Connect with us

Articles

പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുമ്പോള്‍

Published

|

Last Updated

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത് വലിയ വാര്‍ത്തകള്‍ക്കിടം നല്‍കി. ഇപ്പോഴിതാ കൊച്ചി നഗരത്തില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട പുതിയ വാര്‍ത്തയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇതിനിടയില്‍ മൂന്ന് വയസ്സുകാരിയുടെയും എണ്‍പതിലെത്തിയ വൃദ്ധയുടെയും നിശബ്ദ വാര്‍ത്തകള്‍ വേറെയുമുണ്ട്. ഈ വാര്‍ത്തകളെല്ലാം അതിശയമോ ഞെട്ടലോ നമുക്കുണ്ടായിട്ടുണ്ടോ? ഉണ്ടാകില്ല. കാരണം ഞെട്ടല്‍ ഉണ്ടാക്കുന്ന നമ്മുടെ ശരീരത്തിലെ ഞരമ്പ് നഷ്ടപ്പെട്ടിരിക്കുന്നു. നിത്യവും പത്രങ്ങളിലും ചാനലുകളിലും തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ വരുമ്പോള്‍ അവഗണിക്കുകയല്ലാതെ എന്തു ചെയ്യും?

പീഡനവും മാനഭംഗവും കൂട്ട ബലാത്സംഗവും സംസ്‌കാരമായി മാറിക്കഴിഞ്ഞു. സൈ്വര്യമായി സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ കഴിയാത്ത അവസ്ഥ. എന്തു പറയാന്‍, സ്ത്രീകള്‍ ആശ്വാസം തേടിയെത്തുന്ന വനിതാ കമ്മീഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാരിയെ ശല്യം ചെയ്തതിന് നടപടി നേരിട്ടത് കഴിഞ്ഞ ദിവസമാണ്. പീഡിപ്പിക്കപ്പെടുന്നവരുടെ പ്രായം എത്ര എന്ന കണക്കില്ല. പിഞ്ചു കുഞ്ഞ് മുതല്‍ വൃദ്ധകളെ വരെ ഇരയാക്കുന്നു. പീഡിപ്പിക്കുന്നവര്‍ അന്യരാകണമെന്നുമില്ല. മാതാവും പിതാവും സഹോദരനും അമ്മാവന്‍മാരും വല്യച്ഛനും അധ്യാപകനും വില്ലന്മാരായി വരുന്നു. 13കാരിയെ അച്ഛനും അമ്മാവനും 15 വയസ്സുള്ള സഹോദരനും പീഡിപ്പിച്ച സംഭവം പുറത്തുവന്നല്ലോ.
സമൂഹത്തില്‍ ലൈംഗിക വൈകൃതമുള്ളവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ഇരകള്‍. ഇവരല്ലാത്തവരും ഇതിനു വിധേയരാവുന്നുണ്ട്. പീഡനങ്ങള്‍ ചിലപ്പോള്‍ കൊലപാതകങ്ങളിലും കലാശിക്കുന്നു. പീഡനങ്ങള്‍ക്കു ശേഷം കൊല ചെയ്യുന്നത് ചില ലൈംഗിക കുറ്റവാളികളുടെ രീതിയാണ്. പല തരത്തിലുള്ള ലൈംഗിക വൈകൃതങ്ങളുണ്ട്.ഏറ്റവും കൂടുതലായി കണ്ടുവരുന്ന രതിവൈകൃതങ്ങളില്‍ ഒന്നാണ് ഫ്രോട്ടറിസം. സ്ത്രീകളുമായി മുട്ടിയുരുമ്മിനിന്ന് അതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നതാണ് ഫ്രോട്ടറിസം. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു സംതൃപ്തി നേടുന്നവരാണ് എക്‌സിബിഷനിസ്റ്റുകള്‍. മറ്റൊരു രതി വൈകൃതമാണ് ഒളിഞ്ഞുനോട്ടം അഥവാ വോയറിസം. വീടുകളുടെ കിടപ്പറകള്‍, കുളിക്കടവുകള്‍, ബാത്ത് റൂം തുടങ്ങിയ ഇടങ്ങളില്‍ ഒളിഞ്ഞുനോക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നവരാണ് ഇവര്‍. മൃതശരീരവുമായി ബന്ധപ്പെട്ട് ലൈംഗികാനന്ദം കണ്ടെത്തുന്നത് സുവോഫീലിയ. മൃതദേഹം മാന്തിയെടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുട്ടികാലത്തു പീഡനത്തിനു വിധേയരായവര്‍ വളര്‍ന്ന് വരുമ്പോള്‍ മറ്റുള്ളവരെ പീഡിപ്പിക്കുന്നവരായിത്തീരുന്നു. ശൈശവ ബാല്യങ്ങളാല്‍ മറ്റുള്ളവരുടെ അവഗണനയും ക്രൂരതയും അനുഭവിച്ചു വളരുന്ന കുട്ടിയുടെ മനസ്സ് മൃദുല വികാരങ്ങള്‍ക്ക് പകരം നിഷേധാത്മക വികരങ്ങളായ കോപവും വെറുപ്പും കൊണ്ട് നിറയുന്നു. കുട്ടിക്കാലത്ത് തന്നെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ഈ വെറുപ്പ് പ്രകടിപ്പിക്കാന്‍ വ്യക്തി അശക്തനാണ്. അതുകാരണം ഈ കോപവും വെറുപ്പും കുട്ടി തന്റെ അടിമനസ്സിലേക്ക് അടിച്ചമര്‍ത്തുകയും അവ ക്രമേണ വ്യക്തിയുടെ ഉപബോധ മനസ്സിന്റെ ഭാഗമായിത്തീരുന്നു. ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഈ വെറുപ്പും കോപവും പ്രതികാര ചിന്തയും പിന്നീട് ക്രൂരതയായി ബോധപൂര്‍വമല്ലാതെ പുറത്തേക്കൊഴുകുന്നു.
കഴിഞ്ഞ കാലത്ത് അനുഭവിച്ച അവഗണനയുടെയും സ്‌നേഹശൂന്യതയുടെയും ഫലമായ പ്രതികാരം ഇപ്പോള്‍ തന്റെ സ്വാധീനത്തിലും നിയന്ത്രണത്തിലുള്ള വ്യക്തിയിലേക്ക് ഒഴിക്കുന്നു. ലൈംഗിക സംതൃപ്തി ലഭിക്കാത്തതിന്റെ ഇച്ഛാഭംഗം സാഡിസമായി രൂപാന്തരം പ്രാപിക്കുന്നതാണ്. കാരണം, സാഡിസത്തിലായാലും മസോക്കാസത്തിലായാലും അടിസ്ഥാനപരമായ ഒരു തരം ലൈംഗിക സംതൃപ്തിയാണേ്രത അവയില്‍ മുഴുകുന്നവര്‍ക്ക് ലഭിക്കുന്നത്. ഈ സ്വഭാവ വൈകൃതത്തെ ലൈംഗിക വൈകൃതങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന പഠനങ്ങള്‍ ലൈംഗിക പീഡനങ്ങളിലെ പൊതുവായ ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ലൈംഗികാതിക്രമങ്ങളിധകവും വീടുകളില്‍ വെച്ചാണ് നടക്കുന്നത്. ഭൂരിഭാഗം പീഡകരെയും ഇരക്ക് നേരത്തെ അറിയാമായിരിക്കും. അവരില്‍ മുഖ്യമായും കുടുംബാംഗങ്ങളോ ബന്ധുക്കളോ സൂഹൃത്തുക്കളോ കാമുകനോ ആയിരിക്കും. പീഡകരില്‍ മുന്നില്‍ ഒരാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടാവും. വിദ്യാഭ്യാസം കുറഞ്ഞവനും താണവരുമായുള്ളവരുമായിരിക്കും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നത്. പീഡിപ്പിക്കുന്നവരില്‍ മിക്കവാറും പതിനെട്ടിനും മുപ്പത്തിയഞ്ചും വയസ്സിനുള്ളിലുള്ളവരായിരിക്കും അധികവും. ലഭ്യത ആണ് ബലാല്‍കാരത്തിന് കാരണമാവുന്നത്. ഉദാഹരണത്തിന്. വിജനമായ സ്ഥലത്തോ ഒറ്റക്കോ കാണപ്പെടുന്നത് ബലാത്സംഗം സംഭവിക്കുന്നതിനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്നു. ലൈംഗികാതിക്രമണത്തിനും റാഗിംങിനും വഴിവെക്കുന്ന സാമൂഹിക ഘടങ്ങള്‍ വേറെയുമുണ്ട്. ചെറുപ്പത്തിലുണ്ടാവുന്ന ലൈംഗിക പീഡനങ്ങള്‍, മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന പീഡനങ്ങള്‍ തുടങ്ങിയവ ലൈംഗികാതിക്രമങ്ങള്‍ക്കുള്ള വാസന അധികരിക്കുന്നു. പീഡിപ്പിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും ഇത്തരം കയ്പു നിറഞ്ഞ ബാല്യമുണ്ടാകുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. റാഗിംങിന് വിധേയമായവരില്‍ കാണപ്പെടുന്ന ഒരു ചിന്താഗതിയാണ് ഇത്തരക്കാര്‍ക്കുണ്ടാവുക. താനനുഭവിച്ചത് മറ്റൊരാളും കൂടി അനുഭവിക്കണമെന്ന തോന്നലും വാശിയും മറ്റൊരാളെ പീഡിപ്പിക്കുന്നതിന് കാരണമാകുന്നു.

ലൈംഗികതയുടെ പാഠഭാഗങ്ങള്‍ പിഞ്ചുകുട്ടികള്‍ വരെ പകര്‍ത്തിയിരിക്കുന്നു. യു കെ ജി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കുളത്തില്‍ മുക്കിക്കൊന്നത് പത്ത് വയസ്സുകാരന്‍. അഞ്ച് വയസ്സുകാരിയെ കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചത് 13കാരന്‍. നാടിന്റെ ശാപമായ പീഡന പരമ്പരകളെ കുഞ്ഞുങ്ങള്‍ ചെറു തമാശയായി മനസ്സിലാക്കുന്നതിന് ആരെയാണ് നാം കുറ്റപ്പെടുത്തുക? ലൈംഗിക തൃഷ്ണ പിഞ്ചുകുട്ടികളുടെ മുതല്‍ പ്രായമായവരുടെ വരെ തലച്ചോറിലേക്ക് ഇഞ്ചക്ഷന്‍ ചെയ്യാനുതകുന്ന ലോകത്താണ് നാം ജീവിക്കുന്നത്. വിവരസാങ്കേതിക വിദ്യ വിവരക്കേട് നല്‍കുന്നു. സിനിമയിലും സീരിയലുകളിലും കാണിക്കുന്ന ബലാത്സംഗവും മറ്റു പീഡനങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജിവിതത്തെ പല തരത്തിലും വിപരീതമായി സ്വാധീനിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങേയറ്റത്തെ ശ്രദ്ധയോടെ പഠിപ്പിക്കേണ്ട ഒന്നാണ് ലൈംഗികത. എന്നാല്‍ വളരെ മോശമായ അവസ്ഥയിലാണ് മാധ്യമങ്ങള്‍ അതിനെ കൈകാര്യം ചെയ്യുന്നത്. വിവാഹ ശേഷം അനുഭവിക്കേണ്ടതും കാണേണ്ടതും അറിയേണ്ടതുമായവ, കൊച്ചു നാള്‍ മുതല്‍ കുട്ടികളുടെ മനസ്സില്‍ നിറഞ്ഞിരിക്കുന്നു. അതിനുള്ള സാഹചര്യങ്ങള്‍ ഇന്ന് വ്യാപകമാണല്ലോ. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ബാഗ് റെയ്ഡ് നടത്തിയാല്‍ ലഭിക്കുക അശ്ലീല സി ഡികളും പെന്‍ഡ്രൈവും മെമ്മറി കാര്‍ഡുകളുമാണ്. അത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം കൈമാറുന്നു. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ കമ്പ്യൂട്ടറിലിട്ട് കാണുകയോ മൊബൈലിലാണെങ്കില്‍ റൂമില്‍ വെച്ച് സ്വകാര്യമായി കാണുകയോ ചെയ്യുന്നു. ചിന്തയിലും മനസ്സിലും ലൈംഗിക ചിത്രം പതിയുന്നു. പിന്നെയത് അനുകരിക്കാന്‍ തുടങ്ങുന്നു. വിവേകത്തെ വികാരം കീഴ്‌പെടുത്തുന്നു. പരസ്യമായും രഹസ്യമായും കൊലപ്പെടുത്തിയും പീഡിപ്പിക്കുന്നു.
ലൈംഗികതയുടെയും അതിലൈംഗികതയുടെയും ലൈംഗിക വൈകൃതങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയുമൊക്കെ അതി പ്രസരത്തിനിടയിലാണ് നാം ജീവിക്കുന്നതെന്ന് ഓര്‍ക്കണം. ടി വി തുറന്നാല്‍ സിനിമയിലും സീരിയലിലും പരസ്യങ്ങളിലുമൊക്കെ അല്‍പ്പവസ്ത്രധാരികളും അര്‍ധനഗ്നകളും തിമര്‍ക്കുകയാണ്. ശരിയും തെറ്റും പൂര്‍ണമായും തിരിച്ചറിയാന്‍ മാത്രം ബുദ്ധിപരമായ പക്വതയിലും പാകതയിലും എത്തിയിട്ടില്ലാത്ത കുട്ടികള്‍ നിരന്തരം ഇത് കാണുന്നു. അതുകൊണ്ട് തന്നെ യുവാക്കള്‍ വളരെ നേരത്തെ തന്നെ ലൈംഗിക വേഴ്ചകളില്‍ ഏര്‍പ്പെടുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ആധുനിക സമൂഹത്തിന്റെ സംസ്‌കാരം ലൈംഗികത എന്നാക്കി മാറ്റിയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കുട്ടികളുടെയും കൗമാരക്കാരുടെയും ലൈംഗികതയെ സംബന്ധിച്ചുള്ള ധാരണകളിലും താല്‍പര്യങ്ങളിലുമാണ്.

ഇത്തരം വിഷയങ്ങളില്‍ മുമ്പ് 10 വയസ്സുള്ള കുട്ടിക്കുണ്ടായിരുന്ന അറിവ് ഇന്ന് 5-6 വയസ്സുള്ള കുട്ടിക്ക് ലഭിക്കുന്നു.
മാതാപിതാക്കളുടെ മൂന്നാം കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. മക്കളെ വളര്‍ത്തുമ്പോള്‍ പലതും അറിയേണ്ടതുണ്ട്. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക ബോധവത്കരണം നടത്തുക. അവരുടെ കൂട്ടുകാരായി മാറുക. ഇന്നത്തെ സാഹചര്യത്തില്‍ ഏതു രീതിയില്‍ പെരുമാറണമെന്ന് പഠിപ്പിക്കുക. വീട്ടിലെത്തുന്ന അന്യര്‍ക്ക് അകത്ത് കയറി നിരങ്ങാനുള്ള സ്വാതന്ത്ര്യം കൊടുക്കാതിരിക്കുക. സ്‌കൂളില്‍ നിന്നും മറ്റും ലഭിക്കുന്ന് കാര്യങ്ങള്‍ തുറന്ന് പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി വരുന്നവരോട് “നോ” പറയാനുള്ള ശക്തി പെണ്‍കുട്ടികള്‍ക്ക് കൊടുക്കുക. കുട്ടികളുടെ മനസ്സറിഞ്ഞ് പെരുമാറുകയും അവരെ സ്‌നേഹിക്കുകയും ചെയ്താല്‍ മക്കള്‍ കണ്‍കുളിര്‍മ നല്‍കുന്നവരാകും. അല്ലെങ്കില്‍, അവര്‍ കണ്ണീര് കുടിപ്പിക്കുകയും ചെയ്യും.