ്മ…. ഇങ്ങനെ കുറെ പച്ച മനുഷ്യരെക്കൊണ്ട് തീര്‍ത്ത ലോക ക്ലാസിക്കില്‍ ഇടം പിടിക്കാവുന്ന ഒരു സൃഷ്ടി.
മനസ്സു നിറയെ ഈ വരികളായിരുന്നു മടക്കത്തില്‍. “പണ്ടുപണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവ ബിന്ദുക്കള്‍ നടക്കാനിറങ്ങി അസ്തമയത്തില്‍ ആറാടി നിന്ന ഒരു താഴ്‌വാരത്തില്‍ എത്തി. ഇതിന്റെ അപ്പുറം കാണേണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്‌വര, ഏട്ടത്തി പറഞ്ഞു ഞാനിവിടെത്തന്നെ നില്‍ക്കട്ടെ. എനിക്കു പോകണം. അനുജത്തി പറഞ്ഞു. അവളുടെ മുമ്പില്‍കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി. നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു. മറക്കില്ല. അനുജത്തി പറഞ്ഞു. മറക്കും. ഏട്ടത്തി പറഞ്ഞു. ഇതു കര്‍മ്മപരമ്പരയുടെ സ്‌നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.” ആദ്യപാഠങ്ങള്‍ എന്ന അധ്യായത്തിലെ വരികളാണിത്. ഒന്നോര്‍ത്താല്‍ ശരിയല്ലേ?
– ഒ വി വിജയന്‍ ഓര്‍മയായിട്ട് മാര്‍ച്ച് 31നു പതിനൊന്ന് വര്‍ഷം തികഞ്ഞു. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിജയന്‍ സ്മരണ പരിപാടികളാണ് തസറാക്കില്‍ ഈ വര്‍ഷം കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്നത്.